സറെ റെസ്ട്രിക്റ്റഡ് ഷട്ടില്‍ ടൂര്‍ണമെന്റ്: കോഴിക്കോട് സ്വദേശിക്ക് കിരീടനേട്ടം

Posted on: October 25, 2018 2:56 pm | Last updated: October 25, 2018 at 2:56 pm

കോഴിക്കോട്: വിംബിള്‍ഡന്‍ റക്വേറ്റ്‌സ് ക്ലബില്‍ നടന്ന 69-ാമത് സറെ റെസ്ട്രിക്റ്റഡ് ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ മലയാളിയായ ലെനിന്‍ ചന്ദ്രനും ചൈനീസ് വംശജനായ ആരോണ്‍ ചെങും കിരീടം നേടി. മൈക്ക് കൂപ്പര്‍, റിച്ചാര്‍ഡ് സൗത്ത്‌വാഡ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. (സ്‌കോര്‍ 21-17, 21-18). സറെ ടൂര്‍ണമെന്റ് വിജയിക്കുന്ന ആദ്യ മലയാളിയാണ് ലെനിന്‍ ചന്ദ്രന്‍.

ഈയിടെ ലണ്ടനിലെ ഡെര്‍ബിയില്‍ നടന്ന ഡെര്‍ബി ചാലഞ്ചേഴ്‌സ് ചാരിറ്റി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലും വിജയിയായിരുന്നു ലെനിന്‍. ഈ ടൂര്‍ണമെന്റില്‍ നിന്നും ലഭിച്ച 700 പൗണ്ട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഷട്ടില്‍ ടൂര്‍ണമെന്റുകളില്‍ 33 എണ്ണത്തില്‍ വിജയിയായിരുന്നു ലെനിന്‍. കോഴിക്കോട് മാങ്കാവ് സ്വദേശികളായ സി.കെ.ചന്ദ്രന്റെയും നിഷാ ചന്ദ്രന്റെയും മകനാണ്.

കോഴിക്കോട് മുന്‍ മേയറും എം.എല്‍.എ.യുമായിരുന്ന പരേതനായ പി.വി.ശങ്കരനാരായണന്റെ ചെറുമകനാണ്. എസ് എസ് എല്‍ സി വരെ ഗണപത് ബോയ്‌സ് ഹൈസ്‌കൂളിലും പ്ലസ് ടു പഠനം സാമോറിന്‍സ് എച്ച് എസ് എസില്‍ നിന്നും പൂര്‍ത്തിയാക്കി. ഫാറൂഖ് കോളജില്‍ നിന്നും ബി ബി എ പൂര്‍ത്തിയാക്കിയ ലെനിന്‍ ലണ്ടനിലെ ബെഡ്‌ഫോര്‍ഷയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റില്‍ പി ജി ബിരുദം നേടി. ഇപ്പോള്‍ ലണ്ടനില്‍ ജോലി നോക്കി ചെയ്യുന്നു.