സ്റ്റേജ് കുലുക്കിയ തമാശകള്‍

Posted on: October 22, 2018 6:48 pm | Last updated: October 22, 2018 at 6:51 pm

‘നേരം വെളുത്ത് നാലേ മുക്കാലിനാണ് അപകടം. അത്താഴം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞപ്പോ ഇന്‍ഷാ അല്ലാ നാട്ടിലെത്തും എന്ന് പറഞ്ഞ് ബത്തേരീന്ന് പോന്നതാണ്. 20 ശതമാനം പോലും പ്രതീക്ഷ ഇല്ല. കാണാനുള്ളവരൊക്കെ വന്ന് കണ്ടോട്ടെ എന്നാണ് ഡോക്ടര്‍മാര് പറഞ്ഞത്. പിന്നെ കണ്ടപ്പോള്‍ പൊന്മള ഉസ്താദ് പറഞ്ഞു, കീലത്തേ നിങ്ങളെ കോലം കണ്ടപ്പൊ ബേജാറായിപ്പോയി. എന്നെ അറിയോ എന്ന് ചോദിച്ചപ്പോ, നിങ്ങള് ഹിള്ര്‍ നബിയല്ലേ എന്നാണ് തിരിച്ചു ചോദിച്ചത്’… കീലത്ത് മുഹമ്മദ് മാസ്റ്ററുടെ അനുഭവങ്ങളും നിലപാടുകളും.. രണ്ടാം ഭാഗം..

? അറബി അധ്യാപകനെന്ന നിലയില്‍ ഭാഷാ സമരവും എസ് എസ് എഫിന്റെ അറബി പാഠപുസ്തകത്തിലെ വഹാബിസത്തിനെതിരായ സമരവുമൊക്കെ ഓര്‍മയുണ്ടാകുമല്ലോ. മാഷും പഠിപ്പിച്ചില്ലേ വിവാദ പാഠങ്ങളൊക്കെ.
അന്ന് ഏഴാം ക്ലാസിലെ ഒരു പാഠപുസ്തമുണ്ട്. അതില്‍ ഒരു പാഠം. ഹാരിസും റഊഫും സംഭാഷണം നടത്തുകയാണ്.
ഹാരിസ്: ഐന മര്‍കസു ഇംതിഹാനിക്ക?
റഊഫ്: മര്‍കസു ഇംതിഹാനീ ഫില്‍ കുല്ലിയ്യത്തില്‍ അറബിയ്യത്തി റൗളത്തുല്‍ ഉലൂമി ബി ഫറൂഖ.
ഹാരിസ്: ലാക്കിന്ന മര്‍കസു ഇംതിഹാനി റശീദിന്‍ അല്‍ കുല്ലിയ്യത്തുല്‍ അറബിയ്യത്തു മദീനത്തുല്‍ ഉലൂമി ബി ഫുലിക്കല്‍.
റഊഫ്: അല്‍ കുല്ലിയ്യത്തുല്‍ അറബിയ്യത്തു സുല്ലമുസ്സലാമി ബി അരീക്കൂത്ത ഐളന്‍ മര്‍കസുന്‍ സ യദ്ഹബു ഇലൈഹാ മഹ്മൂദുന്‍ ലില്‍ ഇംതിഹാനി…..
മര്‍കസ് എന്ന ഒരു പദം പഠിപ്പിക്കാന്‍ മൂന്ന് വഹാബീ കോളജുകളുടെ പേര് പരിചയപ്പെടുത്തുകയാണ്. പിന്നെ അഹാദീസിന്നബവിയ്യ.. ഹദീസ് പഠിപ്പിക്കുന്നുണ്ട്. അതില്‍ പറയുന്നുണ്ട്, സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ സമ്മതം ചോദിച്ചാല്‍ നിങ്ങള്‍ അനുവാദം നല്‍കുക. വാസ്തവത്തില്‍ 20 ലക്ഷത്തിലധികം ഹദീസ് നബി തങ്ങള് പറഞ്ഞതല്ലേ. അത്രയും വിപുലമായ ഹദീസുകള്‍ക്കിടയില്‍ നിന്ന് തിരഞ്ഞുപിടിച്ച് പഠിപ്പിക്കുകയാണ്. അതിന്റെ പശ്ചാത്തലം പഠിപ്പിക്കുന്നുണ്ടോ? മാത്രമല്ല, സ്ത്രീക്ക് പള്ളിയില്‍ പോകാന്‍ അനുവാദം കൊടുക്കണോ കൊടുക്കണ്ടേ എന്ന ചര്‍ച്ച ഏഴില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ അടുത്ത് വരേണ്ടതല്ല. കെ എം മൗലവിയെ കുറിച്ച് ഒരു കവിത. സത്യത്തിന്റെ വിഷയത്തില്‍ അബൂബക്കര്‍ സിദ്ദീഖ്(റ)നെ പോലെയും ധീരതയുടെ കാര്യത്തില്‍ ഖലീഫാ ഉമറി(റ)നെ പോലും ഇല്‍മിന്റെ കാര്യത്തില്‍ ഹസ്‌റത്ത് ഉസ്മാന്‍ (റ)നെ പോലെയും നീതിയുടെ കാര്യത്തില്‍ അലീ(റ)യെ പോലെയും. നോക്കണേ, നാല് ഖലീഫമാരുടെ സ്വഭാവം ചേര്‍ന്നാലാണ് കെ എം മൗലവിയാകുക എന്ന നിലയില്‍.!
അങ്ങനെ വന്നപ്പോള്‍ എസ് എസ് എഫുകാര് ഇതിനെതിരെ സമരം നടത്തി. സമുദായ രാഷ്ട്രീയ പാര്‍ട്ടിക്കാരോട് പറഞ്ഞിരുന്നു. പരിഹാരമുണ്ടായില്ല. അപ്പോഴാണ് ഇ കെ നായനാര് മുഖ്യമന്ത്രിയായി വരുന്നത്. അദ്ദേഹത്തോട് പരാതി പറഞ്ഞു. എന്താണ് കാരണം എന്ന് ചോദിച്ചു. മൂപ്പര്‍ക്ക് വഹാബിയും ഖാദിയാനിയുമൊന്നും ഇല്ലല്ലോ. എസ് എസ് എഫുകാര്‍ പറഞ്ഞു, ഇതില്‍ കളവ് വരെ പഠിപ്പിക്കുന്നുണ്ട് എന്ന്. വിലായത്തു കൈരലാ എന്ന പാഠം ഉണ്ട് അറബിയില്‍. അത് തുടങ്ങുന്നത് തന്നെ ‘ഫീ വിലായത്തി കൈരലാ അഹദ അശറ ളില്‍അന്‍’ (കേരളത്തില്‍ 11 ജില്ലകള്‍ ഉണ്ട്) എന്നാണ്. ടി കെ ഹംസയാണ് മരാമത്ത് മന്ത്രി. നായനാര് ചോദിച്ചു; ഹംസാ, ‘അഹദാ അസറാ’ എന്ന് പറഞ്ഞാ എന്താ. ഹംസ പറഞ്ഞു: പതിനൊന്ന്. അപ്പൊ നായനാര് ചോദിച്ചു: ‘ഏത് മണ്ടൂസനാടോ ഈ ബുക്ക് ഉണ്ടാക്കിയത്, പുസ്തകം മാറ്റടോ.’ അങ്ങനെയാണ് പാഠപുസ്തകം മാറ്റാന്‍ തീരുമാനമായത്. നായനാരോട് വഹാബിസം അങ്ങനെയാണ് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. ആ പുസ്തകം എഴുതിയതിന് ശേഷമാണ് പുതിയ മൂന്ന് ജില്ലകള്‍ ഉണ്ടാകുന്നത്.

? ലീഗിന്റെ ഭാഷാ സമരം ഓര്‍മയില്ലേ
ചുരുങ്ങിയത് ഏഴ് കുട്ടികളെങ്കിലും വേണം. അറബിക് അധ്യാപകന് എസ് എസ് എല്‍ സി പാസ്സാകണം. മൂന്നാമത്തേത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണം. യൂനിയന്‍ ലീഗാണ് സമരം നടത്തിയത്. മാഷുമാര്‍ക്ക് വിവരം വേണം, എസ് എസ് എല്‍ സിയെങ്കിലും വേണമെന്നായിരുന്നു വിമത ലീഗിന്റെ പക്ഷം. അക്കമഡേഷന്‍, ക്വാളിഫിക്കേഷന്‍, ഡിക്ലറേഷന്‍ ചട്ടങ്ങള്‍ക്കെതിരായിരുന്നു സമരം. മലപ്പുറത്ത് പോലീസ് വെടിവെപ്പില്‍ മൂന്ന് പേര് മയ്യത്തായി. മജീദ് റഹ്മാന്‍, കുഞ്ഞിപ്പ. മരിച്ച മൂന്ന് പേരും സുന്നികളാണ്. അറബി ഭാഷാ പഠനത്തിന്റെ ഗുണഭോക്താക്കളോ മുജാഹിദുകളും. കെ പി എ മജീദ് ഒക്കെ ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരത്തേക്ക് പോയതല്ലേ? രസം അതല്ല, ഭാഷാ സമരത്തിന്റെ മഹത്വം പറഞ്ഞ് പുസ്തകം ഇറക്കിയത് തിരൂര്‍ക്കാട് ഉമര്‍ മൗലവിയുടെ മകന്‍ മുബാറക്കാണ്. അപ്പോള്‍ മനസ്സിലായില്ലേ ഭാഷാസമരം ആര്‍ക്ക് വേണ്ടിയായിരുന്നു എന്ന്. ആ പുസ്തകത്തില്‍ ബദര്‍ ദിനത്തിന്റെ മഹത്വം മുബാറക്ക് പറയുന്നുമുണ്ട്. മാപ്പിളനാട് രക്തസാക്ഷി സ്മരണികയും ഇറക്കിയിരുന്നു എന്നാണോര്‍മ.

?എങ്ങനെയാണ് പ്രസംഗ രംഗത്തേക്ക് വരുന്നത്
എസ് എസ് എല്‍ സിക്ക് പഠിക്കുന്നതിന്റെ തലേ കൊല്ലമാണ് 73ല്‍ എസ് എസ് എഫ് ഉണ്ടാകുന്നത്. അന്ന് പ്രസംഗിച്ച് പരിചയിച്ചു തുടങ്ങിയതാണ്. അതിന് പിറകെ ആദര്‍ശ പ്രസംഗങ്ങളും മെല്ലെ തുടങ്ങി. സ്‌കൂള് ജോലി കിട്ടിയ ശേഷം പള്ളിയില്‍ ഓതിയിട്ടില്ല. എന്നാലും പണ്ഡിതന്മാരുടെ വയള് കേള്‍ക്കും. അവരുടെ പുസ്തകങ്ങള്‍ വാങ്ങി വായിക്കും. അങ്ങനെ വിഷയങ്ങള്‍ പഠിച്ചു.

?അന്നത്തെ മതപ്രഭാഷകര്‍ ആരൊക്കെയായിരുന്നു
ശുകപുരത്തിന്റെ പ്രസംഗം കേട്ടിട്ടുണ്ട്. പക്ഷേ, അടുക്കാന്‍ കഴിഞ്ഞിട്ടില്ല. വാണിയമ്പലത്തിനെ തന്നെ എനിക്ക് പരിചയം ചേന്ദമംഗല്ലൂര് സുന്നിയ്യ കോളജില്‍ വന്നപ്പോഴാണ്. അബുല്‍ അഅ്‌ലാ മൗദൂദിയെ കടുത്ത രൂപത്തില്‍ വിമര്‍ശിച്ച് മൗദൂദിയുടെ വാദങ്ങള്‍ ഇങ്ങനെ കശക്കിയെറിയുകയാണ്. ഞാനന്ന് മൂന്നാം ക്ലാസില്‍ മദ്‌റസയില്‍ പഠിക്കുകയാണ്. ഖുര്‍ആന്‍ സമജ്‌നെ കേലിയേ കോയി പുരാനെ തഫ്‌സീര്‍ കി സറൂറത്ത് നഹീഹെ. ഇസ്‌കേലിയേ അഅ്‌ലാ ദര്‍ജ പ്രൊഫസര്‍ കാഫീഹേ…. ഖുര്‍ആന്‍ മനസ്സിലാക്കാന്‍ തഫ്‌സീര്‍ ഓതേണ്ട ആവശ്യമില്ല. അറബി അറിഞ്ഞാ മതീ. ഉസ്താദ് ഇങ്ങനെ കെടകെടാ എന്ന് ഉര്‍ദുവില്‍ പറയുന്നത് കേട്ടപ്പോ കണ്ണ് നിറഞ്ഞുപോയി. എനിക്ക് ഇങ്ങനെ ഇല്‍മ് ഉണ്ടാകുകയാണെങ്കില്‍ നിന്റെ ദീനിന് വേണ്ടി ഞാന്‍ ചെലവഴിക്കും റബ്ബേ എന്ന് അന്ന് മനസ്സില്‍ പറഞ്ഞു. വാണിയമ്പലം പ്രസംഗം കഴിഞ്ഞ് ജീപ്പില് കേറുകയാണ്. ഞാന്‍ അടുത്ത് ചെന്ന് തൊട്ട് മുത്തി. അതുകൊണ്ടാണ് പ്രസംഗരംഗത്ത് ഇങ്ങനെ നില്‍ക്കാന്‍ കഴിയുന്നത് എന്ന് ഇപ്പഴും വിചാരിക്കുന്നു. പിന്നെ പൂനൂര് ഖാസി കുഞ്ഞിബ്‌റാഹീം മുസ്‌ലിയാര്, സി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ അവരോടൊക്കെ അത്ര ചെറുപ്പത്തില്‍ ബന്ധം ഉണ്ട്. പിന്നെ സി എം വലിയ്യുല്ലാഹി ഈ വീട്ടില്‍ വന്നിട്ടുണ്ട്. 73ല്‍. ചുള്ളിക്കാപറമ്പിലെ ദര്‍സ് വാര്‍ഷികത്തിന്റെയന്ന്. അദ്ദേഹം ഇങ്ങനെ നടക്കുന്ന കാലമാണ്. അഞ്ച് പ്രാവശ്യം വസ്ത്രം മാറ്റും. മൂപ്പര് ബെല്‍റ്റിന്ന് മൂന്ന് പൈസ എടുത്ത് എനിക്ക് തന്നു. വാര്‍ഷികത്തില്‍ ഹസന്‍ മുസ്‌ലിയാരാണ് ഉദ്ഘാടനം. സി എം സംസാരിക്കില്ല. സ്റ്റേജില്‍ ഇങ്ങനെ ഇരിക്കും. ഹസന്‍ മുസ്‌ലിയാര്‍ക്ക് തീരെ ശബ്ദല്ല. മന്ത്രിക്ക്ന്ന ഒച്ചപോലുമില്ല. മൂപ്പര് സി എമ്മിനോട് പറഞ്ഞു. ഇവരൊക്കെ എന്റെ പ്രസംഗം കേള്‍ക്കാന്‍ വന്നവരാണ്. ചേകന്നൂരുമായിട്ട് സംവാദം നടത്തിയ സ്ഥലാണ് ഇവിടെ. സി എം കട്ടന്‍ചായ എടുത്ത് രണ്ടിറക്ക് കുടിച്ചിട്ട് മൂന്നാത്തേത് മന്ത്രിച്ച് ഹസന്‍ മുസ്‌ലിയാര്‍ക്ക് കൊടുത്തു. ഹസ്സന്‍ മുസ്‌ലിയാര് ഒന്ന് ഒച്ച അനക്കി. പിന്നെ മൂന്ന് മൂന്നര മണിക്കൂറ് അനൗണ്‍സ് ചെയ്യുന്ന ഒച്ചയില്‍ പ്രസംഗിച്ചു. എന്ത് പ്രസംഗം!

? എന്തൊക്കെയായിരുന്നു മാഷുടെ പ്രസംഗ വിഷയങ്ങള്‍
83- 84 ഘട്ടത്തിലാണ് ശാബാനു കേസ്. അന്ന് കമ്മ്യൂണിസത്തിന് മറുപടി പറയാന്‍ അങ്ങനെ പോകും. യുക്തിവാദത്തിന് മറുപടിക്ക് പോകും. സുന്നത്ത് ജമാഅത് പറയാന്‍ പോകും. ഒരു ദിവസം ഒന്നും രണ്ടും പരിപാടി ഉണ്ടാകും. ഇസ്‌ലാമും ശാസ്ത്രവുമായിരുന്നു ഒരു കാലത്ത് എന്റെ വിഷയം. കുമാരനാശാന്റെ ദുരവസ്ഥ ഒരുപാട് നീട്ടിച്ചൊല്ലുമായിരുന്നു. പകലാണെങ്കില് സ്‌കൂള്. രാത്രി പ്രസംഗം. അങ്ങനെ തീരെ ശബ്ദം ഇല്ലാതെ വന്നു. എ കെ അശോകന്‍, ഡോ. കുര്യന്‍, ഡോ. ജോസഫ് മൂന്ന് ഇ എന്‍ ടി ഡോക്ടര്‍മാരെ മാറിമാറി കാണിച്ചു. മൂന്നാളുകളും ഒരു സാധനം കൊല്ലീലേക്ക് ഇറക്കീട്ട് പറയും, തൊണ്ടക്ക് ഓപ്പറേഷന്‍ വേണം എന്ന്. എനിക്ക് പേടിയാണ്. ഞാന്‍ സി എമ്മിന്റെ അടുത്ത് പോയി. സി എം വലിയ്യുല്ലാഹി അന്ന് കുറ്റിച്ചിറയിലാണ്. എന്താ വന്നത്? ശബ്ദം ഇല്ല. ശബ്ദത്തിന് എന്തു പറ്റി? പ്രസംഗിച്ചു. എന്താ പ്രസംഗിച്ചത്? ശരീഅത്ത് മാറ്റുന്നതിനെ കുറിച്ച്. നിങ്ങള്‍ എന്തു പറഞ്ഞു? ശരീഅത്ത് മാറ്റാന്‍ പറ്റില്ല എന്ന് പറഞ്ഞു. നിങ്ങള്‍ അവരെ വെട്ടിയോ എന്ന് ചോദിച്ചു? നാക്കോണ്ട് വെട്ടിയോ എന്നാണ് ഉദ്ദേശിച്ചത്. അവരെ വെട്ടണം. എന്റെ ശബ്ദം. അത് ഞാന്‍ തന്നിരിക്കുന്നു. പിന്നെ നമ്മളെ അന്ത്രുപ്പാപ്പ. 95ല്‍ ഹജ്ജ് സമയത്ത് ഉസ്താദ് പറഞ്ഞു, പ്പാപ്പ 14 ദിവസം നമ്മളെ കൂടെയുണ്ടാകും. നിങ്ങള് ഖാദിമായിക്കോളി എന്ന്. അന്ത്രുപ്പാക്ക് വല്യ ഇഷ്ടായിരുന്നു. വല്യ തമാശയും ഞാന്‍ പറയും. അവസാനമൊരിക്കല്‍ കണ്ടപ്പോള്‍ നെല്ലിക്കുത്ത് ഉസ്താദ് പറഞ്ഞു: നമ്മള് രണ്ടാളും പരലോകത്ത് പോയ്‌പോന്നതാട്ടോ.

? ഈ തമാശകള്‍ എവിടെ നിന്നാണ് കിട്ടിയത്
സ്വതസിദ്ധമായിട്ട് അങ്ങനെ വരുന്നതാണ്. ആദ്യം ഇങ്ങനെ പറയണം എന്ന് കരുതി പോകാറില്ല. ഓരോന്ന് അതാത് സമയത്ത് തോന്നലാണ്. അങ്ങട്ട് പറയും. തമാശയെക്കുറിച്ച് പറയുമ്പോള്‍ ഒരുപാട് പറയാനുണ്ട്. ഒരു പാരലല്‍ കോളജിലെ ക്ലാസിനിടയില്‍ മാഷ് ബാത് റൂമില്‍ പോയി. മൂത്രമൊഴിക്കാന്‍ പോയതാണ്. അപ്പോള്‍ ‘രണ്ടും’ നിര്‍വഹിക്കണം എന്ന് തോന്നി. ടാപ്പ് തുറന്നു നോക്കുമ്പോ വെള്ളം ഇല്ല. ആരും കണ്ടില്ല എന്ന് മനസ്സിലാക്കി മൂപ്പര് എണീറ്റ് പോന്നു. ഇയാള്‍ പോരുമ്പൊ ഉണ്ട് തൊട്ടപ്പുറത്ത ക്ലാസില്‍ നിന്ന് ടീച്ചര്‍ നീട്ടിച്ചെല്ലുന്നു, ഒന്നിന്നു പോയവന്‍ രണ്ടും നടത്തീട്ട് വെള്ളം തൊടാതെ തിരിച്ചുപോന്നൂ…. സീതയെ കൊണ്ടുവരാനാണ് പോയത്. പക്ഷേ, സുഗ്രീവന്‍ രാവണനെ കൊല്ലുകയും ചെയ്തു. കടലിന് മുകളിലൂടെ പോരുകയും ചെയ്തു എന്നാണല്ലോ. തെറ്റിദ്ധാരണയുടെ വിഷയം പറയുമ്പോ… അന്ന് കിഴിശ്ശേരിന്ന് ഒരു ഉപമ പറഞ്ഞപ്പോ ആണ് സ്റ്റേജ് പിടിച്ച് കുലുക്കിയത്. 89 ജനുവരി 17, ചുള്ളിക്കോട് ഹുസൈന്‍ സഖാഫി അധ്യക്ഷന്‍. പണ്ടൊരു വല്യാപ്പ കിടന്നൊറങ്ങുമ്പൊ കണ്ണട വെച്ചു. പേരക്കുട്ടി ചോദിച്ചു: അതെന്തിനാണ് വല്യാപ്പേ എന്ന്. കിനാവ് കാണുമ്പൊ ആളെ മൊഖം ക്ലിയറായി കാണാനാണ് മോനേ എന്ന് പറഞ്ഞ പോലെയാണ്, ഇപ്പൊ ഒരു പത്രം ഓഫ്‌സെറ്റാക്കിയത്, വ്യാജ ചിത്രങ്ങള്‍ ക്ലിയറായി കാണാനാണ് എന്ന് പറഞ്ഞപ്പോഴാണ് സ്റ്റേജ് കുലുക്കിയത്. അന്ന് എന്റെ എല്ലാ അല്‍ മുബാറക്കും ലീഗ് ടൈംസും ചന്ദ്രികയുമൊക്കെ ചുള്ളിക്കോട് ഓയില്‍ കെട്ടി മാറാപ്പാക്കിയിട്ട് കീലത്തേ ചാടിക്കാളീ എന്ന് പറഞ്ഞു. അങ്ങനെയും ഉണ്ട് രസം പറയുമ്പോള്‍.

? ഒരു പരുക്ക് പറ്റിയിരുന്നല്ലോ കുറച്ച് മുമ്പ്.
20 ശതമാനം പോലും പ്രതീക്ഷ ഇല്ല. കാണാനുള്ളവരൊക്കെ വന്ന് കണ്ടോട്ടെ എന്നാണ് ഡോക്ടര്‍മാര് പറഞ്ഞത്. തല പിളര്‍ന്നുപോയിരുന്നു. നേരം വെളുത്ത് നാലേ മുക്കാലിനാണ് അപകടം. സുബ്ഹി അഞ്ചേ അഞ്ചിനാണ്. ഞാന്‍ പറഞ്ഞു അടിച്ച് വിട്ടോ അത്താഴം നമ്മക്ക് അങ്ങെത്തിയിട്ട് കഴിക്കാം. നോമ്പ് അഞ്ചാണ്. തറാവീഹ് കഴിഞ്ഞ് രണ്ടേ കാല് വരെ പ്രസംഗിച്ചു. അത്താഴം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞപ്പോ ഇന്‍ഷാ അല്ലാ നാട്ടിലെത്തും എന്ന് പറഞ്ഞ് ബത്തേരീന്ന് പോന്നതാണ്. കക്കാട് വെച്ചായിരുന്നു അപകടം. 50 മീറ്റര്‍ ഇങ്ങോട്ട് വന്നാല്‍ ഇരുവഴിഞ്ഞിപ്പുഴയാണ്. പടച്ചവന്‍ കാത്തു. പിന്നെ കണ്ടപ്പോള്‍ പൊന്മള ഉസ്താദ് പറഞ്ഞു, കീലത്തേ നിങ്ങളെ കോലം കണ്ടപ്പൊ ബേജാറായിപ്പോയി. എന്നെ അറിയോ എന്ന് ചോദിച്ചപ്പോ, നിങ്ങള് ഹിള്ര്‍ നബിയല്ലേ എന്നാണ് തിരിച്ചു ചോദിച്ചത്. ആശുപത്രി വിട്ട് പിറ്റേന്ന് അവേലത്ത് തങ്ങള് വന്ന് ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. തങ്ങളേ, ഒരു പ്രതീക്ഷയും ഇല്ലായിരുന്നു, നിങ്ങളുടെ പ്രാര്‍ഥനയും ഞങ്ങളുടെ പ്രവര്‍ത്തനവുമാണ് രക്ഷപ്പെടുത്തിയത് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കീലത്തിന് പരിക്ക് പറ്റീട്ടുണ്ട്. ഗുരുതരം എന്നാണ് ഡോക്ടര്‍മാര് പറഞ്ഞത് എന്ന് പറഞ്ഞപ്പോള്‍ വടകര മമ്മദാജി തങ്ങള് പറഞ്ഞു. ‘പടച്ചോനെ. ഗുരുതരം എന്ന് പറഞ്ഞാ മനഷമ്മാര്‍ക്കേ ഉള്ളു. അനക്ക് ഗുരുതരം ഇല്ല. ഞങ്ങളെ കീലത്തിനെ പണ്ടത്തെ മാതിരി ചിരിച്ചുകൊണ്ടും ചിരിപ്പിച്ചുകൊണ്ടും ഞങ്ങക്ക് കൊണ്ട റബ്ബേ’ ഇത് പറഞ്ഞ് മൂപ്പര് സ്വലാത്ത് ചൊല്ലി. പിന്നെ ഒരുപാട് പേര്‍, ഉസ്താദ്, തരുവണ ഉസ്താദ്, കൈപ്പമംഗലം കരീം ഹാജി അങ്ങനെ ഒരുപാട് പേര്…

വീട്ടില്‍ ചികിത്സ തുടരുന്നതിനിടയില്‍; കിടക്കുമ്പൊ ഞാന്‍ എന്തെങ്കിലും ചൊല്ലല്‍ ഉണ്ടല്ലോ എന്തായിരുന്നു എന്ന് ഭാര്യയോട് ചോദിച്ചു. ‘ഹദ്ദാദ് ചൊല്ലലില്ലേ നിങ്ങള്’. ഹദ്ദാദ് എന്ന വാക്ക് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് തോന്നി. 91ല്‍ സയ്യിദ് യാസീന്‍ തങ്ങളോട് ഇജാസിയ്യത്ത് വാങ്ങിച്ചതാണ്. ബഅദല്‍ മഗ്‌രിബി, ഖബ്‌ലസ്സുബ്ഹി. അതായിരുന്നു എനിക്ക് തന്ന സമയം. വസീലത്തുല്‍ ഇബാദ് എന്ന കിതാബും തന്നു. ഹദ്ദാദ് അതങ്ങനെയാണ് ചൊല്ലല് എന്ന് അവളോട് ചോദിച്ചു. ഫാത്തിഹ ഓതിയ ശേഷം ആയത്തുല്‍ കുര്‍സിയ്യ് ഓതുക അല്ലേ. അതെവിടാ ഉള്ളത് എന്ന് ചോദിച്ചപ്പോ അവള്‍ കരഞ്ഞുപോയി. ഡോക്ടര്‍ പറഞ്ഞിരുന്നു, സംശയം ഉണ്ടാക്കിക്കൊടുക്കണം, ചിന്തിക്കുമ്പൊഴേ ബ്രയിന്‍ വര്‍ക്ക് ചെയ്യൂ എന്ന്. ഒന്ന് കണ്ടാല്‍ തിരിയും. ഒരു മാസം കഴിഞ്ഞാരെ ഉമ്മ ചോദിച്ച്. സ്‌കൂളില്‍ പോണില്ലേ മോനേ. ഞാന്‍ പറഞ്ഞു, നിങ്ങള് ചേര്‍ത്തിയന്ന് ഞാന്‍ പോയതല്ലേ. അല്ല പണിയെടുക്കാന്‍ പോകുന്നില്ലേ? എവിടെ സ്‌കൂളില്‍. തിരുവമ്പാടി എന്ന് പറഞ്ഞ്. സ്‌കൂള്‍ കണ്ടപ്പൊള്‍ പരിചയം വന്നു. മാസ്റ്റര്‍മാരെ പരിചയം തോന്നി. പിന്നെ എനിക്ക് തോന്നി വീണ്ടും പഠിക്കണം. അങ്ങനെ പേരോടിന്റെ, എം കെ എം കോയ ഉസ്താദിന്റെ, അണ്ടോണ ഉസ്താദിന്റെ ഒക്കെ പ്രസംഗങ്ങള് വയള് ടൈപ്പില്‍ കേട്ട് റീ ഫീഡ് ചെയ്തിട്ടാണ്. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. മനുഷ്യന്മാരുടെ ദുആയും. ഡെയ്റ്റ് അടക്കം പറയാന്‍ കഴിയുന്നു. ഏത് വിഷയവും പറയാന്‍ കഴിയും.
(തുടരും)
.