Connect with us

International

യു എസില്‍ യോഗാ സെന്ററില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍: യു എസ് സംസ്ഥാനമായ ഫ്‌ളോറിഡയിലെ യോഗാ സ്റ്റുഡിയോയില്‍ വെടിവെപ്പ്. രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. കൊലയാളിയായ 40കാരന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മൂന്ന് പേര്‍ ആശുപത്രി വിട്ടു.

ഫ്‌ളോറിഡയുടെ തലസ്ഥാന നഗരമായ തല്ലാഹാസീയില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
സ്‌കോട് പോള്‍ ബിയെര്‍ലെ എന്നയാളാണ് കൊലയാളിയെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. 61കാരിയായ ഡോ. നാന്‍സി വാന്‍ വിസ്സെം, 21കാരിയായ മൗര ബിങ്ക്‌ലിയെന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്രമണം നടക്കുന്ന സമയം യോഗാ സെന്ററില്‍ നിരവധി പേരുണ്ടായിരുന്നെങ്കിലും അക്രമിയെ ഇവര്‍ ഒറ്റക്കെട്ടായി നേരിട്ടുവെന്ന് പോലീസ് അറിയിച്ചു. ഇതാണ് അത്യാഹിതം കുറക്കാന്‍ കാരണമായത്.

ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂനിവേഴ്‌സ്റ്റി അധ്യാപികയാണ് കൊല്ലപ്പെട്ട ഡോ. നാന്‍സി. ഇതേ യൂനിവേഴ്‌സ്റ്റിയിലെ വിദ്യാര്‍ഥിയാണ് മൗര. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് ഫ്‌ളോറിഡ മേയര്‍ വ്യക്തമാക്കി.
അമേരിക്കയില്‍ കഴിഞ്ഞയാഴ്ചയും വെടിവെപ്പുണ്ടായിരുന്നു. പെന്‍സില്‍വാനിയയിലെ ജൂത ആരാധനാലയമായ സിനഗോഗിലുണ്ടായ വെടിവെപ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
സിനഗോഗിനുള്ളിലേക്ക് പ്രവേശിച്ച അക്രമി പ്രാര്‍ഥനക്കിടെ വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Latest