അടിച്ചുതകര്‍ക്കാം, നിരാശയുടെ ചിതല്‍പ്പുറ്റുകള്‍

അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം നാം കുട്ടികളേക്കാള്‍ വലിയ കുട്ടികളാണ്. നമുക്കേതാണ് പാകം എന്ന് അവന് നന്നായി അറിയാം. നമുക്കേകാത്തത് വാശിപിടിച്ച് നേടാനോ, അതിന്റെ പേരില്‍ ദുഃഖിച്ച് ആജീവനാന്ത നിരാശ പാട്ടമെടുക്കാനോ തുനിയുന്നത് ബുദ്ധിയല്ല. വാസ്തവത്തില്‍, സന്തോഷം ഉള്ളത് നമ്മുടെ ഉള്‍ത്തടത്തില്‍ തന്നെയാണ്. ഉള്ളിലുള്ള സാധനത്തെ പുറത്ത് തിരഞ്ഞാല്‍ പിടുത്തം കിട്ടുമോ? ഇല്ല!
വഴിവിളക്ക്
Posted on: November 4, 2018 8:19 pm | Last updated: November 4, 2018 at 8:19 pm

ഇന്നത്തെ ജീവിതരീതിയുടെ ഒരു സവിശേഷത, അധികപേരെയും പല രൂപത്തിലുള്ള സങ്കടങ്ങള്‍ കാര്‍ന്നുതിന്നുന്നു എന്നുള്ളതാണ്. എന്തോ ഒരു വേദന, ഒരു നിരാശ, ഒരു ദുഃഖം മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കുന്നു. എന്ത് ഇര കോര്‍ത്തിട്ടിട്ടും എത്ര അകലത്തില്‍ വലയെറിഞ്ഞിട്ടും സന്തോഷത്തിന്റെ ഒരു പരല്‍മീന്‍പോലും പിടുത്തം തരാതെ, ഊളിനീന്തി ഉള്‍ക്കടലിലെവിടെയോ മറഞ്ഞുപോവുകയാണ്.

വാസ്തവത്തില്‍, സന്തോഷം ഉള്ളത് നമ്മുടെ ഉള്‍ത്തടത്തില്‍ തന്നെയാണ്. ഉള്ളിലുള്ള സാധനത്തെ പുറത്ത് തിരഞ്ഞാല്‍ പിടുത്തം കിട്ടുമോ? ഇല്ല! ഒന്നോര്‍ക്കേണ്ടത്, നമ്മള്‍ ജീവിക്കുന്നത് സ്വര്‍ഗത്തില്‍ അല്ല എന്നുള്ളതാണ്. അവിടെയായിരുന്നെങ്കില്‍ സന്തോഷം മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ. മനസ്സിന് നേരിയ മുഷിപ്പുണ്ടാക്കുന്ന ഒരു കുത്തുവാക്കുപോലും അവിടെയേല്‍ക്കില്ല. നടന്നുപോകുമ്പോള്‍ നേര്‍ത്ത മുള്ളു പോലും കാലില്‍ തറയ്ക്കില്ല. എന്നാല്‍ മറ്റൊരു ലോകമുണ്ട്. നരകമാണത്! ആളിപ്പടരുന്ന തീ വീട്. വേദനമാത്രമേ അവിടെയുള്ളൂ. നാം ജീവിക്കുന്നത് അവിടെയുമല്ല. മറിച്ച് സ്വര്‍ഗനരകങ്ങളുടെ സമ്മിശ്രഭാവങ്ങളുള്ള ഈ ലോകത്താണ്. ഇവിടെ ചിരിയുണ്ട്, കരച്ചിലുണ്ട്, രാവുണ്ട്, പകലുണ്ട്, വെയിലുണ്ട്, മഴയുണ്ട്, ഇരുട്ടുണ്ട്, വെളിച്ചമുണ്ട്, കയറ്റമുണ്ട്, ഇറക്കമുണ്ട്. ഇവ ഓരോന്നിലും ഏറ്റവ്യത്യാസങ്ങളുമുണ്ട്.

മനസ്സിലാക്കേണ്ട കാര്യമിതാണ്; നമ്മെ സൃഷ്ടിച്ചത് നാമല്ല, അല്ലാഹുവാണ്. സ്വയം രൂപകല്പന ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍ നാം ഇങ്ങനെയൊന്നുമല്ല ആയിരിക്കുക. മറിച്ച് ഇതിനെക്കാള്‍ ശക്തരായ, ധീരരായ, സുന്ദരരായ, ധനികരായ രൂപത്തില്‍ നാം ഡിസൈന്‍ ചെയ്യുമായിരുന്നു. പക്ഷെ അങ്ങനെയൊരു അധികാരം കിട്ടിയില്ല. പല കാര്യങ്ങളിലേതു പോലുള്ള ചോയ്‌സ് സ്വന്തം കാര്യത്തില്‍ നമുക്കില്ല.

ഈ സത്യം അറിയാത്തതു കൊണ്ടാണ് പല മനസ്സുകളും വെറുതെ വെന്തു പതയ്ക്കുന്നത്. വിശദീകരിക്കാം: സ്വന്തം ആകാരത്തെ പറ്റിയുള്ള സൗന്ദര്യപരമായ ചിന്തകള്‍ പലരേയും പിടികൂടാറുണ്ട്; പ്രത്യേകിച്ച് സ്ത്രീകളെ. താന്‍ കാണാന്‍ കൊള്ളില്ലെന്നും വെളുപ്പില്ലെന്നും തുടിപ്പില്ലെന്നുമൊക്കെ ചിന്തിച്ച് അവര്‍ മനസ്സിനെ നാലുപാടും കരന്ന് മുളക് തേച്ചുവിടുന്നു. പുറത്ത് വെളുവെളുങ്ങനെ ചിരിക്കുമ്പോഴും ഉള്ളില്‍ മറമാടിയ നിരാശയുടെ കറുപ്പ് മുഖത്തിങ്ങനെ നിഴലിച്ചിരിക്കും. സത്യത്തില്‍, എന്തുമാത്രം ക്രൂരമാണ് ചിന്താചുറ്റിക കൊണ്ടുള്ള ഈ അടി. നമ്മള്‍ സ്വയം ചിന്തിച്ച് മുഷിപ്പിച്ച് കൊല്ലുകയാണ്. ഇങ്ങനെ ദുഃഖിച്ചിരുന്നതു കൊണ്ട് സൗന്ദര്യം കൂടുമോ? വെളുപ്പ് ഏറുമോ? ധനം കുമിയുമോ?

മനുഷ്യനെന്നാല്‍ ശരീരം മാത്രമല്ല. കാലികളെപ്പോലെ ഇറച്ചി തൂക്കിനോക്കിയല്ല മനുഷ്യന് വിലയിടുന്നത്. കഴിവും താത്പര്യവും ത്രാണിയും ആത്മാര്‍ഥതയുമുള്ള ആളെ സമൂഹത്തിന് ഇഷ്ടമാണ്. സമൂഹത്തിന് അവരെക്കൊണ്ട് ഒരുപാട് കാര്യങ്ങള്‍ കിട്ടാനുണ്ട്. മേനിക്കിന്ന് മിനുപ്പുണ്ടാവും. നാളെയത് ചുളിവ് വീണ് വാടും. മനസ്സങ്ങനെയല്ല. നല്ല മനസ്സ,് വിചാരിച്ചാല്‍ കൂടുതല്‍ നല്ലതായി മാറും, അതിന്റെ സൗന്ദര്യം ഏറിയേറി വരും.

ചിലരുടെ ദുഃഖം മക്കളെ ചൊല്ലിയാണ്. അതായത്, ദാമ്പത്യജീവിതത്തിന്റെ രതിസാന്ദ്രമായ ഉദയാസ്തമയങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും ഒരു കുഞ്ഞ് പിറക്കുന്നേയില്ല. ചികിത്സിക്കാനും സന്ദര്‍ശിക്കാനും ഇനിയൊരിടമില്ല. എന്നു കരുതി ദുഃഖക്കയത്തില്‍ മുങ്ങിനിന്നാല്‍ മക്കളുണ്ടാവുമോ?

തരേണ്ടവന്‍ അല്ലാഹു. അവന്‍ ഇപ്പോള്‍ തരാന്‍ തീരുമാനിച്ചിട്ടില്ലായിരിക്കാം. ഒന്നുകില്‍ വൈകിത്തരുമായിരിക്കും. എത്രയനുഭവങ്ങള്‍. അല്ലെങ്കില്‍ അതിലും മെച്ചപ്പെട്ട എന്തോ അവന്‍ നമുക്കായി കരുതിവച്ചുകാണും. മറ്റു ചിലര്‍ക്ക് കുട്ടി പിറന്നതാണ് പ്രശ്‌നം. കുട്ടിയെ കാണുമ്പോള്‍, ഓര്‍ക്കുമ്പോള്‍ മനസ്സ് നനഞ്ഞുപോവുന്നു. ഓടിച്ചാടി നടക്കേണ്ട പ്രായം. പക്ഷെ കിടന്ന കിടപ്പാണ് എപ്പോഴും. മിണ്ടില്ല. ചിരിക്കില്ല. കരയുകയുമില്ല. തല വീര്‍ത്തിട്ട.് വായില്‍ നിന്ന് ഒരു കേലവെള്ളം സദാ ഒലിച്ചിറങ്ങും. ഒന്നും രണ്ടുമൊക്കെ കിടക്കപ്പായയില്‍, അറിയുക പോലുമില്ല. കൈപിടിച്ച് കൂട്ടിനടക്കാന്‍, ബസില്‍/ തീവണ്ടിയില്‍ യാത്ര ചെയ്യാന്‍, ഹോട്ടലില്‍ കയറി ചായ വാങ്ങിക്കൊടുക്കാന്‍, ടെക്‌സ്റ്റൈല്‍സില്‍ കയറി ഇഷ്ടമുള്ള ഉടുപ്പെടുത്തു കൊടുക്കാന്‍, ബീച്ചും പാര്‍ക്കും കടലും കാടുമൊക്കെ കാണിച്ചു കൊടുക്കാന്‍ അതിയായ ആഗ്രഹമുണ്ട്. അവളുടെ സമപ്രായക്കാരൊക്കെ ബുക്കും ബാഗുമെടുത്ത് സ്‌കൂളിലേക്കു പോവുന്നതും വരുന്നതും കാണുമ്പോള്‍ കണ്ണ് നിറയുന്നു. ഈ സങ്കടമൊക്കെ എങ്ങനെയാണ് തീര്‍ക്കുക?
ഒരു കാര്യം പറയട്ടെ. നമുക്ക് വസ്തുതകളെക്കുറിച്ചുള്ള ബാഹ്യവിവരങ്ങളെയുള്ളൂ. ആന്തരിക രഹസ്യങ്ങള്‍ അറിയുന്നവന്‍ അവനാണ്. അവനനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുക. അങ്ങനെയാണ് നടക്കേണ്ടതും. ഒരുദാഹരണം ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് വളരെ അര്‍ജന്റായി തൊട്ടടുത്തുള്ള പട്ടണത്തില്‍ എത്തണം. ധൃതിപ്പെട്ട് ബസ് സ്റ്റോപ്പിലെത്തി. കാത്തുനിന്നിട്ടൊന്നും ബസ് വരുന്നില്ല. സാദാ നിലക്കാണെങ്കില്‍ അണ പൊട്ടിയപോലെ ബസ് വരുന്ന നേരമാണ്. കലി കയറി കൈ ഞെരിക്കുന്നു, കാലുരക്കുന്നു.

അപ്പോഴതാ ഒരു ബസ് വരുന്നു. പക്ഷേ അത്ഭുതം, അതൊരു പറക്കും തളികയെപ്പോലെ പാഞ്ഞകലുന്നു, നിര്‍ത്താതെ. പിന്നെയും കാത്തിരിപ്പ് തന്നെ. അതിനിടെ അരിശം മൂത്ത് നിങ്ങള്‍ കാര്‍ക്കിച്ചു തുപ്പി. വൈദ്യുതി പോസ്റ്റിന് കൈ കൊണ്ടിടിച്ചു. കൈ മടക്കി മസില്‍ ദൃഢത വെറുതെ പരിശോധിച്ചു. അപ്പോഴതാ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരു കെ എസ് ആര്‍ ടി സി മുക്കിയുംമൂളിയും വലിഞ്ഞുകയറി വരുന്നു. ഈരേഴ് പതിനാല് ലോകങ്ങളേയും ശപിച്ച് നിങ്ങള്‍ അതില്‍ കയറി അള്ളിപ്പിടിക്കുന്നു. അഞ്ച് മിനുട്ട് കഴിഞ്ഞതേയുള്ളൂ ബസ്സതാ നിര്‍ത്തുന്നു. ബഹളം. ആളുകള്‍ ഇറങ്ങിയോടുന്നു. നോക്കുമ്പോള്‍ മുന്നില്‍ പാഞ്ഞ ആ പറക്കും തളിക ട്രാവല്‍സതാ താഴ്ചയിലേക്ക് തലകുത്തിമറിഞ്ഞിരിക്കുന്നു. കൂട്ടക്കരച്ചിലുകള്‍, സ്ട്രച്ചറുകള്‍, ആംബുലന്‍സുകള്‍, പത്രക്കാര്‍, ചാനല്‍ ക്യാമറകള്‍!

നിങ്ങള്‍ക്ക് തിരക്കുണ്ടാകാം. പക്ഷെ, ആ ബസില്‍ കയറിയാല്‍ നിങ്ങളുടെ യാത്ര കേഷ്വാലിറ്റിയിലേക്കോ, മോര്‍ച്ചറിയിലേക്കോ ആകാം. ആയതിനാല്‍ ആ ബസ് നിങ്ങള്‍ക്കായി നിര്‍ത്തിത്തരാതെ പോയി. ഇതുപോലെയാണ് കാര്യങ്ങള്‍. മറ്റു ചിലപ്പോള്‍, നിങ്ങളുദ്ദേശിച്ച ബസ് ജസ്റ്റ് മിസ്സായതിനാല്‍ സങ്കടപ്പെട്ടിരിക്കുമ്പോഴായിരിക്കും തൊട്ടുപിറകെയായി ഒരു സൂപ്പര്‍ ഫാസ്റ്റ് കുതിച്ചെത്തുന്നത്. അത് കിട്ടിയത് കൊണ്ട് മാത്രം നിങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്താന്‍ കഴിഞ്ഞു. ഓര്‍ഡിനറി ബസില്‍ കയറിയിരുന്നെങ്കില്‍, ചടങ്ങിനെത്താന്‍ കഴിയില്ലെന്ന് മാത്രമല്ല, അതിന്റെ ഒച്ചുചലനത്തില്‍ മുഷിഞ്ഞ് നിങ്ങള്‍ ചത്തുപോകുമായിരുന്നു. ഇനിയും ചിലപ്പോള്‍, നിങ്ങളുടെ ഒരു സുഹത്തുണ്ടായിരിക്കും ബൈക്കിലോ കാറിലോ വന്ന് നിങ്ങളെ പിക്ക് ചെയ്യുന്നു.. പോകേണ്ടിടത്തെല്ലാം കൃത്യമായി അയാള്‍ എത്തിച്ചുതരുന്നു.

വേറെ ചിലപ്പോള്‍, പോക്കുമുടങ്ങുകയായിരിക്കും വേണ്ടത്. ഒരു സുഹൃത്ത് പറഞ്ഞത് കേള്‍ക്ക്! അച്ഛന്‍ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ ജോലിക്കാരനാണ്. ഒരു ദിവസം, അച്ഛന്‍ ഇട്ടുടുത്ത് പോകാന്‍ നില്‍ക്കവേ, അവന്‍ അച്ഛന്റെ തോളില്‍ കയറിപ്പിടിച്ചു. ഇന്ന് പോവേണ്ടച്ഛാ എന്ന് പറഞ്ഞ് തടഞ്ഞുനിര്‍ത്തി. ചാലിയാര്‍ പുഴയില്‍ ബോട്ട് മുങ്ങി തൊഴിലാളികള്‍ മരിച്ചത് അന്നായിരുന്നു. അതേ ബോട്ടില്‍ കയറേണ്ട ആളായിരുന്നു, ആ അച്ഛന്‍! അപ്പോള്‍, നിങ്ങള്‍ ചോദിക്കും കാര്യങ്ങള്‍ തിരിച്ചും സംഭവിക്കാറില്ലേ എന്ന്. ഉണ്ട്. അതാ പറഞ്ഞത് നമുക്ക് വസ്തുതകളുടെ ബഹിര്‍ഘടനകള്‍ മാത്രമേ അറിയൂ. അകം കിടപ്പ് അറിയില്ല.

നിങ്ങള്‍ ഒരു കപ്പലില്‍ യാത്ര ചെയ്യുകയാണ്. നടുക്കടലിലാണ് ഉള്ളത്. അപ്പോള്‍ നിങ്ങള്‍ പന്തികേടുള്ള ഒരു പണികാണുന്നു. ഒരുത്തനിരുന്ന്, കപ്പലിന് തുളയുണ്ടാക്കുന്നു! നിങ്ങളെന്ത് ചെയ്യും? അയാളെ കണക്കിന് കൈകാര്യം ചെയ്യും. ഇതൊരു ബാഹ്യതലമാണ്. പണ്ടൊരിക്കല്‍ ഇപ്പണി ചെയ്തിരുന്നു ഒരാള്‍. പക്ഷെ, അത് ചെയ്തതുകൊണ്ട് മാത്രമാണ്, ആ കപ്പലും അതിലെയാളുകളും രക്ഷപ്പെട്ടത്! എന്തുമാത്രം തെറ്റാണ് കൊലയെന്നത്. കള്ളനോ കൊള്ളക്കാരനോ ഒന്നുമല്ലാത്ത പ്രായപൂര്‍ത്തിപോലുമെത്താത്ത ഒരു ബാലനെയാണ് അങ്ങനെ അടിച്ചുകൊല്ലുന്നതെങ്കിലോ? നിങ്ങളവനെ വെറുതെ വിടുമോ? എന്നാല്‍ മുമ്പൊരാള്‍ അങ്ങനെ ഒരു കുട്ടിയെ തട്ടിക്കളഞ്ഞിരുന്നു. പക്ഷെ അങ്ങനെ അടിച്ചുകൊന്നത് കൊണ്ട് മാത്രമാണ് ആ കുട്ടിയും അവന്റെ മാതാപിതാക്കളും രക്ഷപ്പെട്ടത്!

നിങ്ങളൊരിടത്തെത്തി. അറിയാത്ത ദേശം. വിശപ്പ്, ദാഹം, ക്ഷീണം ഒക്കെയുണ്ട്, നിങ്ങള്‍ക്ക്. അപരിചിതരായ ആ നാട്ടുകാരോട് എന്തെങ്കിലും തരാന്‍ പറഞ്ഞു. ഒരാള്‍ പോലും ഉത്തരം നല്‍കിയില്ല. അങ്ങനെയിരിക്കെ, ഒരു വീടിന്റെ മതിലുണ്ട് ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായിരിക്കുന്നു. അതുകണ്ട, നിങ്ങളിലെ ഒരുവന്‍ പണിപ്പെട്ട് ആ മതില്‍ കെട്ടിക്കൊടുക്കുന്നു. പിരിലൂസ് എന്നാണ് അത്തരം പരിപാടിയെ നമ്മള്‍ പറയുക. പക്ഷെ, ആ ചെയ്തതില്‍ ഒരു മഹാന്‍ ഒളിച്ചിരിപ്പുണ്ട്. ഒരു നല്ല കുട്ടിക്കുള്ള നിധികുംഭമാണ് മതിലിനകത്ത് അയാള്‍ മറച്ചുപിടിച്ചത്, അതു സംരക്ഷിക്കാന്‍. ഈ കഥയുടെ വിശദാംശം ഇപ്പോള്‍ പറയുന്നില്ല. ഖുര്‍ആനില്‍ ഉള്ളതാണിത്. ഗുഹാവാസികളുടെ കഥ പറയുന്ന അധ്യായത്തില്‍. ഹസ്‌റത്ത് മൂസാ(അ)ഉം ഹസ്‌റത്ത് ഖിളര്‍ (അ)ഉം ആണ് ഇതിലെ ആളുകള്‍. വിശദഭാഗം നിങ്ങള്‍ക്ക് അന്വേഷിച്ച് കണ്ടുപിടിക്കാവുന്നതാണ്.

കുട്ടികളുടെ കാര്യം നിരീക്ഷിക്കുമ്പോള്‍ നമുക്ക് ഈ വിഷയം വേഗം മനസ്സിലാവും. പുറത്തഴിച്ചു വെച്ച വലിയവരുടെ ചെരുപ്പുകള്‍ കാലിലിട്ട് ഇതേപോലുള്ള ചെരുപ്പ് വേണമെന്ന് വാശിപിടിക്കാറുണ്ട് കുട്ടികള്‍. നമുക്കറിയാം അവര്‍ക്കത് ചേരില്ലെന്ന്. നമ്മുടെ കാര്യവും അങ്ങനെതന്നെ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം നാം കുട്ടികളേക്കാള്‍ വലിയ കുട്ടികളാണ്. നമുക്കേതാണ് പാകം എന്ന് അവന് നന്നായി അറിയാം. നമുക്കേകാത്തത് വാശിപിടിച്ച് നേടാനോ, അതിന്റെ പേരില്‍ ദുഃഖിച്ച് ആജീവനാന്ത നിരാശ പാട്ടമെടുക്കാനോ തുനിയുന്നത് ബുദ്ധിയല്ല.

നിങ്ങള്‍ക്ക് കുട്ടിയെ കിട്ടാത്തത് ഒരു പക്ഷേ നല്ലതിനായിരിക്കാം. കാരണം, ആ കിടക്കുന്ന കുട്ടിയെ നോക്കൂ. കുട്ടിയുണ്ടോ? ഉണ്ട,് പേരിന.് പക്ഷെ മക്കളെക്കൊണ്ട് കിട്ടുന്ന ആനന്ദം അതിനെക്കൊണ്ട് കിട്ടുന്നില്ലെന്ന് മാത്രമല്ല, ദാമ്പത്യജീവിതത്തിന്റെ മേലാപ്പില്‍ ഉദിച്ച കറുത്ത സൂര്യനായി നിരന്തരം മാതാപിതാക്കളെ വേദനിപ്പിക്കുന്നു. എപ്പോഴും അതിന്റെ അടുത്ത് ആള് വേണം. ബുദ്ധിയുറച്ചിട്ടില്ലെന്നു മാത്രമല്ല, ശരീരവും ചൊവ്വില്ല. ജീവിതത്തിലെ സര്‍വസുഖങ്ങളും പുറത്തേക്ക് വാര്‍ത്തിക്കളയുന്ന ഒരു പീപ്പയായി സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞ് മാറിയിരിക്കുന്നു. നേരെയാവും എന്ന പ്രതീക്ഷയുണ്ടോ? ഇല്ല. കൊല്ലാനൊക്കുമോ? അതുമില്ല. വല്ലാത്തൊരവസ്ഥ അല്ലേ?

ഒരു പക്ഷെ, ഇമ്മാതിരി ഒരു കുട്ടിയാണ് നിങ്ങള്‍ക്ക് പിറക്കുന്നതെങ്കിലോ? നിങ്ങളുടെ ജീവിതം സ്തംഭിച്ചു. സന്താന നൈരാശ്യം, മറച്ചുപിടിക്കാന്‍ നിങ്ങള്‍ക്ക് ഭര്‍ത്താവിനേയും കൂട്ടി ഊട്ടിയില്‍ പോവാം. ആഗ്രയില്‍ പോവാം. പക്ഷെ ഈ രൂപത്തിലുള്ള കുഞ്ഞ് പിറന്നാല്‍ നിങ്ങള്‍ സ്വന്തം വിട്ടിലെ സെന്‍ട്രല്‍ ജയിലിനകത്ത് തടവിലായി. ചിലപ്പോള്‍ അത്തരത്തിലുള്ള ഒരു വികലശിശുവിനെ ഓമനിക്കാനും സന്തോഷിപ്പിക്കാനുമുള്ള മാനസിക ശക്തിയും സാഹചര്യവും നിങ്ങള്‍ക്കുണ്ടായിക്കൊള്ളണമെന്നില്ല.

മക്കളെ കൊണ്ട് ഗതിമുട്ടിയ എത്ര മാതാപിതാക്കളുണ്ട്. ‘ഇവര്‍ ജനിച്ചില്ലായിരുന്നെങ്കില്‍’ എന്ന് പോലും മനസ്സാ പ്രാര്‍ഥിച്ചുപോകുന്നവരാണ്, ചിലര്‍. അവര്‍ ജീവിച്ചു, മക്കള്‍ക്ക് വേണ്ടി മാത്രമായി. പക്ഷെ, അവര്‍ക്ക് ചിറക് മുളച്ച് പറക്കാന്‍ തുടങ്ങിയപ്പോള്‍, മാതാപിതാക്കളുടെ മനസ്സമാധാനത്തേയും അവര്‍ പറത്തിക്കളഞ്ഞു. നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചു. മാഷമ്മാരുടെ മുമ്പില്‍ നാറ്റിച്ചു. പോലീസ് സ്റ്റേഷനിലും കോടതിയിലും കയറ്റിച്ചു. തെണ്ടികളുടെയും റൗഡികളുടെയും ലീഡര്‍മാരായി അവര്‍ വിലസി. മക്കള്‍ ഉണ്ടായത് കൊണ്ട് മാത്രം, ജീവിതം ചൂളയിലെ കനലായി എരിഞ്ഞുതീരുന്നവര്‍.
അതിനാല്‍ നിങ്ങള്‍ക്ക് കുഞ്ഞ് ഇല്ലാതിരിക്കുകയായിരിക്കും ഗുണപ്രദം. അപ്പോള്‍ ചോദിക്കാന്‍ തോന്നുന്നുണ്ടാവും. എങ്കില്‍ അത്തരമൊരു കുഞ്ഞിനെ എന്തിനാണ് അവന്‍ അവര്‍ക്ക് നല്‍കിയത് എന്ന്. അവര്‍ക്കതായിരിക്കും ഉചിതം. കാരണം അവര്‍ക്ക് നല്ല ത്യാഗബോധമുണ്ട്. അങ്ങേയറ്റത്തെ ക്ഷമാശീലവും. വളരെയധികം പുണ്യമുള്ള കാര്യമാണ് ക്ഷമ എന്നത്. ചിലപ്പോള്‍ ആ കുഞ്ഞിന് വേണ്ടി കൈക്കൊണ്ട ക്ഷമയുടെ പേരില്‍ അവര്‍ സ്വര്‍ഗസ്ഥരായേക്കാം. അവരുടെ പാരത്രിക മുക്തിക്ക് അല്ലാഹു ദാനം ചെയ്ത ഒരു നിദാനമായേക്കാം അത്.

ഭൗതിക വ്യാഖ്യാനങ്ങള്‍ക്കും ബൗദ്ധിക വിശകലനങ്ങള്‍ക്കുമപ്പുറം ഒരു പാട് കാര്യങ്ങളുണ്ട്. അതൊക്കെ അഖിലാണ്ഡകോടികളുടെ ഉടയതമ്പുരാന് വിട്ടുകൊടുക്കുക. പറഞ്ഞില്ലേ, നമ്മുടെ മക്കളെ പോയിട്ട്, നമ്മളെപ്പോലും ഡിസൈന്‍ ചെയ്യാനുള്ള അവകാശവും അവസരവും നമുക്കില്ല. കാറുകമ്പനിക്കും സോപ്പുകമ്പനിക്കുമൊക്കെ ഉദ്ദേശിക്കുന്ന രൂപത്തില്‍ കോട്ടിയും വളച്ചുമൊക്കെ ഉത്പന്നങ്ങളെ രൂപകല്പന ചെയ്യാവുന്നതാണ്. പക്ഷെ, നമ്മുടെ സൃഷ്ടിപ്പില്‍, മക്കളുടെ സൃഷ്ടിപ്പില്‍ അത്തരത്തിലുള്ള ഇടപെടലുകളൊന്നും സാധ്യമല്ല.

കപ്പ നടുന്നത് ശ്രദ്ധിച്ചുനോക്കൂ; മണ്ണില്‍ കുതിരികൂട്ടി ഒരു കമ്പ് കുത്തിനാട്ടി നമ്മളങ്ങ് പോരുകയാണ്. പുറത്ത് നിന്ന് വളവും വെള്ളവുമൊക്കെ ഒഴിച്ചുകൊടുത്തെന്നിരിക്കും. അല്ലാതെ, കപ്പ രൂപപ്പെടേണ്ടതിനായി മണ്ണിനുള്ളില്‍ നമുക്കിഷ്ടപ്പെട്ട രൂപത്തിലുള്ള കപ്പഅച്ചുകളൊന്നും (ചതുരക്കപ്പ, ത്രികോണകപ്പ, സിലിണ്ടര്‍ കപ്പ എന്നിങ്ങനെ) പൂഴ്ത്തിവെക്കുന്നില്ല. അങ്ങനെ വെച്ചാല്‍ അവ്വിധം കപ്പയൊട്ട് ഉണ്ടാകുകയുമില്ല. മനുഷ്യന്റെ കാര്യവും അങ്ങനെയാണ്. മനുഷ്യവിത്തിന്റെ കുഴമ്പുതുള്ളി മാംസമണ്ണില്‍ പൂഴ്ത്തി നമ്മള്‍ എഴുന്നേറ്റ് പോരുകയാണ്. അതെങ്ങനെ വളരണമെന്ന് തീരുമാനിക്കുന്നവന്‍ അവനാണ്. അല്ലാഹ്! അവന്റെയൊരു വചനം കേള്‍ക്കണോ നിങ്ങള്‍ക്ക്: ‘അവനിഷ്ടപ്പെട്ട രൂപത്തില്‍ ഗര്‍ഭപാത്രങ്ങളില്‍ നിങ്ങളെ രൂപപ്പെടുത്തുന്നവന്‍ അവന്‍- അല്ലാഹുവാണ്് ‘ (ഖുര്‍ആന്‍).