ആര്‍ക്കെതിരെയാണ് ഈ ശരണം വിളികള്‍?

ദേവനെ ആരാധിക്കുന്ന ഭക്തജനങ്ങള്‍ക്കല്ല ദേവഹിതം വെളിപ്പെട്ട് കിട്ടാറുള്ളത്; അത് പ്രതിഷ്ഠകളുടെ രക്ഷിതാക്കളായ നമ്പൂതിരിമാര്‍ക്കാണ് എന്ന താന്ത്രിക രഹസ്യം പിടികിട്ടണമെങ്കില്‍ നമ്മള്‍ വെറും വിശ്വാസികളായാല്‍ മാത്രം പോരാ. പഴയ ശ്രുതികളും സ്മൃതികളും മന്ത്ര തന്ത്രങ്ങളും കൂടി വശമാക്കേണ്ടിവരും. ശബരിമലയെ മുന്‍നിര്‍ത്തി ഒരിക്കല്‍ ബഹിഷ്‌കൃതമായ ബ്രാഹ്മണാധിപത്യം ഒരു വീണ്ടുവരവിന് കളം ഒരുക്കുകയാണ്.
Posted on: October 23, 2018 9:15 am | Last updated: October 22, 2018 at 9:57 pm

ഓരോന്നിനും ഓരോ സ്ഥലമുണ്ട്. അവിടെ ഉപയോഗിക്കേണ്ട ഭാഷയുമുണ്ട്. പ്രാര്‍ഥനക്കും പൂജക്കും ശരണം വിളിക്കും ഒക്കെ താത്പര്യമുള്ള ഭക്തന്മാര്‍ക്കായിട്ടാണ് പള്ളികളും അമ്പലങ്ങളും ഭജനമഠങ്ങളും ഒക്കെ. അവിടെ നടത്തേണ്ട ചടങ്ങുകള്‍ പൊതുനിരത്തില്‍ നടത്തുന്നതും പൊതുനിരത്തിലെ ചടങ്ങുകളും ഭാഷയും ആരാധനാലയങ്ങളില്‍ നടത്തുന്നതും രണ്ടിനെയും ഒരുപോലെ കാണുന്നതുകൊണ്ടാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം ഈ സാധാരണ വിശ്വാസികള്‍ക്കു പറഞ്ഞു കൊടുക്കാനുള്ള വിവേകം മതപണ്ഡിതന്മാര്‍ പ്രകടിപ്പിക്കണം. അതിന് പകരം വോട്ടുബേങ്ക് മാത്രം ലക്ഷ്യമാക്കുന്ന രാഷ്ട്രീയക്കാരന്റെ കൂട്ടിലെ തത്തകളെപോലെ പെരുമാറുന്നത് കഷ്ടമാണ്. ഒക്‌ടോബര്‍ 10ന് നട്ടുച്ചക്ക് കേരളത്തിലെ പൊതുനിരത്ത് ഉപരോധിച്ചുകൊണ്ട് അയ്യപ്പഭക്തന്മാരെന്നു പറയുന്നവര്‍ നടത്തിയ സമരം അയ്യപ്പഹിതത്തിന് അനുസരിച്ചാണെന്ന് വല്ല ദേവപ്രശ്‌നത്തിലും തെളിഞ്ഞോ എന്നറിയില്ല. എങ്കില്‍ അതുകൂടി സമരം സംഘടിപ്പിച്ചവര്‍ ജനങ്ങളോട് വെളിപ്പെടുത്തണം.

നമ്മളൊക്കെ മനസ്സിലാക്കിയ പാരമ്പര്യപ്രകാരം, കറുപ്പുടുത്ത് രുദ്രാക്ഷം ധരിച്ച് ക്ഷൗരം ചെയ്യാതെ വ്രതം എടുത്ത് അയ്യപ്പസന്നിധാനത്തിലേക്ക് നഗ്നപാദരായി നടന്നുപോകുന്ന അയ്യപ്പന്മാര്‍ക്ക് ഒറ്റക്കും കൂട്ടായും ഉരുവിടാനുള്ളതാണ് ശരണംവിളികള്‍. അയ്യപ്പന്‍ പഴയ ബുദ്ധപാരമ്പര്യത്തിന്റെ അവശിഷ്ടമാണ്. ബുദ്ധം ശരണം, ധര്‍മം ശരണം, സംഘം ശരണം എന്ന പഴയ ബുദ്ധഭിക്ഷുക്കളുടെ ശരണമന്ത്രമാണ് നിസ്സാര ശബ്ദഭേദങ്ങളോടെ അയ്യപ്പഭക്തന്മാര്‍ മണ്ഡല കാലത്ത് ഉരുവിടാറുള്ളത്. ഭേദം ഉണ്ടെങ്കില്‍ തന്നെ ഭാഷയിലല്ലാതെ അര്‍ഥത്തില്‍ ഇല്ല. ബുദ്ധനായാലും അയ്യപ്പനായാലും രണ്ട് പേരും ഭൗതിക, അധികാര, ധനസമ്പാദന, ഉപഭോഗാര്‍ഥികളില്‍ നിന്ന് മുക്തരായിരുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള മാര്‍ഗമെന്ന നിലയിലായിരുന്നു ഒരു മണ്ഡലകാലം മുഴുവന്‍ വ്രതശുദ്ധി പാലിച്ച് മനസ്സിനെ ഏകാഗ്രമാക്കി കല്ലും മുളളും കാലിനുമെത്തയാക്കി കഠിനമായ കരിമല കയറി പതിനെട്ടാം പടി ചവിട്ടി അയ്യപ്പദര്‍ശനത്തിന് പൂര്‍വികര്‍ പോയിരുന്നത്. അയ്യപ്പന്‍ അഥവാ അയ്യന്‍ അകത്തുള്ളവനാണ്. അകത്തുള്ള ആളാണ് അയ്യപ്പന്‍ ആ അപ്പന് സ്ത്രികളെല്ലാം ഒരുപോലെയാണ് അവരുടെ പ്രായവ്യത്യാസം പരിശോധിക്കുക, 10 വയസ്സിനും 50 വയസ്സിനും ഇടക്കുളള പെണ്ണുങ്ങള്‍ അങ്ങോട്ടു വരുന്നുണ്ടോ എന്നു പരിശോധിക്കുക അതൊന്നും അദ്ദേഹത്തിന്റെ ജോലിയല്ല.

ശബരിമലയിലെ നടവരവ് കൂടി വരുന്നത് കണ്ട് അങ്ങോട്ടടുത്തു കൂടിയ രാജകുടുംബവും തന്ത്രിമാരും മന്ത്രിമാരും ഇവരെയൊക്കെ ഭരിക്കാന്‍ തട്ടിക്കുട്ടിയ ദേവസ്വം ബോര്‍ഡും അവരുടെ ഉദ്യോഗസ്ഥരും ആണ് യൗവനയുക്തരായ സ്ത്രീകള്‍ അവിടെ പ്രവേശിക്കുന്നത് നിമിത്തം തങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുന്നുവെന്നും അയ്യപ്പസന്നിധി അശുദ്ധിയാകുന്നുവെന്നും വാദം ആദ്യം ഉന്നയിച്ചിരിക്കുക. അവര്‍ തങ്ങളുടെ ഉള്ളിലിരിപ്പിനനുസരിച്ച് അയ്യപ്പനെ ഉടച്ചുവാര്‍ത്ത് പല പരിഷ്‌കാരങ്ങളും വരുത്തി. ഇതൊന്നും തിരിച്ചറിയാന്‍ ത്രാണിയില്ലാത്ത പാവപ്പെട്ട വിശ്വാസികള്‍ അന്ധനാല്‍ നയിക്കപ്പെടുന്ന അന്ധന്മാരായി മാറി. വോട്ട് ചെയ്യാനും ആശുപത്രിയില്‍ പോകാനും അല്ലാതെ റോഡിലിറങ്ങിയിട്ടില്ലാത്ത അവരുടെ പെണ്ണുങ്ങളെയും വഴിതടയല്‍ സമരത്തിന്റെ മുന്‍നിരയില്‍ എത്തിച്ചു. ഇതെന്തൊരു ഭക്തി? ഇത് ഭക്തിയല്ല; ഭക്തിയാഭാസമാണ്.

ഇതു മറ്റൊരു വിമോചന സമരമാകുമെന്നാണ് ഭീഷണി. കോടതി വിധി പ്രകാരം ഏതെങ്കിലും അയ്യപ്പ ഭക്തരായ സ്ത്രീകള്‍ സന്നിധാനത്തെത്തിയാല്‍ സ്ത്രീകള്‍ തന്നെ അവരെ തടയും പോലും. രക്തം ഒഴുക്കി സമരം നടത്തുമെന്നൊക്കെയാണ് കോടതികളിലും നീതിന്യായവ്യവസ്ഥയിലും വിശ്വസിക്കുന്നു എന്ന് പറയുന്ന വിശ്വാസ സംരക്ഷണ പ്രസ്ഥാനക്കാരുടെ പരസ്യമായ വെല്ലുവിളി.

എന്താണീ വിശ്വാസം? ആരാണീ വിശ്വാസികള്‍? ആരെങ്കിലും കൃത്യമായി വല്ല നിര്‍വചനവും ഈ വിശ്വാസം എന്ന ആശ്വാസത്തിന് നല്‍കിയിട്ടുണ്ടൊ? ഏതെങ്കിലും ഒരു മതത്തിന്റെയോ മതസ്ഥാപകന്റെയോ മതഗുരുക്കന്മാരുടെ അനുയായി ആയിരിക്കുക, ഒരു ദേവന്റെ അല്ലെങ്കില്‍ ദേവതയുടെ ഭക്തനോ ഭക്തയോ ഒക്കെ ആയിരിക്കുക. അതോക്കെ നമുക്ക് മനസ്സിലാകും. കാരണം അവയെല്ലാം ചില ബാഹ്യമായ പ്രകടന പരതകള്‍ കൊണ്ട് അടയാളപ്പെടുത്താന്‍ കഴിയുന്നവയാണ്. എന്നാല്‍, വിശ്വാസത്തിന്റെ കാര്യം അങ്ങനെയല്ല. അതൊരു വ്യക്തിയുടെ മാനസികവും ആന്തരികവുമായ ഒരു പ്രതിഭാസമാണ്. ഒരു വിശ്വാസി എല്ലായ്‌പ്പോഴും വിശ്വാസി ആയിരിക്കണമെന്നില്ല. കാലദേശങ്ങള്‍ക്കനുസരിച്ച് വിശ്വാസങ്ങളില്‍ മാറ്റം വരികയും സഹസ്രാബ്ധങ്ങളായി സഞ്ചിതമായ വിശ്വാസ സംഹിതകളില്‍ ചിലതൊക്കെ ഉപേക്ഷിക്കപ്പെടുകയും ചെയ്യുക എന്നത് ചരിത്രം പഠിക്കുന്നവര്‍ക്ക് കാണാം. വിശ്വാസം ആരംഭിക്കുന്നിടത്ത് സംശയവും ആരംഭിക്കുന്നു. അതുപോലെ തന്നെ അവിശ്വാസി എല്ലായിപ്പോഴും അവിശ്വാസി തന്നെ ആയിരിക്കണമെന്നുമില്ല. മനുഷ്യന്‍ സ്വാഭാവികമായും ബഹുവിധ സന്ദേഹങ്ങള്‍ക്ക് അതീനനാണ്. ഈ സന്ദേഹങ്ങള്‍ക്കുള്ള താത്കാലിക പരിഹാരം മാത്രമാണ് വിശ്വാസവും അവിശ്വാസവും. ഒരു മത വിഭാഗത്തിലെ ചില കാര്യങ്ങള്‍ പിന്തുടരുമ്പോള്‍ തന്നെ ചില കാര്യങ്ങളെ എതിര്‍ക്കുന്നവരും ഉണ്ട്. ഉദാഹരണത്തിന് ഗാന്ധിജി ക്ഷേത്രാരാധനയില്‍ വിശ്വസിച്ചിരുന്നില്ല. അതിന്റെ അര്‍ഥം അദ്ദേഹം ഹിന്ദുമതവിശ്വാസി ആയിരുന്നില്ലെന്നാണോ? നെഹ്‌റു ദൈവാസ്തിത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. അതിന്റെ പേരില്‍ നെഹ്‌റു ഭാരതീയമായ ഹിന്ദു പൈതൃകം പിന്തുടര്‍ന്നിരുന്നില്ലെന്നാണോ? യേശു യഹൂദന്മാരുടെ പളളികളും സിനഗോഗുകളും സന്ദര്‍ശിച്ചിരുന്നു. താന്‍ ജനിച്ചു വളര്‍ന്ന മതത്തിന്റെ പല അനുഷ്ഠാനങ്ങളും അപൂര്‍വമായിട്ടെങ്കിലും ആചരിച്ചിട്ടുമുണ്ട്. അതിന്റെ അര്‍ഥം അവിടുന്ന് ഒരു തികഞ്ഞ യഹൂദ മത വിശ്വാസി ആണെന്നാണോ? അല്ലെന്നു കണ്ടെത്തിയതു കൊണ്ടായിരിക്കുമല്ലോ അവരദ്ദേഹത്തെ തൂക്കിലേറ്റിയത്. ജനങ്ങളുടെ വിശ്വാസത്തിന്റെ കുത്തക ചരിത്രത്തില്‍ ഒരു നാളും പുരോഹിതന്മാരെ ആരും ഏല്‍പ്പിച്ചു കൊടുത്തിരുന്നില്ല. പുരോഹിതന്മാരും വേദാന്ത കേസരികളും ഒക്കെ ഇപ്പോള്‍ ഇത്തരം അവകാശവാദങ്ങളുമായി രംഗത്തുവരുന്നത് ഒരുതരം കലക്ക വെളളത്തില്‍ മീന്‍ പിടിക്കലാണ്.

ലിംഗ നീതി എന്ന പരിഷ്‌കൃത കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി, പ്രായഭേദമന്യേ ശബരിമല അയ്യപ്പനെ ദര്‍ശിക്കാന്‍ പോകാന്‍ താത്പര്യമുളള ഏത് സ്ത്രീകള്‍ക്കും പോകാം എന്ന വിധി പ്രസ്താവിച്ചത്. അതിന്റെ പേരില്‍ കേരളത്തെ ഇളക്കി മറിക്കുന്ന ഒരു വര്‍ഗീയ ധ്രുവികരണത്തിന് ശ്രമിക്കുന്നവരുടെ ദുഷിച്ച മനസ്സിനെ കാണാതെ പോകുന്നത് അപകടമാണ്. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് 12 വര്‍ഷം മുമ്പ് കോടതിയെ സമീപിച്ചത് ഏതെങ്കിലും അന്യമതസ്ഥരോ നിരീശ്വരവാദികളോ ഒന്നുമല്ല. ലിംഗനീതിയിലും ഹിന്ദു ആചാരാനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന അറിയപ്പെടുന്ന ഹൈന്ദവ സംഘടനകളുടെ വക്താക്കളായ സ്ത്രീകള്‍ തന്നെയാണ്. കേസില്‍ കക്ഷി ചേര്‍ന്നത് സ്വാഭാവികമായും പന്തളം രാജകൊട്ടാരവും ദേവസ്വം ബോര്‍ഡും കേരള ഗവണ്‍മെന്റുമാണ്. ഇവരെല്ലാം നല്‍കിയ സത്യവാങ്മൂലം വിശദമായി പരിശോധിച്ചാണ് ഒരു വ്യാഴവട്ടക്കാലം നീണ്ട ഈ വ്യവഹാരത്തിനറുതി വരുത്തി സുപ്രീം കോടതിയുടെ അഞ്ചംഗഭരണഘടനാബഞ്ച് വിധി പ്രസ്താവിച്ചത്. പന്തളം കുടുംബത്തിന് ഇപ്പോള്‍ അയ്യപ്പ ക്ഷേത്രത്തിന്റെ മേലെ യാതൊരുടമസ്ഥാവകാശവും ഇല്ല. രാജാവും രാജഭരണവും ഒക്കെ ഒരിക്കലും തിരിച്ചു വരാനാകാത്ത വിധം തിരോഭവിച്ചു കഴിഞ്ഞു. ഇപ്പോള്‍ കേരളത്തിലെ പരസഹസ്രം അയ്യപ്പ ഭക്തന്മാരുടെ ഭവനങ്ങള്‍ പോലെ ഒരു ഭവനം മാത്രമാണ് പന്തളം കൊട്ടാരവും എന്നത് പലരും വിസ്മരിച്ചപോലെയുണ്ട്. വിധിയില്‍ അസംതൃപ്തമായുള്ളവര്‍ക്ക് നിയമാനുസൃതം പുനരാലോചനാ ഹരജി നല്‍കി അതിന്റെ തീര്‍പ്പിനായി കാത്തിരിക്കാം. അതിനുപകരം തെരുവില്‍ ശരണമന്ത്രങ്ങളുമായി സ്ത്രീകളെ ഇറക്കുന്നതും – ഏതോ കാലത്ത് ആരോ ശബരിമല ക്ഷേത്രത്തിനു തീ വെച്ചതിന്റെ പേരിലും നിലയ്ക്കലില്‍ കുറെ കുടിയേറ്റ ക്രിസ്ത്യാനികള്‍ റബ്ബര്‍കൃഷിയോടൊപ്പം കുരിശുകൃഷി കൂടി പരീക്ഷിച്ചു നോക്കിയതിന്റെ പേരിലും ക്രിസ്ത്യാനികളെയും വാവരെ ആദരിക്കുന്നതിന്റെയും ശരീഅത്ത് നിയമങ്ങള്‍ പാലിക്കുന്നതിന്റെ പേരില്‍ മുസ്‌ലിംകളെയും നിയമം നടപ്പിലാക്കുമെന്നു പറഞ്ഞതിന്റെ പേരില്‍ ഗവണ്‍മെന്റിനെയും ആക്ഷേപിക്കുക വഴി സവര്‍ണ താത്പര്യങ്ങളുടെ തിരിച്ചുവരവിന് വഴിയൊരുക്കുകയാണ്. ഈ സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശനെയും എസ് എന്‍ ഡി പി എന്ന പിന്നാക്ക ഹിന്ദുസമുദായസംഘടനയെയും ഒട്ടാകെ അക്രമിക്കുകയാണ് സംഘ്പരിവാര്‍ സംഘടനകള്‍.

അയ്യപ്പന്‍ സ്ത്രീ വിരോധിയല്ല, പക്ഷേ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ തന്റെ മുമ്പില്‍ വരരുത് അതാണത്രേ ദേവഹിതം. സുപ്രീം കോടതി ജഡ്ജിമാരെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഈ ദേവഹിതം അയ്യപ്പന്‍ എന്തു കൊണ്ട് ചില ബ്രാഹ്മണ തന്ത്രിമാര്‍ക്കു മാത്രം വെളിപ്പെടുത്തിക്കൊടുത്തു? ഇവിടെയാണ് പ്രശ്‌നം. ദേവനെ ആരാധിക്കുന്ന ഭക്തജനങ്ങള്‍ക്കല്ല ദേവഹിതം വെളിപ്പെട്ട് കിട്ടാറുള്ളത്. കേവലം മൈനര്‍ മാത്രമായ(ഒരിക്കലും മേജറാകാന്‍ സമ്മതിക്കാത്ത) പ്രതിഷ്ഠകളുടെ രക്ഷിതാക്കളായ നമ്പൂതിരിമാര്‍ക്കാണ് എന്ന താന്ത്രിക രഹസ്യം പിടികിട്ടണമെങ്കില്‍ നമ്മള്‍ വെറും വിശ്വാസികളായാല്‍ മാത്രം പോരാ. പഴയ ശ്രുതികളും സ്മൃതികളും മന്ത്ര തന്ത്രങ്ങളും കൂടി വശമാക്കേണ്ടിവരും. ദൈവം വിശ്വാസികളെ രക്ഷിക്കുന്നു. ദൈവത്തെ പുരോഹിതന്മാര്‍ രക്ഷിക്കും. ഇതെന്തൊരു വിചിത്രന്യായം! ഇത്തരം വാദങ്ങളെ ഇംഗ്ലീഷില്‍ ബ്ലാസ്ഫമി എന്നു പറയും. ദൈവനിന്ദ എന്ന മലയാളം.

അബ്രാഹ്മണ പൗരോഹിത്യം തത്വത്തില്‍ അംഗീകരിക്കുകയും നിയമപരമായി നടപ്പില്‍ വരുത്തുകയും ചെയ്തുവെങ്കിലും അബ്രാഹ്മണ പുരോഹിതന്മാര്‍ പൂജ നടത്തുന്നത് പ്രാദേശിക ക്ഷേത്രങ്ങളിലെ മൂര്‍ത്തിയുടെ ഹിതത്തിനെതിരായ നടപടിയെന്നാണ് ബ്രാഹ്മണ ശാന്തിക്കാര്‍ക്കും മേല്‍ശാന്തിക്കാര്‍ക്കും ഒക്കെ വെളിപ്പെട്ടു കിട്ടിയിരിക്കുന്ന ദൈവഹിതം. ഫലമോ മനുഷ്യന്മാരുടെ ഇടയിലെ മുന്നാക്ക പിന്നാക്ക വ്യത്യാസം പോലെ ഹിന്ദു ദൈവങ്ങള്‍ക്കിടയിലും സംഭവിച്ചിരിക്കുന്നു. അബ്രാഹ്മണശാന്തിക്കാര്‍ കര്‍മം നടത്തുന്ന ക്ഷേത്രങ്ങളിലെ പുരോഹിതന്മാരും ആ ക്ഷേത്രങ്ങളിലെ ദൈവങ്ങളും അര്‍ധപട്ടിണിക്കാരായി മാറിയിരിക്കുന്നു. ശബരിമലയെ മുന്‍നിര്‍ത്തി ഒരിക്കല്‍ ബഹിഷ്‌കൃതമായ ബ്രാഹ്മണാധിപത്യം ഒരു വീണ്ടുവരവിന് കളം ഒരുക്കുകയാണ്. അയ്യപ്പന്‍ ഇവരോടൊപ്പം ആയിരിക്കും എന്നുകരുതുക പ്രയാസം.