പ്രധാനമന്ത്രിയെ പുറത്താക്കിയത് തന്നെ വധിക്കാന്‍ പദ്ധതിയിട്ടതിനാല്‍ : സിരിസേന

Posted on: October 29, 2018 10:00 am | Last updated: October 29, 2018 at 10:32 am

കൊളംബോ: തന്നെ വധിക്കാന്‍ തയ്യാറാക്കിയ പദ്ധതിയില്‍ തന്റെ ഒരു ക്യാബിനറ്റ് മന്ത്രിക്കും പങ്കുള്ളതായി വ്യക്തമായതോടെയാണ് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ പുറത്താക്കിയതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന. സിരിസേനയുടെ വെളിപ്പെടുത്തലോടെ ശ്രീലങ്കയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പുതിയൊരു മാനം നിലവില്‍വന്നിരിക്കുകയാണ്. ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് സിരിസേന പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയ ഒരാളെ ചോദ്യം ചെയ്തപ്പോഴാണ് ഒരു ക്യാബിനറ്റ് മന്ത്രിക്കും പ്രതിരോധ സെക്രട്ടറിക്കും തന്നെ വധിക്കാനായി തയ്യാറാക്കിയ പദ്ധതിയില്‍ പങ്കുള്ളതായി കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ പുറത്താക്കുകയല്ലാതെ തനിക്ക് വേറെ വഴികളുണ്ടായിരുന്നില്ലെന്നും സിരിസേന പറഞ്ഞു. എന്നാല്‍ ക്യാബിനറ്റ് മന്ത്രിയുടെ പേരെ സിരിസേന വെളിപ്പെടുത്തിയില്ല. സിരിസേനയെ വധിക്കാനായി നീക്കം നടക്കുന്നതായി അദ്ദേഹത്തിന്റെ അണികള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. വിക്രം സിംഗക്കായി ഈ പദ്ധതി ആസൂത്രണം ചെയ്തത് പട്ടാള മേധാവികൂടിയായ ശരത് ഫോന്‍സകെ ആണെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.