ശബരിമല: ഇന്ന് വൈകുന്നേരം നട തുറക്കും; അക്രമ സാധ്യതയെന്ന് റിപ്പോര്‍ട്ട്; സമ്പൂര്‍ണ പോലീസ് നിയന്ത്രണം

Posted on: November 5, 2018 9:13 am | Last updated: November 5, 2018 at 11:26 am

തിരുവനന്തപുരം/പത്തനംതിട്ട: ചിത്തിര ആട്ട തിരുനാളിനായി ഇന്ന് നടതുറക്കാനിരിക്കെ ശബരിമലയുടെ നിയന്ത്രണം പൂര്‍ണമായി പോലീസ് ഏറ്റെടുത്തു. എരുമേലി, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ മേഖലകളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ ഏതെങ്കിലും യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ സുരക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, യുവതീ പ്രവേശം ഏതു വിധേനയും തടയുമെന്നാണ് വിവിധ ഹൈന്ദവ സംഘടനകളുടെ നിലപാട്. പോലീസ് നിയന്ത്രണം മറികടക്കാന്‍ 50 വയസ്സ് കഴിഞ്ഞ സ്ത്രീകളെ സന്നിധാനത്ത് എത്തിക്കാനും സംഘ്പരിവാര്‍ സംഘടനകള്‍ക്ക് പദ്ധതിയുണ്ട്. അക്രമ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സന്നിധാനത്തേക്കുള്ള മാധ്യമ പ്രവര്‍ത്തകരുടെ പ്രവേശനവും തടഞ്ഞു.

തുലാമാസ പൂജക്കായി നട തുറന്നപ്പോള്‍ അക്രമം നടത്തിയവരെ ശബരിമലയിലേക്ക് അടുപ്പിക്കില്ലെന്നാണ് പോലീസ് നിലപാട്. സംഘര്‍ഷങ്ങളിലെ പ്രതികളടക്കം പോലീസ് പട്ടികയിലുള്ളവര്‍ ശബരിമലയിലെത്തിയാല്‍ മുഖം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കാനുള്ള ‘ഫേസ് ഡിറ്റക്ഷന്‍’ സാങ്കേതികവിദ്യ ഒരുക്കിയിട്ടുണ്ട്. കമാന്‍ഡോകളടക്കം രണ്ടായിരത്തോളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
തുലാമാസപൂജക്ക് നട തുറന്ന ദിവസങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ പോലീസിന്റെ ഫേസ് ഡിറ്റക്ഷന്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് തയ്യാറാക്കിയ ആല്‍ബത്തില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുന്നവരും ഇതില്‍പ്പെടും.

അക്രമം നടത്തി പ്രശ്‌നം വഷളാക്കാന്‍ ശ്രമമുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചതായി പോലീസിന് വിവരമുണ്ട്. പരമാവധി ആളുകളെ സന്നിധാനത്തെത്തിച്ച് പ്രതിഷേധം കടുപ്പിക്കാന്‍ ബി ജെ പിയും വിവിധ ഹൈന്ദവ സംഘടനകളും നേരത്തെ തീരുമാനിച്ചിരുന്നു.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ സംസ്ഥാന നേതാക്കളെല്ലാം പത്തനംതിട്ടയില്‍ തമ്പടിച്ചാണ് കാര്യങ്ങള്‍ നീക്കുന്നത്. ഓരോ മേഖലയുടെയും ചുമതല ജനറല്‍ സെക്രട്ടറിമാര്‍ക്ക് നല്‍കിയാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.
യുവതീ പ്രവേശം അനുവദിക്കില്ലെന്ന കടുത്ത നിലപാടിനൊപ്പം നിരോധനാജ്ഞ ലംഘിച്ച് പ്രത്യക്ഷ സമരം നടത്താനും പദ്ധതിയുണ്ട്. ഭക്തരെ അധിക സമയം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന പോലീസ് നിലപാട് അംഗീകരിക്കാതെയാകും സമരം നടത്തുക. 50 കഴിഞ്ഞ സ്ത്രീകളെ സന്നിധാനത്ത് എത്തിച്ച് നാമജപ പ്രാര്‍ഥന യജ്ഞം നടത്താനും പദ്ധതിയുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് 50 വയസ്സ് കഴിഞ്ഞ വനിതാ പോലീസിനെ സന്നിധാനത്ത് വിന്യസിക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി അമ്പതോളം വനിതാ പോലീസുകാരെ പത്തനംതിട്ടയിലെത്തിച്ചു. എസ് ഐ, സി ഐ റാങ്കിലുള്ളവരാണ് കൂടുതല്‍ പേരും.
അതിനിടെ, നിലയ്ക്കലിന് മൂന്ന് കിലോമീറ്റര്‍ അകലെ ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് നിലയ്ക്കല്‍ വരെ പ്രവേശനം നല്‍കിയത്. പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തിവിട്ടിട്ടില്ല. നട തുറക്കുന്നത് ഇന്ന് ആയതിനാല്‍ അതിന് മുമ്പായി സന്നിധാനത്തേക്ക് കടത്തിവിടാമെന്നാണ് പോലീസ് അറിയിച്ചത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ഭക്തരെയും തടഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയോടെ മാത്രമേ ഭക്തരെ പ്രവേശിപ്പിക്കൂവെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീര്‍ഥാടകരെ കയറ്റുക. ദര്‍ശനം കഴിഞ്ഞ് സ്വാമി അയ്യപ്പന്‍ റോഡിലൂടെ മാത്രം മലയിറങ്ങാം.

ഇന്ന് വൈകുന്നേരം നട തുറക്കും
പത്തനംതിട്ട: ചിത്തിര ആട്ട തിരുനാളിനായി ഇന്ന് വൈകുന്നേരം അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് നട തുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല. ആട്ട ചിത്തിരയായ നാളെ രാവിലെ അഞ്ചിന് ക്ഷേത്രനട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും ഉണ്ടാകും.
കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവയും ചിത്തിര ആട്ട തിരുനാള്‍ വിശേഷ ദിനത്തില്‍ നടക്കും. അത്താഴ പൂജക്ക് ശേഷം രാത്രി പത്തോടെ ഹരിവരാസനം പാടിയാണ് നട അടക്കുക. ഇതിന് ശേഷം മണ്ഡലമാസ പൂജകള്‍ക്കായി ഈ മാസം 16ന് വൈകിട്ട് ക്ഷേത്ര നട തുറക്കും. അന്ന് ശബരിമല, മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങും നടക്കും. പുതിയ മേല്‍ശാന്തിമാരായിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക.