കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മാര്‍ച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

Posted on: November 5, 2018 11:40 am | Last updated: November 5, 2018 at 12:08 pm

തിരുവനന്തപുരം: മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട്ടെ ചക്കോരത്ത്കുളത്തെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നടക്കാവ് വണ്ടിപ്പേട്ടയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവര്‍ നേതൃത്വം നല്‍കി.

മന്ത്രി കെ ടി ജലീല്‍ രാജിവെക്കും വരെ പ്രക്ഷോഭം നടത്തുമെന്ന് പി കെ ഫിറോസ് ഇന്നലെ പറഞ്ഞിരുന്നു. ബന്ധുനിയമന വിവാദം സംബന്ധിച്ച് യൂത്ത് ലീഗ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വസ്തു നിഷ്ഠമായ മറുപടിയല്ല ജലീലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ആരോപണം ഉന്നയിക്കുന്നവരെ കളിയാക്കുന്ന സമീപനമാണ് മന്ത്രിയുടേതെന്നും ഫിറോസ് പറഞ്ഞു.