Connect with us

Kerala

വസ്ത്രധാരണത്തെ പരിഹസിക്കുന്നു; പോലീസ് മാന്യമായി പെരുമാറണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

Published

|

Last Updated

കൊച്ചി: കേസുകളുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുന്ന അവസരങ്ങളില്‍ പോലീസ് കക്ഷികളോട് മാന്യമായി പെരുമാറണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ. എറണാകുളത്ത് ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ കേസുകള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം. പോലീസ് അപമര്യാദയായി പെരുമാറുന്നുവെന്നുള്ള നിരവധി പരാതികള്‍ കമ്മീഷനു മുന്നിലെത്തുന്നുണ്ട്. വസ്ത്രധാരണം, ജാതി, വിശ്വാസം തുടങ്ങിയവയെ പോലീസ് പരിഹസിക്കുന്നതു സംബന്ധിച്ചാണ് മുഖ്യമായും പരാതികള്‍. തെളിവെടുപ്പ് നടത്തുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കണം. തെളിവെടുപ്പിന് വിളിക്കുന്നവരോട് കുറ്റവാളികളോടെന്നപോലെ സംസാരിക്കരുത്. അത് മാനസിക വിഷമത്തിനോ മനോനില തെറ്റാനോ ഇടയാക്കും. നിലവിലെ സാഹചര്യം തുടരുന്നപക്ഷം കമ്മീഷന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുമെന്നും അദ്ദേഹം അറിയിച്ചു.

ഈരാറ്റുപേട്ടയില്‍ മുഹിയുദ്ദീന്‍ ജുമുഅ മസ്ജിദിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന നഗരസഭയുടെ കശാപ്പുശാലയില്‍ നിന്നുള്ള മൃഗാവശിഷ്ടങ്ങളും ദുര്‍ഗന്ധവും മലിനജലവും മസ്ജിദിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് കമ്മീഷന് ലഭിച്ച പരാതിയില്‍ നഗരസഭാ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒക്‌ടോബര്‍ 15ന് കശാപ്പുശാല അടച്ചുപൂട്ടിയതായി ചെയര്‍മാന്‍ അറിയിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി ടെക് അഞ്ചാം സെമസ്റ്റര്‍ പരീക്ഷാഫലം വൈകുന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയില്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ഫലം ഉടന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ വര്‍ക്കറായി ജോലിചെയ്തുവരവേ മീറ്ററില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് ജോലിയില്‍ നിന്ന്് പിരിച്ചുവിടുകയും ചെയ്തതിനെ തുടര്‍ന്ന് പെന്‍ഷന്‍, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതായി പട്ടിമറ്റം സ്വദേശി നല്‍കിയ പരാതിയില്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. ഇദ്ദേഹത്തിന് കംപാഷനേറ്റ് അലവന്‍സ് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.

Latest