അമിത് ഷാക്ക് എതിരായ മുഖ്യമന്ത്രിയുടെ ഭാഷ ശരിയായില്ലെന്ന് കണ്ണന്താനം

Posted on: October 29, 2018 4:59 pm | Last updated: October 29, 2018 at 6:56 pm

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് എതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷ ശരിയായില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമിത് ഷായുടെ ശരീരത്തെ പറ്റിയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തിപരമാണ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ജനാധിപത്യ മൂല്യത്തെ തകര്‍ക്കുന്നു. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനം സര്‍ക്കാറിനെ വലിച്ചിടുമെന്നാണ് അമിത് ഷാ ഉദ്ദേശിച്ചത്. അമിത് ഷായുടെ പ്രസംഗത്തിലെ തര്‍ജമയില്‍ പിഴവു പറ്റിയതാണ്. യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം നടക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.

സംസ്ഥാനത്തെ ഇടത് സര്‍ക്കാറിനെ താഴെയിടാനുള്ള തടിയൊന്നും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. അമിത് ഷായുടെ വാക്ക് കേട്ട് ഇവിടെ വന്ന് കളിച്ചു കളയാമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് മോശം കളിയാകും. അമിത്ഷായുടെ ഭീഷണിയൊന്നും കേരളത്തില്‍ വേണ്ടെന്നും അത് ഗുജറാത്തില്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും തടയാനും തകര്‍ക്കാനും ശ്രമിച്ചാല്‍ പിണറായി സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.