പത്തനംതിട്ട: ശബരിമലയില്‍ എത്തിയ യുവതികളെ തടഞ്ഞ 200ഓളം പേര്‍ക്ക് എതിരെ കേസെടുത്തു. സന്നിധാനം പോലീസാണ് കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്ക് എതിരെ കേസെടുത്തത്.
സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് മാര്‍ഗതടസ്സം സൃഷ്ടിക്കുക, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരുക, പോലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിസി ടിവികളില്‍ നിന്ന് തടഞ്ഞവരുടെ ചിത്രങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
അതിനിടെ, ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏര്‍പെടുത്തിയ നിരോധനാജ്ഞ തിങ്കളാഴ്ച നട അടയ്ക്കുന്നത് വരെ നീട്ടി. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളെ കൂടാതെ പ്ലാപ്പള്ളി, തുലാഹള്ളി, ളാഹ എന്നിവിടങ്ങളില്‍ കൂടി നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.