ജബല്‍ ജൈസിലേക്കുള്ള റോഡ് അടച്ചു; വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ

Posted on: October 29, 2018 10:08 am | Last updated: October 29, 2018 at 4:09 pm

ദുബൈ: രാജ്യത്തിന്റെ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ. റാസ് അല്‍ ഖൈമയിലെ സമയിലും ഫുജൈറയിലെ വാദി അല്‍ സിദ്ര്‍, തിബ്ബ, അല്‍ഖാലിബിയ എന്നിവിടങ്ങളിലാണ് കനത്ത മഴ ലഭിച്ചത്. അല്‍ ദഫ്‌റയിലെ ഗയാതിയിലും കനത്ത തോതില്‍ മഴ പെയ്തു. ഖോര്‍ഫുകാനിലും ഫുജൈറയിലെ അല്‍ ബിദിയ, മുര്‍ബിഹ്, ശാം എന്നിവിടങ്ങളില്‍ മഴയുടെ ശക്തി കുറവായിരുന്നു.
ഇതോടൊപ്പം പടിഞ്ഞാറന്‍ മേഖലകളിലും താപനില കുറഞ്ഞതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് റാസ് അല്‍ ഖൈമ ജബല്‍ ജൈസ് പര്‍വതത്തിലേക്കുള്ള റോഡ് അടച്ചു. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പര്‍വത താഴ്‌വരകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും റാക് പോലീസ് നിര്‍ദേശിച്ചു. സുഗമമായ ഗതാഗതമൊരുക്കാനും അടിയന്തരഘട്ടങ്ങളില്‍ ഇടപെടാനും റാസ് അല്‍ ഖൈമയില്‍ കൂടുതല്‍ പോലീസ് പട്രോളിംഗ് സംഘത്തെ വിന്യസിച്ചു.

രാജ്യത്തിന്റെ വടക്കന്‍ തീരമേഖലകളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. സഊദി അറേബ്യയുടെ വടക്കന്‍-മധ്യ മേഖലയില്‍ നിന്ന് മേഘങ്ങള്‍ രാജ്യത്തേക്ക് നീങ്ങുന്നുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനും തീരത്ത് ഒന്‍പത് അടി വരെ തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇതോടൊപ്പമുള്ള പൊടിക്കാറ്റ് കാഴ്ചപരിധി കുറക്കും.