പോലീസിനെതിരെ വ്യാജപോസ്റ്റുകള്‍ … പൊതുസമൂഹം കരുതിയിരിക്കണമെന്ന് കേരളാ പോലീസ്

Posted on: October 28, 2018 6:30 pm | Last updated: October 28, 2018 at 7:25 pm

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മഹത്തായ ഈ പാരമ്പര്യത്തെ അവഹേളിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞ് തള്ളിക്കളയുവാന്‍ പൊതുസമൂഹം തയ്യാറാകണമെന്നും കേരളാ പോലീസ്. പോലീസിന്റെ സേവന സാന്നിധ്യം ആര്‍ക്കും വിസ്മരിക്കാനാവില്ല. അര്‍പ്പണബോധത്തോടെയും ത്യാഗസന്നദ്ധമായും പോലീസ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. കേരളത്തില്‍ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതില്‍ കേരള പോലീസിന്റെ ശക്തമായ ഇടപെടലുകള്‍ നിര്‍ണായകമാണെന്നും കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം….

പോലീസിനെതിരെ വ്യാജപോസ്റ്റുകള്‍ … യാഥാര്‍ഥ്യം തിരിച്ചറിയുക

നിയമപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
കേരളത്തിന്റെ മഹത്തായ മതേതര പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ കേരള പോലീസും ഉത്തരവാദിത്വപൂര്‍ണമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലെ വൈവിധ്യമാര്‍ന്ന ആചാര അനുഷ്ഠാനങ്ങളിലും ആഘോഷവേളകളിലും ആത്മീയ കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും പോലീസിന്റെ സേവന സാന്നിധ്യം ആര്‍ക്കും വിസ്മരിക്കാനാവില്ല. അര്‍പ്പണബോധത്തോടെയും ത്യാഗസന്നദ്ധമായും പോലീസ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. കേരള പോലീസിന്റെ മഹത്തായ ഈ പാരമ്പര്യത്തെ അവഹേളിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുക തന്നെ വേണം. ഇതിനായി നടത്തുന്ന അപനിര്‍മ്മിതികളെ തള്ളിക്കളയുവാന്‍ പൊതു സമൂഹം തയ്യാറാകണം.

കേരളത്തില്‍ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതില്‍ കേരള പോലീസിന്റെ ശക്തമായ ഇടപെടലുകള്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ഒരു വര്‍ഗീയ കലാപം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ള വസ്തുതയും ഏറെ ശ്രദ്ധേയമാണ്.. നമ്മുടെ നാടിന്റെ സാഹോദര്യവും സഹവര്‍ത്തിത്വവും കൂടുതല്‍ ശോഭനമാക്കാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.