അപകടമുണ്ടായപ്പോള്‍ വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ അല്ലെന്ന് ഭാര്യ ലക്ഷ്മി

Posted on: November 3, 2018 5:46 pm | Last updated: November 3, 2018 at 8:19 pm

തിരുവനന്തപുരം: അപകടമുണ്ടായപ്പോള്‍ വാഹനം ഓടിച്ചത് ബാലഭാസ്‌കറല്ലെന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി. ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നും ബാലഭാസ്‌കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. താനും മകള്‍ തേജസ്വിനിയും മുന്‍സീറ്റിലാണിരുന്നത്. ദൂര്‍ഘയാത്രകളില്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാറില്ലെന്നും ലക്ഷ്മി പോലീസിന് മൊഴി നല്‍കി.

അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജുനിന്റെ മൊഴി. തൃശൂര്‍ മുതല്‍ കൊല്ലം വരെ മാത്രമേ താന്‍ വാഹനം ഓടിച്ചിരുന്നുള്ളൂ. പിന്നീട് ബാലഭാസ്‌കറാണ് ഓടിച്ചത്. ലക്ഷ്മിയും മകളും മുന്‍സീറ്റിലാണിരുന്നത്. പിന്നിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നു താനെന്നും അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു.

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജംങ്ക്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തെ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. രണ്ടു വയസുകാരിയായ മകള്‍ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സക്കിടെയാണ് മരിച്ചത്.