39 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നവംബര്‍ 29ന് ഉപതിരഞ്ഞെടുപ്പ്

Posted on: November 1, 2018 8:34 pm | Last updated: November 1, 2018 at 8:34 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നവംബര്‍ 29ന് ഉപതിരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 27 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും പത്തനംതിട്ട ജില്ലയിലെ രണ്ടും എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇവിടങ്ങളില്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നു. നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 12 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 13ന് സൂക്ഷ്മ പരിശോധന. 15 വരെ പിന്‍വലിക്കാം. നവംബര്‍ 30ന് വോട്ടെണ്ണല്‍ നടക്കും.