മധ്യപൂര്‍വ്വ ദേശത്തെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക മേഖലയാക്കി മാറ്റും: സഊദി കിരീടവകാശി

Posted on: October 25, 2018 4:28 pm | Last updated: October 25, 2018 at 4:28 pm

ദമ്മാം: മധ്യപൂര്‍വ്വ ദേശത്തെ ലോകത്തെ ഏറ്റവും പുരോഗതിയുള്ള മേഖലയാക്കി മാറ്റുമെന്ന് സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. പുതിയ യൂറോപ്പിന്‍െ ഉദയം മധ്യ പൂര്‍വ്വദേശമായിരിക്കും.ഭാവിയുടെ നിക്ഷേപമെന്ന പേരില്‍ റിയാദില്‍ നടന്നു വരുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അടുത്ത അഞ്ച് വര്‍ഷത്തിനകം സഊദി അറേബ്യ പൂര്‍ണമായും മാറും. ബഹ്‌റൈനും, കുവൈത്തും, ഇത്തരത്തില്‍ മാറും. തങ്ങളുമായി അഭിപ്രായ വിത്യാസമുണ്ടെങ്കിലു ഖത്തര്‍ ശക്തമായ സാമ്പത്തിക ശക്തിയുള്ള രാജ്യമാണ്.യുഏഇയും ലബ്‌നാനും, ഇറാഖും,ഈജിപ്തും,ജോര്‍ദാനും സാമ്പത്തികമായി മുന്നേറും.

ഈ രാജ്യങ്ങളെല്ലാം ഉള്‍പ്പെടുന്ന മധ്യ പൂര്‍വ്വദേശം അടുത്ത 30 വര്‍ഷത്തിനകം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവാതെ എന്റെ ജീവന്‍ വേര്‍പെടില്ല. ഇക്കാര്യം 100 ശതമാനവും എനിക്കുറപ്പുണ്ട്.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ അറബ് രാജ്യങ്ങളില്‍ നിന്നും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഭരണാധികാരികളും, മന്ത്രിമാരും, വാണിജ്യ പ്രമുഖരും ശാസ്ത്ര, സാമ്പത്തിക, സാമുഹ്യ മേഖലയിലെ പ്രമുഖരും സന്നിഹതരായ വേദിയില്‍ അദ്ദഹം വ്യക്തമാക്കി.സഊദി മാധ്യമ പ്രവര്‍ത്തകന്‍ തുര്‍കിയില്‍ വെച്ച കൊല്ലപ്പെട്ട സംഭവും വളരെ നിര്‍ഭാഗ്യമായിപ്പോയി. ലോകത്തെ ഏതു മനുഷ്യനും വേദനയുളവാക്കുന്ന സംഭവവുമാണത്.സഊദിയും തുര്‍ക്കിയും ഈ വിഷയത്തില്‍ സംയുക്തമായി അന്വേഷണം നടത്തി വരുന്നു. ഈ വേദിയില്‍ വെച്ച ഉറപ്പുതരുന്നു. തീര്‍ച്ചയായും കുറ്റക്കാരെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യും. ഇതിന്റെ പേരില്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കഴിയില്ലന്ന് അദ്ദേഹം പറഞ്ഞു.