മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനം

Posted on: October 24, 2018 9:51 am | Last updated: October 24, 2018 at 9:51 am

അതീവ സംതൃപ്തിയോടെയാണ് യു എ ഇ സന്ദര്‍ശനം കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയത്. പര്യടന വേളയില്‍ യു എ ഇ ഭരണാധികാരികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സ്‌നേഹനിര്‍ഭരമായ പ്രതികരണമാണ് ലഭിച്ചതെന്നു മാധ്യമപ്രവര്‍ത്തകരെ പിണറായി അറിയിക്കുകയുണ്ടായി. കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നു മതിയായ സഹായം ലഭിക്കാതെ വരികയും യു എ ഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ഉടക്കുവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സഹായാഭ്യര്‍ഥനയുമായി യു എ ഇയിലെത്തിയത്. കേരളത്തെ കഷ്ടപ്പെടാന്‍ യു എ ഇ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ദുബൈ സഹിഷ്ണുതകാര്യവകുപ്പ് ക്യാബിനറ്റ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്‌യാന്‍ ഉറപ്പ് നല്‍കിയതായും അബൂദബി, ദുബൈ, ഷാര്‍ജ പൊതുപരിപാടികളില്‍ പ്രവാസികള്‍ പ്രതീക്ഷയില്‍ കവിഞ്ഞ സഹായം വാഗ്ദാനം ചെയ്തതായും പിണറായി വ്യക്തമാക്കി.
യുഎ ഇ രാഷ്ട്രപിതാവ് ശൈഖ് സാഇദ് ബിന്‍ ആല്‍ നഹ്‌യാന്റെ പേരിലുള്ള സാഇദ് ചാരിറ്റബിള്‍ ആന്റ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും യു എ ഇ പ്രസിഡന്റിന്റെ സഹോദരനുമായ ശൈഖ് നഹ്‌യാന്‍ ബിന്‍ സാഇദ് ആല്‍ നഹ്‌യാനുമായുള്ള കൂടിക്കാഴ്ചയും, പ്രമുഖ പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ഡി പി വേള്‍ഡുമായി ഉണ്ടാക്കിയ കരാറുകളുമാണ് സന്ദര്‍ശന വേളയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിയുടെ രൂപരേഖ ശൈഖ് നഹ്‌യാന്‍ ബിന്‍ സാഇദ് ആല്‍ നഹ്‌യാന്‍ വിശദമായി ചോദിച്ചറിയുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ കേരളത്തിലേക്കയച്ചു എല്ലാ സഹായവും നല്‍കാമെന്ന് ഉറപ്പ് നല്‍കുകയുമുണ്ടായി. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചാരിറ്റി ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഇബ്‌റാഹിം ബുമെല്‍ഹ, ഭവനനിര്‍മാണം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയകാലത്ത് കേരളത്തിലേക്ക് അവശ്യസാധനങ്ങള്‍ അയച്ചത് ഈ ഫൗണ്ടേഷനായിരുന്നു.
കൊച്ചി കേന്ദ്രീകരിച്ചു ഒരു ലോജിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക,് കേരളത്തിന്റെ ഉള്‍നാടന്‍ ജലഗതാഗത മേഖലയുടെ വികസനം, ചെറുകിട തുറമുഖ വികസനം തുടങ്ങിയ പദ്ധതികളിലാണ് പ്രമുഖ ആഗോള പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ഡി പി വേള്‍ഡ് താത്പര്യം പ്രകടിപ്പിച്ചത്. മറ്റുള്ള പ്രദേശങ്ങള്‍ പോലെയല്ല കേരളത്തെ തങ്ങള്‍ കാണുന്നത്.

കേരളത്തിനായി എന്ത് ഇടപെടലും ചുരുങ്ങിയ സമയം കൊണ്ട് നടത്താന്‍ സന്നദ്ധമാണെന്നും കമ്പനി ചെയര്‍മാന്‍ ചര്‍ച്ചയില്‍ അറിയിച്ചു. കേരള സര്‍ക്കാറും യു എ ഇയും തമ്മില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഉഭയകക്ഷി സംരഭമായിരിക്കും ലോജിസ്റ്റിക്‌സ് പാര്‍ക്. ഇതിനാവശ്യമായ സ്ഥലം അന്വേഷിച്ചു കണ്ടെത്തി നല്‍കാമെന്ന് മുഖ്യമന്ത്രി കമ്പനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ചെറുകിട തുറമുഖ വികസനം കൊണ്ട് കൂടുതല്‍ പ്രയോജനം ലഭ്യമാകണമെങ്കില്‍ കബോട്ടാഷ് നിയമത്തില്‍ ഭേദഗതി വരുത്തുകയും വന്‍കിട കപ്പലുകളില്‍ നിന്ന് ചരക്കുനീക്കം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. വിദേശ കപ്പലുകളില്‍ നിന്നുള്ള കണ്ടയ്‌നറുകള്‍ ഇന്ത്യന്‍ പതാക വഹിച്ച ചെറുയാനങ്ങളില്‍ മാത്രമേ ടെര്‍മിനലില്‍ എത്തിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് കബോട്ടാഷ് നിയമം. ഇക്കാര്യത്തെക്കുറിച്ചു കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയുമായി ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി കമ്പനിയെ അറിയിച്ചിട്ടുണ്ട്.

ഇന്ധനക്ഷമവും പ്രകൃതി സൗഹൃദവുമായ യാത്രാ മാര്‍ഗമാണ് ഉള്‍നാടന്‍ ജലഗതാഗതം. യാത്രാ, ചരക്ക് നീക്കത്തില്‍ റോഡ്, റെയില്‍, വിമാന ഗതാഗത സൗകര്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ താരതമ്യേന കുറഞ്ഞ പ്രവര്‍ത്തന ചെലവും പരിസ്ഥിതി മലിനീകരണം ഇല്ലാത്തതുമാണിത്. ഈ ഗണത്തില്‍ കാസര്‍കോഡ് ഹോസ്ദുര്‍ഗ് മുതല്‍ തിരുവനന്തപുരം വരെ 400 കിലോമീറ്റര്‍ ദൂരത്തിലുള്ള സമഗ്രമായ ഒരു ജലപാതക്ക് സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. സിയാലിന്റെ പങ്കാളിത്തത്തോടെ 4,000 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന നിര്‍ദിഷ്ട ജലപാത യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ ആറ് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയും. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ ജലപാതയുടെ രൂപകല്‍പന.

പദ്ധതിയുടെ നേട്ടവും ലാഭവും മുന്‍കണ്ടായിരിക്കണം ഇതുമായി സഹകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അതീവ താത്പര്യം പ്രകടിപ്പിക്കുകയും ഉള്‍നാടന്‍ ജലഗതാഗത സംരഭത്തിന് എത്ര പണം ചിലവിടാനും കേന്ദ്രം സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിക്കുകയും ചെയ്തത്. മേല്‍ പദ്ധതികളില്‍ ഡി പി വേള്‍ഡിന്റെ സഹകരണം ലഭ്യമാക്കാനായാല്‍ തൊഴിലവസരങ്ങളില്‍ വര്‍ധന ഉള്‍പ്പെടെ കേരളത്തിന് അത് ഗണ്യമായ നേട്ടമുണ്ടാക്കും.
സഹസ്രകോടികള്‍ ചെലവ് വരുന്നതാണ് പ്രളയാനന്തര കേരളത്തിന്റെ സമഗ്രമായ പുനരുദ്ധാരണം. രാജ്യം ഇക്കാലമത്രയും പിന്തുടര്‍ന്നുവന്ന ഫെഡറല്‍ സംവിധാനത്തിനു കീഴില്‍ നവകേരള സൃഷ്ടിക്ക് നിര്‍ലോഭ സഹായം നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥാമാണെങ്കിലും മോദി സര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യങ്ങളോട് പുറം തിരിഞ്ഞുനില്‍ക്കുകയാണ്. പട്ടേല്‍ സ്തൂപനിര്‍മാണത്തിന് 3,000 കോടി രൂപയും ശിവജി പ്രതിമ നിര്‍മാണത്തിന് 3600 കോടിയും കുംഭമേളക്ക് 4000 കോടയും പൊതുഖജനാവില്‍ നിന്ന് വാരിയെറിയുന്ന സര്‍ക്കാര്‍ കേരളത്തിലെ പാവപ്പെട്ടവന്റെ തകര്‍ന്ന വീടുകളും റോഡുകളും നന്നാക്കാനും പുനരുദ്ധരിക്കാനും പണം ചോദിച്ചാല്‍ മാന്യമായി പ്രതികരിക്കാന്‍ പോലും വിമുഖത കാണിക്കുകയാണ്. ഈ സാഹചര്യത്തില്‍ യു എ ഇ കാണിക്കുന്ന സഹകരണവും സന്മനസ്സും കേരളത്തിന് മഹത്തായൊരു നേട്ടവും താങ്ങുമാണ്. സംസ്ഥാനം എന്നും അവരോട് കടപ്പെട്ടരിക്കുന്നു.