ബാത്ത് റൂം ബ്രഷ് ഉപയോഗിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കി: അങ്കണ്‍വാടി ഹെല്‍പ്പര്‍ അറസ്റ്റില്‍

Posted on: October 31, 2018 11:39 pm | Last updated: October 31, 2018 at 11:39 pm

കോട്ടയം: അങ്കണ്‍വാടി ഹെല്‍പ്പര്‍ ബാത്ത് റൂം ബ്രഷ് ഉപയോഗിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കിയെന്ന പരാതിയില്‍ ഹെല്‍പ്പര്‍ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായ ഇവരെ കോടതിയില്‍ ഹാജരാക്കി. വേളൂര്‍ പതിനാറില്‍ ചിറയിലെ 126ാം നമ്പര്‍ അങ്കണ്‍വാടിയിലെ ഹെല്‍പ്പറും ചന്തക്കടവ് സ്വദേശിനിയുമായ യുവതിക്കതിരെയാണ് വെസ്റ്റ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കുട്ടികള്‍ പ്രാഥമിക കൃത്യങ്ങള്‍ ക്ലാസ് മുറിയില്‍ നിര്‍വഹിച്ചു.

ഇതില്‍ ക്ഷുഭിതയായ ഹെല്‍പ്പര്‍ ബാത്ത്‌റൂമിലെ ക്ലോസറ്റ് കഴുകുന്ന ബ്രഷ് ഉപയോഗിച്ച് കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കുകയായിരുന്നു. ഇതില്‍ ഒരു കുട്ടിക്ക് സ്വകാര്യ ഭാഗത്ത് മുറിവേല്‍ക്കുകയും അണുബാധ ഉണ്ടാകകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതിയുമായി വെസ്റ്റ് സി ഐ നിര്‍മ്മല്‍ ബോസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പിങ്ക് പട്രോളിംഗ് സംഘം അങ്കണ്‍വാടിയിലെത്തി ഹെല്‍പ്പറെ കസ്റ്റഡിയില്‍ എടുത്തു. മാതാപിതാക്കള്‍ മൊഴിയില്‍ ഉറച്ചുനിന്നതിനാല്‍ ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.