അര്‍ജുന രണതുംഗ അറസ്റ്റില്‍

Posted on: October 29, 2018 5:47 pm | Last updated: October 29, 2018 at 9:42 pm

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മുന്‍ പെട്രോളിയം മന്ത്രിയുമായിരുന്ന അര്‍ജുന രണതുംഗ അറസ്റ്റില്‍. അംഗരക്ഷകന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. രാഷ്ട്രീയ അട്ടിമറിക്ക് ശേഷം ശ്രീലങ്കയില്‍ നടക്കുന്ന ആദ്യ പോലീസ് നടപടിയാണിത്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പക്ഷക്കാരനാണ് രണതുംഗ. ഉച്ചയോടെയാണ് ഔദ്യോഗികവസതിയിലെത്തി കൊളംബോ ക്രൈം വിഭാഗം രണതുംഗെയെ അറസ്റ്റ് ചെയ്തതെന്ന് വക്താവായ റുവാൻ ഗുണശേഖര പറഞ്ഞു.

ഇന്നലെയാണ് അറസ്റ്റിനിടയാക്കിയ സംഭവമുണ്ടായത്. സിരിസേനയുടെ അനുയായികള്‍ നടത്തിയ പ്രതിഷേധത്തിനിടെ സിലോണ്‍ പെട്രോള്‍ കോര്‍പറേഷന്റെ ഓഫീസിലേക്ക് രണതുംഗക്ക് പ്രവേശനം തടസ്സപ്പെടുത്തിയപ്പോഴാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അംഗരക്ഷകനെ പിന്നീട് അറസ്റ്റ് ചെയ്തു.

1996 ശ്രീലങ്കക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് രണതുംഗ. 93 ടെസ്റ്റില്‍ നിന്ന് 5105 റണ്‍സും 269 ഏകദിനങ്ങളില്‍ നിന്ന് 7456 റണ്‍സും നേടിയ രണതുംഗ ശ്രീലങ്കന്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ്. 2001ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു.