സ്‌നേഹഭാഷണങ്ങള്‍ നിറയുന്ന ഷാര്‍ജ പുസ്തകമേള

ഗള്‍ഫ് കാഴ്ച
Posted on: November 3, 2018 4:10 pm | Last updated: November 3, 2018 at 4:10 pm

ഷാര്‍ജ: അനേകം ഗ്രന്ഥങ്ങളും എഴുത്തുകാരും പ്രസാധകരും വില്‍പനക്കാരും വായനക്കാരും ഒത്തു ചേരുന്ന വേദി എന്ന നിലയില്‍ നിന്ന് ഷാര്‍ജ പുസ്തകോത്സവം ഉദാത്തമായ പല തലങ്ങളിലേക്കും പടരുകയാണ്. സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും കടലില്‍ നീന്തിത്തുടിച്ചു ആത്മനിര്‍വൃതി കൊള്ളാന്‍ മിക്കവര്‍ക്കും കുറേ ദിവസങ്ങള്‍ ഒരുക്കുകയാണ് ഈ മേള. ഉദ്ഘാടനം കഴിഞ്ഞു ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെയും അറബ് പ്രമുഖരുടെയും വലയത്തില്‍ നടന്നു പോകുമ്പോള്‍ യാദൃച്ഛികമായി മന്ത്രി കെ ടി ജലീലിനെ കണ്ട സന്ദര്‍ഭം ഒരു ഉദാഹരണം.

പ്രോട്ടോകോള്‍ കണക്കിലെടുക്കാതെ ശൈഖ് സുല്‍ത്താന്‍ മന്ത്രി ജലീലിന് സമീപത്തേക്ക്. എപ്പോഴെത്തി എന്നും സുഖമായിരിക്കുന്നോ എന്നും കുശലാന്വേഷണം. ശൈഖ് സുല്‍ത്താന്‍ കേരളത്തില്‍ എത്തിയപ്പോള്‍ സംസ്ഥാന ഭരണകൂടത്തിന്റെ ചുമതലക്കാരന്‍ മന്ത്രി ജലീല്‍ ആയിരുന്നു. മൂന്നു ദിവസം ശൈഖിന്റെ കൂടെ ഉണ്ടായിരുന്നു. അതിന്റെ ഓര്‍മകള്‍ മാഞ്ഞു പോയിട്ടില്ലെന്ന് ശൈഖ് പറയാതെ പറയുകയായിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ കണ്ടപ്പോഴും ശൈഖിന് ഇതേ സ്‌നേഹവായ്പ്. കാന്തപുരത്തില്‍ നിന്ന് പുസ്തകം സ്വീകരിക്കാനും ശൈഖ് തയ്യാറായി. എം എ യൂസുഫലിയോട് ഏറെ നേരം കുശലാന്വേഷണം. ഒരു ഭരണാധികാരി എത്രത്തോളം മാനവിക ബോധം സൂക്ഷിക്കുന്നുവോ അത്രത്തോളം ആ രാജ്യം മഹത്വപ്പെടുമെന്നു വിവേക ശാലികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണാധികാരി കാണിക്കുന്ന സ്‌നേഹ വാത്സല്യം പുസ്തകമേളയുടെ മുഖമുദ്ര ആയി മാറുന്നുണ്ട്. തൃക്കോട്ടൂരിന്റെ കഥാകാരന്‍ യു എ ഖാദര്‍ ശാരീരിക അവശതകള്‍ക്കിടയിലും പുസ്തകോത്സവത്തിനു എത്തിയതും പലരോടും സ്‌നേഹം പങ്കിടാന്‍ തന്നെ. മലയാളത്തിലെ പുതിയ എഴുത്തുകാരെ കാണാനും ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കാനും അദ്ദേഹം ചക്രക്കസേരയില്‍ യാത്ര ചെയ്തു സമയം കണ്ടെത്തുന്നു. പലരുടെയും ആദരം ഏറ്റു വാങ്ങുന്നു.

എഴുത്തുകാരനും നടനുമായ ജോയ്മാത്യു ഏറെക്കാലം ദുബൈയില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാല് പുസ്തകങ്ങള്‍ വില്‍പനക്കുണ്ട്. പക്ഷേ അതിന്റെ പ്രചാരണത്തിനപ്പുറം ഓര്‍മ പുതുക്കാനും സ്‌നേഹം പങ്കുവെക്കാനുമാണ് അദ്ദേഹം സമയം ചെലവഴിച്ചത്. പുസ്തകമേളയിലെ ഓരോ നിമിഷങ്ങളും കടന്നു പോകുന്നത് ഇത്തരം ധന്യമായ മുഹൂര്‍ത്തങ്ങളിലൂടെ.
ഔദ്യോഗികമായല്ലാതെ, മലയാളത്തില്‍ നിന്ന് നിരവധി എഴുത്തുകാര്‍ എത്തിയിട്ടുണ്ട്. ദുബൈയിലും ഷാര്‍ജയിലുമുള്ള സ്‌നേഹിതരോ ബന്ധുക്കളോ ആണ് ക്ഷണിച്ചിരിക്കുന്നത്. കെ ജയകുമാര്‍ ഐ എ എസ്, രത്‌നാകരന്‍ മാങ്ങാട്,
എം ചന്ദ്രപ്രകാശ്, സുറാബ്, ശൈലന്‍, എ വി അനില്‍ കുമാര്‍ തുടങ്ങി എഴുത്തുകാരുടെ നീണ്ട നിരയുണ്ട്. കാലത്തു മുതല്‍ രാത്രി വരെ അവര്‍ സ്‌നേഹ ഭാഷണങ്ങളില്‍ മുഴുകുന്നു. സംവാദങ്ങളില്‍ അഭിരമിക്കുന്നു.

സാഹിത്യവുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പ് സംഘങ്ങള്‍ സജീവമാകുന്ന കാലം കൂടിയാണിത്. ‘നമുക്ക് പുസ്തകമേളയില്‍ കാണാം’ എന്ന സന്ദേശം വ്യാപകമായി പറന്നു നടക്കുന്നു. അതിന്റെ ചിറകിലേറി ചെറിയ കൂട്ടായ്മകളുടെ ചര്‍ച്ചകളും തമാശകളും പിണക്കങ്ങളും വേറെ. ഷാര്‍ജ പുസ്തകമേള സഹൃദയര്‍ക്കു തീര്‍ഥാടന കേന്ദ്രം കൂടിയായിരിക്കുന്നു. വായനക്കാര്‍ ഏറെ ആദരവോടെയാണ് ഓരോ സ്റ്റാളിലും കയറിയിറങ്ങുന്നത്.

ഗള്‍ഫ് മലയാളികളുടെ പുസ്തകങ്ങളെ അവര്‍ പ്രത്യേകം തലോടുന്നു. ചുംബിക്കുകയും പറ്റുമെങ്കില്‍ വിലകൊടുത്തു വാങ്ങുകയും ചെയ്യുന്നു. സഹോദര നിര്‍വിശേഷമായ അനുകമ്പ പ്രകടിപ്പിക്കുന്നു. പതിനായിരങ്ങളാണ് ഷാര്‍ജ എക്‌സ്‌പോ സെന്ററിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്.