കേന്ദ്രത്തിന് വന്‍ തിരിച്ചടി: സിബിഐയിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

Posted on: October 26, 2018 11:38 am | Last updated: October 27, 2018 at 12:26 am

ന്യൂഡല്‍ഹി: സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണം നടത്തുക. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ പട്‌നായികിനാണ് മേല്‍നോട്ട ചുമതല.
രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് ഭരണച്ചുമതല മാത്രമാണുള്ളത്. നയപരമായ തിരുമാനമെടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കി. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് അലോക് വര്‍മയെയും കൈക്കൂലി കേസില്‍ പ്രതിയായ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും തത്സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത്. എം നാഗേശ്വര്‍ റാവു ഡയറകടറായി ചുമതലയേല്‍ക്കുകയും ചെയ്തു. ഉത്തരവ് ഇറങ്ങിയയുടന്‍ പുലര്‍ച്ചെ 1.45 ഓടെ സി ബി ഐ ആസ്ഥാനത്തെത്തിയാണ് റാവു സ്ഥാനമേറ്റത്. എന്നാല്‍, സിബിഐ ഡയറക്ടറെ മാറ്റിയതില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞിരുന്നു. അലോക് വര്‍മ തന്നെയാണ് ഇപ്പോഴും ഡയറക്ടര്‍ എന്നും പകരം നിയോഗിച്ച നാഗേശ്വര്‍ റാവുവിന് താത്കാലിക ചുമതല മാത്രമാണെന്നും സി ബി ഐ വക്താവ് വ്യക്തമാക്കിയിരുന്നു. അതേസമയം,
സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ രാജേഷ് അസ്താന സുപ്രീം കോടതിയില്‍ ഹരജി നല്‍കി.