അക്ബറിനെതിരെ വീണ്ടും പീഡനാരോപണം; ഇത്തവണ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക

Posted on: November 2, 2018 12:30 pm | Last updated: November 2, 2018 at 1:12 pm

ന്യൂഡല്‍ഹി: മീ ടു ആരോപണത്തിനൊടുവില്‍ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന എംജെ അക്ബറിനെതിരായ പീഡന ആരോപണങ്ങള്‍ തുടരുന്നു. ഇത്തവണ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നാഷണല്‍ പബ്ലിക് റേഡിയോയിലെ മാധ്യമ പ്രവര്‍ത്തകയായ പല്ലവി ഗൊഗോയ് ആണ് തന്നെ അക്ബര്‍ പീഡിപ്പിച്ചതായി ആരോപിച്ചത്.

പത്ത് വര്‍ഷം മുമ്പ് അക്ബര്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരിക്കെ താനും അവിടെ ജോലി ചെയ്തിരുന്നു. തന്റെ ചുമതലയുണ്ടായിരുന്ന ഒരു പേജിനെ പ്രശംസിച്ച് അക്ബര്‍ തന്നെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചുവെന്നും താന്‍ അക്ബറിനെ തള്ളിമാറ്റി ഇറങ്ങിയോടുകയുമായിരുന്നുവെന്നും പല്ലവി ട്വിറ്ററില്‍ കുറിച്ചു. മാസങ്ങള്‍ക്ക് ശേഷം വീണ്ടും കൂടുതല്‍ മോശമായ അനുഭവം അക്ബറില്‍നിന്നുണ്ടായി. പിന്നീട് പേജിന്റെ ലേ ഔട്ടിനെക്കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇപ്പോള്‍ ഇത് പറയുന്നത് സത്യം തുറന്നു പറയാന്‍ മുന്നോട്ട് വന്നവര്‍ക്കുള്ള പിന്തുണയാണെന്നും പല്ലവി പറയുന്നു. നിലവില്‍ 12 പേരാണ് അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്.