മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൽ റസാഖ് അന്തരിച്ചു

Posted on: October 20, 2018 6:54 am | Last updated: October 20, 2018 at 12:11 pm

കാസർകോട്∙ മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൽ റസാഖ് (63) അന്തരിച്ചു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. പനിയെതുടർന്ന് കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെ ആകസ്മികമായാണ് മരണം.

മുസ്ലിം ലീഗ് ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ്.  2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്നുണ്ട്.2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിൻറെ ജയം. ബിജെപിയിലെ കെ സുരേന്ദ്രനെ 89 വോട്ടുകൾക്കാണ് അദ്ദേഹം തോൽപ്പിച്ചത്.

ബീരാൻ മൊയ്തീൻഹാജി ബീഫാത്തിമ ദമ്പതികളുടെ മകനായി 1955 ഒക്ടോബർ ഒന്നിന് കാസർകോട് ജില്ലയിലെ ചെങ്കളയിൽ ജനനം. ഒമ്പതാം ക്ലാസ് വരെ ഭൗതികവിദ്യാഭ്യാസം. മുസ്ലിം യൂത്ത് ലീഗിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. യൂത്ത് ലീഗ്, മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട്, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ദേശീയ എക്സിക്യൂട്ടീവ് അംഗവും ആണ്. നെല്ലിക്കട്ട പി ബി എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ചെയർമാനുമാണ്.

സഫിയ ആണ് ഭാര്യ. 3 പെൺകുട്ടികളടക്കം നാല് മക്കളുണ്ട്.