ശബരിമല സ്ത്രീപ്രവേശം: ആര്‍എസ്എസ് നിലപാട് മാറ്റി; സുപ്രീം കോടതി വിധി ആചാരങ്ങള്‍ പരിഗണിക്കാതെയെന്ന്

Posted on: October 18, 2018 11:48 am | Last updated: October 19, 2018 at 12:50 am

നാഗ്പൂര്‍: ശബരിമല സത്രീപ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ആര്‍എസ്എസ്. സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്ത ആര്‍എസ്എസ് ഇപ്പോള്‍ സുപ്രീം കോടതിവിധിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. സുപ്രീം കോടതിയുടേത് ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു. വിജയദശമി ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സസ്ത്രീപ്രവേശനത്തിന് സുപ്രീം കോടതിയെ സമീപിച്ചത് ശബരിമലയുമായി ബന്ധമില്ലാത്തവരാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് സുപ്രീം കോടതി വിധിയെന്നും സന്ദേശത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞു. വിധി പ്രസ്താവിക്കും മുമ്പ് മതനേതാക്കളേയും പുരോഹിതരേയുംവിശ്വാസത്തിലെടുക്കണമായിരുന്നു.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവരണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ശബരിമല സത്രീപ്രവേശന വിധിയെ ആര്‍എസ്എസ് വാര്‍ത്താകുറിപ്പ് ഇറക്കി സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ വിശ്വാസികള്‍ എതിരാകുമെന്ന് കണ്ടാണ് ഇപ്പോള്‍ നിലപാട് മാറ്റിയതെന്നാണ് കരുതുന്നത്.