പ്രവാസി ചിട്ടിക്ക് വരിസംഖ്യ സ്വീകരിച്ച് തുടങ്ങി

Posted on: October 28, 2018 4:10 pm | Last updated: October 28, 2018 at 4:10 pm

ദുബൈ: പ്രവാസി ചിട്ടിയില്‍ ചേരുന്നതിന് ഗള്‍ഫിലുള്ള മലയാളികള്‍ക്ക് വരിസംഖ്യ അടച്ചു തുടങ്ങാന്‍ സൗകര്യമായെന്ന് കെ എസ് എഫ് ഇ വൃത്തങ്ങള്‍ അറിയിച്ചു. ഒരു മാസത്തിനകം ആദ്യലേലം നടക്കും. പ്രതിമാസം ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് പ്രവാസി ചിട്ടിയിലുള്ളത്. 25, 30, 40, 50 മാസങ്ങളായിരിക്കും കാലാവധി.

തുടക്കത്തില്‍ യു എ ഇയിലുള്ളവര്‍ക്കായിരുന്നു രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. മറ്റു ജി സി സി രാജ്യങ്ങളിലുള്ളവര്‍ക്കും ഇപ്പോള്‍ കസ്റ്റമര്‍ രജിസ്‌ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കെ വൈ സി പ്രക്രിയ പൂര്‍ത്തിയാക്കി വരിസംഖ്യ അടക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണ് മുന്‍കൂട്ടി കസ്റ്റമര്‍ രജിസ്‌ട്രേഷന്‍ ഈ രാജ്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഏര്‍പെടുത്തിയിരിക്കുന്നത്.

ചിട്ടിയില്‍ ചേരുന്നതിലൂടെ പ്രവാസികള്‍ക്ക് സമ്പാദ്യം ഉറപ്പാക്കുന്നതിനോടൊപ്പം നവകേരള നിര്‍മാണ പ്രക്രിയയില്‍ തങ്ങളുടെ താല്‍പര്യാനുസരണം ഭാഗഭാക്കാവുന്നതിനും അവസരം ലഭിക്കുന്നു. കെ വൈ സി പ്രക്രിയകളും ചിട്ടി രജിസ്‌ട്രേഷനും പണമടക്കലും, ലേലം വിളിയും സെക്യൂരിറ്റി നല്‍കലുമൊക്കെ ഓണ്‍ലൈനില്‍കൂടി ആയതിനാല്‍ വളരെ എളുപ്പത്തില്‍ കാര്യക്ഷമമായി വിദേശത്തിരുന്നുതന്നെ ഇതെല്ലാം പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്താക്കള്‍ക്കു കഴിയും.