മലകയറാനെത്തിയ സ്ത്രീയെ പോലീസ് ഇടപെട്ട് തിരിച്ചയച്ചു

Posted on: October 19, 2018 12:45 pm | Last updated: October 19, 2018 at 10:49 pm

പത്തനംതിട്ട: ശബരമലയില്‍ ദര്‍ശനം നടത്താന്‍ 46 കാരിയായ സ്ത്രീ പമ്പയിലെത്തി. മാധ്യമപ്രവര്‍ത്തക കൂടിയാണെന്ന് പറഞ്ഞ ഇവര്‍ സന്നിധാനത്ത് പോകുകയാണെന്നും പറഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റിയാണ് മല കയറാനെത്തിയത്. വിദ്യാരംഭത്തിന്റെ ദിവസമായതിനാല്‍ അയ്യപ്പനെ കാണണമെന്നാഗ്രഹിച്ചാണ് വന്നതെന്ന് ഇവര്‍ പറഞ്ഞു. എല്ലാ തരത്തിലുള്ള ആരാധനനാലയങ്ങളിലും പോകാറുണ്ടെന്നും ഒരു ശക്തി തന്നെ നിയന്ത്രിക്കുന്നുണ്ടെന്നും അതിനാലാണ് അയ്യപ്പനെ കാണാനെത്തിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് പോകാന്‍ സുരക്ഷയുടെ ആവശ്യമില്ലെന്നും ഇവര്‍ പറഞ്ഞു. മല കയറുമെന്ന് മേരി സ്വീറ്റി വ്യക്തമാക്കിയതോടെ മലയിറങ്ങി വന്ന ഒരു സംഘമാളുകള്‍ ഇവര്‍ക്ക് ചുറ്റും നിന്ന് ശരണംവിളികള്‍ മുഴക്കി. തുടര്‍ന്ന് പോലീസെത്തി സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ഇവര്‍ മടങ്ങുകയായിരുന്നു.