കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന്; ഒരുക്കങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി

Posted on: November 5, 2018 12:13 pm | Last updated: November 5, 2018 at 12:13 pm

കണ്ണൂര്‍: ഉദ്ഘാടനം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. ഡിസംബര്‍ ഒമ്പതിന് രാവിലെ പത്തിന് വിമാനത്താവളത്തിന്റെ ഔപചാരിക ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
ആഗമന, നിര്‍ഗമന ടെര്‍മിനലുകള്‍, ബാഗേജ് പരിശോധനാ സംവിധാനങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, സി സി ടി വി കണ്‍ട്രോള്‍ റൂം തുടങ്ങിയവ മുഖ്യമന്ത്രി നേരില്‍ കണ്ട് ക്രമീകരണങ്ങള്‍ വിലയിരുത്തി.

വിമാനത്താവളത്തിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നതിനായി സാജു തുരുത്തില്‍ തയ്യാറാക്കിയ 16.56 മീറ്റര്‍ നീളവും 11 മീറ്റര്‍ ഉയരവുമുള്ള തെയ്യരൂപം, മലബാറിലെ പ്രാദേശിക കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഹരീന്ദ്രന്‍ ചാലാട് ഒരുക്കിയ ചുവര്‍ ചിത്രങ്ങള്‍ എന്നിവയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ശേഷം വിമാനത്താവളം ഉദ്ഘാടനവുമായി ബന്ധപ്പെട്ട നടപടികളെ കുറിച്ച് മുഖ്യമന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കിയാല്‍ എം ഡി. വി തുളസീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഉത്തരമേഖലാ ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ, എസ് പി. ജി ശിവവിക്രം, വിമാനത്താവളം ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ കെ പി ജോസ്, ചീഫ് ഓപറേറ്റിംഗ് എന്‍ജിനീയര്‍ ഷിബുകുമാര്‍, സി ഐ എസ് എഫ് കമാന്‍ഡര്‍ ഡി എസ് ഡാനിയേല്‍ ധന്‍രാജ് മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.