സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാന്‍ കമ്മീഷന്‍

Posted on: October 27, 2018 4:04 pm | Last updated: October 27, 2018 at 7:51 pm

കോഴിക്കോട്: നവംബര്‍ ഒന്നുമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും ബസ് ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പഗിണിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് ബസ് ഉടമകള്‍ അറിയിച്ചു. ബസ് വ്യവസായത്തിലെ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മിനിമം ചാര്‍ജ് പത്ത് രൂപയായി വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജിന് സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയും യാത്രാ നിരക്ക് 25 ശതമാനവുമാക്കുക, കിലോമീറ്റര്‍ നിരക്കില്‍ കാലോചിതമായ വര്‍ധനവ് ഏര്‍പ്പെടുത്തുക, ഡീസല്‍ വിലയില്‍ ബസുകള്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്.