നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: October 18, 2018 12:07 pm | Last updated: October 18, 2018 at 1:45 pm

നിലക്കല്‍: നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവടക്കമുള്ള ഏഴോളം പേരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ 11.30 ഓടെയാണ് ശരണം വിളികളുമായി ഇവര്‍ എത്തിയത്. ഉടന്‍തന്നെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. വലിയ എതിര്‍പ്പുകളൊന്നും പ്രവര്‍ത്തകരില്‍നിന്നും പോലീസിന് നേരിടേണ്ടിവന്നില്ല. തങ്ങളുടെ പ്രവര്‍ത്തകര്‍ ഇനിയും നിയമലംഘന സമരം നടത്തുമെന്ന് പോലീസ് വാഹനത്തില്‍വെച്ച് പ്രകാശ് ബാബു പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാവിലെ 11ന് മാധ്യമങ്ങളെക്കണ്ട് സംസാരിക്കവെ യുവമോര്‍ച്ചയുടെ 41 പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കാന്‍ ശബരിമലയിലെത്തുമെന്ന് പറഞ്ഞിരുന്നു. ശബരിമല വ്രതം 41 ദിവസമായതുകൊണ്ടും സംഘത്തില്‍ മറ്റാരും നുഴഞ്ഞു കയറാതിരിക്കാനുമാണ് നിരോധനാജ്ഞ ലംഘന സമരക്കാരുടെ എണ്ണം 41 ആക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിറകെ 11.30 ഓടെയാണ് യുവമോര്‍ച്ചക്കാര്‍ നിലക്കലിലെത്തിയത്.