ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ വിഎസ് ഹൈക്കോടതിയില്‍

Posted on: October 26, 2018 12:58 pm | Last updated: October 26, 2018 at 3:07 pm

തിരുവനന്തപുരം: ബാര്‍കോഴ ക്കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിന് സര്‍ക്കാറില്‍ നിന്നും പ്രത്യേക അനുമതി വേണമെന്ന വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി.

പൊതുപ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണം എന്ന കേന്ദ്ര നിയമം ഈ കേസില്‍ ബാധകമല്ലെന്ന് വിഎസ് വാദിക്കുന്നു. കഴിഞ്ഞ ജൂലൈ 26 നാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. മാണിക്കെതിരായ കേസ് അതിനു മുമ്പുള്ളതാണ്

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റ കാലത്ത് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ ഒരു കോടി രൂപ മാണി കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് ആരോപിച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം. ആരോപണം കേരളത്തില്‍ വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.