Connect with us

Gulf

മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം: മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി

Published

|

Last Updated

ദമ്മാം: സഊദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യാക്കാരെ ജീവനോടെ കുഴിച്ചിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി. സലീം, ഷാജഹാന്‍ അബൂബക്കര്‍, അക്ബര്‍ ഹുസൈന്‍, ശൈഖ് ദാവൂദ്, ലാസിര്‍ അമീര്‍ എന്നിവരെ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിന് സമീപമുള്ള സഫ്‌വയിലുള്ള കൃഷിയിടത്തില്‍ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുസുഫ് ജാസിം ഹസന്‍ മുത്വവ്വ, അമ്മാര്‍ യുസ്‌റാ അലി അല്‍ദഹീം, മുര്‍തദാ ബിന്‍ ഹാഷിം ബിന്‍ മുഹമ്മദ് മുസാ എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.

കൊല്ലപ്പെട്ട ഇന്ത്യക്കാരും പ്രതികളും തമ്മില്‍ മദ്യ നിര്‍മാണം നടത്തിയിരുന്നു. മദ്യം നിര്‍മാണത്തിനിടക്കുള്ള കശപിശയും, ഇന്ത്യക്കാരില്‍ ഒരാള്‍ സ്വദേശിയുടെ മകളെ ബലാസംഗം ചെയ്തുവെന്ന് ആരോപിച്ചുമാണ് ഇന്ത്യക്കാരെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയത്. ഇത് പ്രകാരം അഞ്ച് പേരെയും തന്ത്രപരമായി സഫ്‌വയിലെ ഒരു കൃഷിയിടത്തില്‍ എത്തിച്ചശേഷം മദ്യവും മയക്കുമരുന്നും നല്‍കി. ശബ്ദം പുറത്ത് വരാതിരിക്കാനായി വായയില്‍ തുണിക്കുത്തിക്കയറ്റി, പകുതി അബോധവസ്ഥയിലായ ഇവരെ കെട്ടയിട്ടശേഷം വടി കൊണ്ടും മറ്റു ക്രൂരമായി മര്‍ദിച്ച ശേഷം കൃഷിയിടത്തില്‍ കുഴി ഒരുക്കി കുഴിച്ചു മൂടുകയായിരുന്നുവെന്നാണ് കേസ്.
കുഴിച്ചു മൂടുന്ന ഘട്ടത്തില്‍ ഇവര്‍ക്ക് ജീവനുണ്ടായിരുന്നുവെന്ന് പ്രതികള്‍ കോടതില്‍ സമ്മതിച്ചിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്നു ഇഖാമയാണ് കൊലപാതകം തെളിയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കൃഷിയിടത്തില്‍ വെള്ളം എത്തിക്കുന്നതിനു പൈപ്പിടുന്നതിനുവേണ്ടി കുഴി എടുക്കുന്ന ഘട്ടത്തിലാണ് ഒരു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന ജെസിബി ഉപയോഗിച്ച് കൃഷിയിടം ആകെ കിളച്ചു മറിച്ച് നടത്തിയ പരിശോധനയിലാണ് അഞ്ച് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. മൃതദേഹത്തില്‍ നിന്നും കയറും കിട്ടിയിരുന്നു. കൂടാതെ ഇഖാമയും ലഭിച്ചു. ഇതേ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ കിഴക്കന്‍ പ്രവിശ്യാ പോലീസ് മേധാവി നിയമിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് ഇവരെ വധശിക്ഷക്ക് വിധേയരാക്കിയത്.