ശബരിമലയില്‍ 5000 പോലീസുകാരെ വിന്യസിക്കുമെന്ന് ഡിജിപി; ഇതരസംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായം തേടി

Posted on: October 24, 2018 10:20 pm | Last updated: October 25, 2018 at 9:45 am

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി ശബരിമലയില്‍ 5000 പോലീസുകാരെ നിയോഗിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പോലീസിനെ ആവശ്യപ്പെടും. അടിയന്തര സാഹചര്യം നേരിടാന്‍ ദ്രുതകര്‍മ സേനയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടയില്‍ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷയൊരുക്കുന്നത്. തിര്‍ത്ഥാടകര്‍ക്കൊപ്പം പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്‍ ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും വിരിവയ്ക്കാന്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഒരു ദിവസത്തിനപ്പുറം മുറികളും നല്‍കില്ല. തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് ചെലവഴിക്കാനുള്ള സമയം പരമാവധി 24 മണിക്കൂറാക്കാനാണ് ആലോചന. നിലയ്ക്കല്‍ മുതല്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ പമ്പ മുതലാണ് ഭക്തരെ നിയന്ത്രിക്കുന്നത്.

ഒരു തീര്‍ഥാടകനെപ്പോലും 16 മുതല്‍ 24 മണിക്കൂറിനപ്പുറം സന്നിധാനത്ത് താമസിക്കാന്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനം. മുറികളെടുക്കുമ്പോള്‍ ഒരു ദിവസത്തിനപ്പുറം നല്‍കരുതെന്ന് ദേവസ്വം ബോര്‍ഡിനോടും നിര്‍ദേശിക്കും. വനങ്ങളില്‍ തങ്ങുന്നത് ഒഴിവാക്കാന്‍ കര്‍ശന നിരീക്ഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ വനംവകുപ്പിനോട് ആവശ്യപ്പെടും.