Connect with us

Kerala

ശബരിമല സംഘര്‍ഷം: ജാമ്യമില്ലാ കുറ്റം ചുമത്തിയ 350 പേര്‍ ഒളിവില്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ള 350 പേര്‍ ഒളിവിലെന്ന് പോലീസ്. ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത 350 പേരാണ് ഒളിവിലുള്ളത്. 531 കേസുകളിലായി ഇതുവരെ അറസ്റ്റിലായിട്ടുള്ളത് 3,557 പേരാണെന്നും പോലീസ് വ്്യക്തമാക്കി. അതേസമയം ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്കു ശബരിമല നട തുറക്കുമ്പോള്‍ സംസ്ഥാന വ്യാപകമായി ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മൂന്നാം തീയതി മുതല്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിതപോലീസടക്കം 1,500ലേറെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പമ്പയുടെ ചുമതലയില്‍ ഐജി എസ് ശ്രീജിത്തിന് പകരം എംആര്‍ അജിത് കുമാറിനെ നിയോഗിച്ചു.

തുലാമാസ പൂജക്കായി നടതുറന്നപ്പോഴുള്ള സംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന വിലയിരുത്തലിലാണു ഡിജിപിയുടെ ജാഗ്രതാ നിര്‍ദേശം. തീര്‍ഥാടകരെയോ വാഹനങ്ങളോ വഴിതടഞ്ഞുള്ള പരിശോധന അനുവദിക്കരുത്. എല്ലാ ജില്ലയിലും പരമാവധി പോലീസ് സേനയെ വിന്യസിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള സന്ദേശത്തില്‍ നിര്‍ദേശിച്ചു.എരുമേലിയിലും വടശേരിക്കരയിലും ഓരോ എസ്പിമാരുടെ നേതൃത്വത്തില്‍ 100 പോലീസ് ഉദ്യോഗസ്ഥര്‍ വീതം അണിനിരക്കും. വനിതാ ബറ്റാലിയനിലെ അംഗങ്ങളെ കൂടാതെ വിവിധ ജില്ലകളില്‍നിന്നായി 45 വനിതാ പോലീസുകാരോടും തയ്യാറാകാന്‍ നിര്‍ദേശം നല്‍കി. ഐജി മനോജ് എബ്രാഹാമിനാണു പൂര്‍ണ മേല്‍നോട്ട ചുമതല.