എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വേ ഫലം; യുപിഎയുടെ സാധ്യത കൂടി

Posted on: November 3, 2018 12:08 pm | Last updated: November 3, 2018 at 4:23 pm

ന്യൂഡല്‍ഹി: അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വേ ഫലം. റിപ്പബ്ലിക് ടിവി- സീ വോട്ടര്‍ പ്രവചനത്തിലാണ് എന്‍ഡിഎയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന ഫലം വന്നിരിക്കുന്നത്. ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎക്ക് പരമാവധി 261 സീറ്റുകളെ ലഭിക്കുവെന്നാണ ് സര്‍വേ ഫലം പറയുന്നത്. ഒരു മാസം മുമ്പ് 276 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരുന്നിടത്താണ് ഇപ്പോള്‍ പുതിയ ഫലം വന്നിരിക്കുന്നത്.

അതേ സമയം യുപിഎ 112 സീറ്റില്‍നിന്നും 119 സീറ്റിലേക്ക് സാധ്യത വര്‍ധിപ്പിച്ചു. എന്‍ഡിഎക്കും യുപിഎക്കും പുറത്തുനിന്നുള്ള കക്ഷികള്‍ക്കെല്ലാംകൂടി 163 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. സഖ്യസാധ്യതകള്‍ കണക്കിലെടുക്കാതെയാണിത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന,യുപി എന്നിവിടങ്ങളിലെ പ്രതിപക്ഷ ഐക്യമാകും ജനവിധി നിര്‍ണയിക്കുകയെന്നും സര്‍വെ ഫലം സൂചന നല്‍കുന്നുണ്ട്. കേരളത്തില്‍ യുഡിഎഫ് 16 സീറ്റും എല്‍ഡിഎഫ് നാല് സീറ്റും നേടുമെന്നാണ് സര്‍വേ ഫലം പറയുന്നത്.