പരിസ്ഥിതി സൗഹൃദ മുദ്രാവാക്യവുമായി മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റിന് പരിസമാപ്തി

Posted on: October 21, 2018 9:40 pm | Last updated: October 21, 2018 at 9:40 pm
മര്‍കസ് നോളജ് സിറ്റിയിലെ ഊദ് തൈ നടുന്ന ചടങ്ങിന് ലോകത്തെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അജ്മാന്‍ രാജകുടുംബാംഗവുമായ ഡോ. ശൈഖ് അബ്ദുല്‍ അസീസ് അല്‍ നുഐമി നേതൃത്വം നല്‍കുന്നു.

കോഴിക്കോട്: ലോക സമാധാന സംഘടനയായ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ സുസ്ഥിര വികസന പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് യൂത്ത് സര്‍ക്യൂട്ടും മര്‍കസും സംയുക്തമായി സംഘടിപ്പിച്ച മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റിന് പരിസമാപ്തിയായി. ഐക്യരാഷ്ട്ര സഭ നേരിട്ട് സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ കൃത്യമായ ചിട്ടകളും പ്രോട്ടോക്കോളും പാലിച്ചായിരുന്നു സമ്മിറ്റിന്റെ സംഘാടനം.

ഐക്യരാഷ്ട്ര സഭയിലേക്കും ലോകത്തെ സമാധാന, നയതന്ത്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന സംഘടനകളിലേക്കും സ്ഥാനങ്ങളിലേക്കും എത്തിച്ചേരാന്‍ പത്ത് രാഷ്ട്രങ്ങളിലെ പ്രതിഭാശാലികളായ യുവാക്കള്‍ക്കും ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങളും രീതിശാസ്ത്രങ്ങളും അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തടെയായിരുന്നു സമ്മേളനം നടത്തിയത്. കേരളത്തില്‍ ആദ്യമായാണ് ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ, യുഎന്നിന്റെ ഏഴു ഉപസമിതികളില്‍ നടക്കുന്ന ചര്‍ച്ചകളുടെയും പദ്ധതി രൂപീകരണങ്ങളുടെയും മാതൃകകള്‍ യുവാക്കള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഇത്തരം സമ്മേളനം സംഘടിപ്പിക്കപ്പെടുന്നത്.

സമാപന സമ്മിറ്റ് അറബ് ലോകത്തെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അജ്മാന്‍ രാജകുടുംബാംഗവുമായ ഡോ. ശൈഖ് അബ്ദുല്‍ അസീസ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റിയിലെ ഹെര്‍ബല്‍ ഗാല്‍ഡനില്‍ ശൈഖ് സായിദിന്റെ നാമധേയത്തില്‍ ഊദ് തൈ നടുന്ന ചടങ്ങിനും ഡോ. നുഐമി നേതൃത്വം നല്‍കി. കേരള തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പ്രഭാഷണം നടത്തി. ഐക്യരാഷ്ട്ര സഭയുടെ മാതൃകയില്‍ നടത്തിയ ഈ സമ്മിറ്റ് രാജ്യാന്തര തലത്തില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തുമെന്നും മലയാളികളായ യുവപ്രതിഭകളുടെ സമ്മിറ്റിലെ സാന്നിധ്യം ഭാവിലോകത്തെ സമാധാനപ്രക്രിയകള്‍ നിയന്ത്രിക്കുന്നതിലേക്ക് കൂടുതല്‍ പേരെ സംസ്ഥാനത്ത് നിന്ന് എത്തിക്കാന്‍ നിമിത്തമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സമാപന സമ്മിറ്റില്‍ അധ്യക്ഷത വഹിച്ചു.

ശൈഖ് നുഐമിക്കുള്ള ഗ്രീന്‍ അവാര്‍ഡ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും രാജ്യത്തെ പ്രമുഖ നയതന്ത്രജ്ഞനുമായ ദീപക് വോഹ്റ കൈമാറി. ജോഗീന്ദര്‍ സിംഗ്, മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, ഡോ. കെ. അബ്ദുല്‍ ഗനി, അമീന്‍ ഹസന്‍, ഡോ. ഹുസൈന്‍, ശൈഖ് യൂസുഫ് അബ്ദുല്ല അലി ഉബൈദ്, അന്‍വര്‍ സാദത്ത്, ലുഖ്മാന്‍ പാഴൂര്‍, ഫ്ളോറ ഹസന്‍, നിഷാദ് മലബാര്‍, മുനീര്‍ പാണ്ട്യാല, സയ്യിദ് മുഹമ്മദ് നാഷിദ് എന്നിവര്‍ പ്രസംഗിച്ചു. യുണൈറ്റഡ് യൂത്ത് സമ്മിറ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പ്രതിഭകള്‍ക്കുള്ള ഉപഹാരം മന്ത്രി ടി.പി രാമകൃഷ്ണന്‍ സമ്മാനിച്ചു. ഉനൈസ് മുഹമ്മദ് സ്വാഗതവും ജലാല്‍ നുറാനി നന്ദിയും പറഞ്ഞു.