Connect with us

National

അയോധ്യ: മോദി സര്‍ക്കാറിനെ വലിച്ച് താഴെയിടണമെന്ന് ഉദ്ധവ് താക്കറെ

Published

|

Last Updated

മുംബൈ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രക്ഷോഭം നടത്തേണ്ട സാഹചര്യമുണ്ടാകുകയാണെങ്കില്‍ മോദി സര്‍ക്കാറിനെ വലിച്ചുതാഴെയിടണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആര്‍എസ്എസിനോട് ആവശ്യപ്പെട്ടു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രക്ഷോഭത്തിനിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നരേന്ദ്ര മോദിക്കെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചു. സംഘപരിവാര്‍ അജന്‍ഡകള്‍ മുഴുവന്‍ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ഉദ്ധവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച വിഷയം കണക്കിലെടുത്തിട്ടില്ല. ക്ഷേത്ര നിര്‍മാണത്തിനായി ശിവസേന പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചതോടെയാണ് ആര്‍എസ്എസ് പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങിയതെന്നും ഉദ്ധവ് പറയുന്നു.

രാമക്ഷേത്രത്തിനായി ആവശ്യമെങ്കില്‍ 1992ലേതുപോലുള്ള പ്രക്ഷോഭം നടത്തുമെന്നും ഇതിനായി അനന്തമായി കാത്തിരിക്കാനാകില്ലെന്നും ആര്‍എസ്എസ് സര്‍ കാര്യവാഹ് സുരേഷ് ജോഷി നേരത്തെ പ്രതികരിച്ചിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഉദ്ധവ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സുരേഷ് ജോഷി സംഘടനാ നിലപാടറിയിച്ചത്.

രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം ഓര്‍ഡിനന്‍സ് കൊണ്ടുവരണം. അല്ലെങ്കില്‍ 1992 ആവര്‍ത്തിക്കുമെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്.

Latest