Connect with us

Kerala

മൊബൈല്‍ ആപ്പ് വരുന്നു, ഇടി മിന്നല്‍ നേരത്തെ അറിയാം

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ ഇടിമിന്നല്‍ സാധ്യത മുന്‍കൂട്ടി പ്രവചിക്കുന്നതിന് മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നു. ഓരോ മിന്നല്‍ നിരീക്ഷണ കേന്ദ്രത്തിനും 200 കിലോ മീറ്റര്‍ പരിധിക്കുള്ളിലെ ഇടിമിന്നല്‍ സാധ്യതകള്‍ കണ്ടെത്താനാകും. ഇടിമിന്നലിന് കാരണമായ മേഘങ്ങള്‍ നീങ്ങുന്ന ദിശയും അറിയാന്‍ കഴിയുമെന്നതിനാല്‍ ജനങ്ങളെ ഒരു മണിക്കൂര്‍ നേരത്തേ അറിയിക്കാനും കഴിയും. ഇതിന്റെ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം രാജീവന്‍ അറിയിച്ചു. സംസ്ഥാനത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു രാജീവന്‍.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റീരിയോളജി (ഐ ഐ ടി എം)യുടെയും, തിരുവനന്തപുരത്തെ കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെയും സഹായത്തോടെയാണ് മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നത്. ഉപഗ്രഹങ്ങളുടെയും, റഡാറുകളുടെയും സേവനവും ഇതിനായി ഉപയോഗപ്പെടുത്തും. മുംബൈ നഗരത്തിലെ മഴ പ്രവചിക്കാന്‍ വേണ്ടി വികസിപ്പിച്ചിട്ടുള്ള മൊബൈല്‍ ആപ്പിന്റെ മാതൃകയിലായിരിക്കും ഇത്. അടുത്ത തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് മുന്‍പായി ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് ഇതിനകം എട്ട് സ്ഥലങ്ങളില്‍ മിന്നല്‍ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ സൂക്ഷ്മതയാര്‍ന്ന കാലാവസ്ഥാ പ്രവചനത്തിന് കേരളത്തില്‍ തിരുവനന്തപുരത്തും, കൊച്ചിയിലുമാണ് റഡാറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മംഗലാപുരത്ത് ഒന്നര വര്‍ഷത്തിനിടെ പുതിയൊരു റഡാര്‍ സ്ഥാപിക്കും. ഇതോടെ കേരളം മുഴുവനായും റഡാറിന്റെ പരിധിയില്‍ വരും. വ്യോമസേന കോയമ്പത്തൂരിനടുത്ത് സുളൂരില്‍ മറ്റൊരു റഡാറും സ്ഥാപിക്കുന്നുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളും ഇതിന്റെ പരിധിയില്‍ വരും.