Connect with us

Prathivaram

അടിമകള്‍

Published

|

Last Updated

ഒരിക്കലും യോജിക്കാത്ത
രണ്ട് പദങ്ങളിലെ
ഭിന്നാക്ഷരങ്ങളില്‍ നിന്നാണ്
ഏകീകരണത്തിന്റെ
വിത്തെടുക്കേണ്ടത്.

പൂര്‍ണാര്‍ഥങ്ങളിലെത്താനുള്ള
വ്യഗ്രത കൊണ്ടാണ്
ചില്ലക്ഷരങ്ങളും
കൂട്ടക്ഷരങ്ങളും
വാടകക്കെടുക്കേണ്ടത്

പിന്നെ അക്ഷരങ്ങളുടെ
സങ്കലനമാണ്.
ഒറ്റ തുരുത്തില്‍
ഒരു പദത്തെ സൃഷ്ടിക്കുന്ന കൗതുകത്തെ
മഹേന്ദ്രജാലവിദ്യ പോലെ
വിസ്മയിപ്പിക്കണം.

അപ്പോള്‍ നിഷ്‌കാസിതരായ
മറ്റു അക്ഷരങ്ങളുടെ
വീര്‍പ്പുമുട്ടലും പ്രതിഷേധങ്ങളും
ചവിട്ടിയരച്ചും കഴുത്ത് ഞെരിച്ചും
ചുട്ടും തല്ലിയും കൊല്ലണം.

മാതാവിനെ കൊന്നവന്‍
വെള്ളം കുടിച്ച് ചാവട്ടെ എന്ന മട്ടില്‍
വീമ്പു പറയുമ്പോഴും
ഘാതകന്‍ താനെന്ന സത്യം
ഉലകമറിയാതെ ഒളിച്ചുവെക്കാന്‍
മിത്തുകള്‍ എന്ന പേരില്‍
കപടതയെ എഴുന്നള്ളിക്കണം.

മനസ്സിലായവന്‍ ഒച്ചയിടരുത്
ഇത് എന്റെത്, എന്റെ ചിട്ടകള്‍,
എന്റെ അഹങ്കാരം എന്നാണയിടണം.
എന്നിട്ട് നിശ്ശബ്ദനാവാന്‍
കല്‍പ്പിക്കണം.

തിരിച്ചറിവില്ലാത്തവര്‍
തനിക്ക് അടിമകളാവട്ടെ,
വിശ്വസ്തരായ അടിമകള്‍.

badshakavumpadi@gmail.com