Connect with us

International

ഖശോഗി വധം: കിരീടാവകാശിക്ക് പങ്കുണ്ടായേക്കാം: ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: തുര്‍ക്കിയിലെ സഊദി കോണ്‍സുലേറ്റില്‍ മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖശോഗി കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഊദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന ഖശോഗിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന് ഒഴിഞ്ഞ് മാറാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ ഖശോഗിയുടെ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന സൂചനയും ട്രംപ് നല്‍കി.

ചരിത്രത്തില്‍ തന്നെ ഏറ്റവും നീചമായി രീതിയിലാണ് സഊദി കുറ്റം മറച്ചു വെക്കുന്നതെന്നും ഈ സംഭവം വളരെ മോശമായാണ് സഊദി കൈകാര്യം ചെയ്തതെന്നും വൈറ്റ് ഹൗസില്‍വെച്ച് നടത്തിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ഖശോഗി വിഷയത്തില്‍ തങ്ങളുടെ പ്രധാന സഖ്യമായ സഊദിക്കും മുഹമ്മദ് ബിന്‍ സല്‍മാനുമെതിരെ ഇതാദ്യമായാണ് ട്രംപ് നിലപാട് സ്വീകരിക്കുന്നത്. കൊലപാതകം സംബന്ധിച്ച സൗദിയുടെ വിശദീകരണം തൃപ്തികരമാണെന്ന അമേരിക്കന്‍ നിലപാടിനെതിരെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ശക്തമായതോടെയാണ് സഊദിയെ തള്ളി ട്രംപ് തന്നെ രംഗത്തെത്തിയത്.

ഖശോഗിയുടെ കാര്യത്തില്‍ സഊദി വളരെ ദയനീയമായ രീതിയിലാണ് ഇടപെട്ടതെന്നും സഊദി ഇന്ന് എത്തിപ്പെട്ടിരിക്കുന്നത് വലിയ പ്രതിസന്ധിയിലാണെന്നും ട്രംപ് ആരോപിച്ചു. ഖശോഗിയുടെ വധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരവധി തവണ താന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ട്രംപ് വ്യ്തമാക്കി. താങ്കള്‍ക്ക് കൊലപാതകത്തിന്റെ ആസൂത്രണത്തെ കുറിച്ച് നേരത്തെ അറിയുമായിരുന്നോ എന്നായിരുന്നു തന്റെ ആദ്യത്തെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകവുമായി ഉന്നതര്‍ക്ക് ബന്ധമില്ലെന്നും താഴെ തട്ടിലുള്ളവരാണ് ഇത് ചെയ്യിപ്പച്ചതെന്നുമായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയത്. സഊദിയുടെ കോണ്‍സുലേറ്റില്‍ നടന്ന സംഭവമായതിനാല്‍ കൊലയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞ് മാറാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, തങ്ങള്‍ക്കെതിരെയുള്ള ആരോപണം നിഷേധിച്ച സഊദിയെ വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് തനിക്ക് അത് വിശ്വസിക്കേണ്ടിയിരിക്കുന്നുവെന്നാണ് ട്രംപ് മറുപടി നല്‍കിയത്.
ഖശോഗി വധത്തിന് പിന്നില്‍ സഊദിയാണെന്ന ആരോപണവുമായി തുര്‍ക്കി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിക്കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും കൊല നടത്തിയവരുടെ പേര് വിവരങ്ങള്‍ സഊദി വ്യക്തമാക്കണമെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, സഊദിക്കെതിരായ തുര്‍ക്കിയുടെ നീക്കം അല്‍പം കടുത്തതാണെന്നും ട്രംപ് വിമര്‍ശിച്ചു.
ഖശോഗി വധത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനെ അമേരിക്ക തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ട്.

Latest