മോദിക്കെതിരായ ‘ശിവലിംഗത്തിനു മുകളിലെ തേള്‍’ പരാമര്‍ശം; ശശി തരൂരിനെതിരെ അപകീര്‍ത്തിക്കേസ്

Posted on: November 3, 2018 7:34 pm | Last updated: November 4, 2018 at 10:29 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേളിനോട് ഉപമിച്ച് നടത്തിയ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ അപകീര്‍ത്തിക്കേസ്. ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബര്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തരൂരിന്റെ പ്രസ്താവന ശിവലിംഗത്തെ അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നും ബാബര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ബംഗളുരു ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലാണ് തരൂര്‍ പരാമര്‍ശം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ശിവലിംഗത്തിനു മുകളിലെ തേളെന്ന് ഒരു ആര്‍ എസ് എസുകാരന്‍ തന്നോട് പറഞ്ഞുവെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. ആര്‍ എസ് എസുകാരന്റെ പേരു വെളിപ്പെടുത്താതെയാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്.
‘പേരുവെളിപ്പെടുത്താത്ത ആര്‍ എസ് എസ് വൃത്തം പറഞ്ഞ അവഗണിക്കാന്‍ പറ്റാത്ത ഒരു ഉപമയുണ്ട്, ‘മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണ്, നമുക്ക് കൈകൊണ്ട് എടുത്തുമാറ്റാനുമാവില്ല, ചെരുപ്പുകൊണ്ട് തല്ലാനുമാവില്ല.’ – തരൂര്‍ പറഞ്ഞു.

നല്ല ഹിന്ദുക്കള്‍ അയോധ്യ ക്ഷേത്ര നിര്‍മാണത്തെ പിന്തുണക്കില്ലെന്ന ശശി തരൂരിന്റെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു. പരാമര്‍ശം ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനിടെ വിശദീകരണവുമായി അദ്ദേഹം രംഗത്ത് വരികയും ചെയ്തിരുന്നു.