താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാന്‍ പാര്‍ലിമെന്റ് സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു

Posted on: October 17, 2018 6:57 pm | Last updated: October 17, 2018 at 6:57 pm

കാബൂള്‍: പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അഫ്ഗാനില്‍ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളെയും സ്ഥാനാര്‍ഥികളെയും ലക്ഷ്യമാക്കി ആക്രമണം തുടര്‍ക്കഥയാകുന്നു. ഇന്നലെ ഹെല്‍മന്ദ് പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ ഒരു പാര്‍ലിമെന്റ് സ്ഥാനാര്‍ഥി ഉള്‍പ്പടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഹെല്‍മന്ദ് പ്രവിശ്യയിലെ ഇദ്ദേഹത്തിന്റെ ഓഫീസില്‍ ചെയറിന് അടിയില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. വരുന്ന ശനിയാഴ്ചയാണ് അഫ്ഗാനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

അബ്ദുല്‍ജബ്ബാര്‍ ഖഹ്‌റമാന്‍ എന്ന സ്ഥാനാര്‍ഥിയാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലഷ്‌കര്‍ ഗാഹ് സിറ്റിയിലെ ഇദ്ദേഹത്തിന്റെ ഓഫീസില്‍ തന്നെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ തീവ്രവാദികള്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി താലിബാന്‍ തീവ്രവാദികള്‍ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളെയും പ്രചാരണ റാലികളെയും ലക്ഷ്യമാക്കി നിരവധി തവണ ആക്രമണങ്ങള്‍ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് താലിബാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്രമണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുക്കരുതെന്നും ഇതിനോട് സഹകരിക്കരുതെന്നും താലിബാന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഫ്ഗാനിലെ സ്‌കൂളുകള്‍ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളായി അനുവദിക്കുന്നതിനും താലിബാന്‍ എതിരാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം തങ്ങളുടെ ലക്ഷ്യങ്ങളാകുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം എല്ലാവരും വിട്ടുനില്‍ക്കണമെന്നുമായിരുന്നു താലിബാന്‍ പുറത്തിറക്കിയ പ്രസ്താവനയിലുണ്ടായിരുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊല്ലപ്പെടുന്ന പത്താമത്തെ സ്ഥാനാര്‍ഥിയാണ് ജബ്ബാര്‍. രണ്ട് സ്ഥാനാര്‍ഥികളെ നേരത്തെ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ആക്രമണത്തില്‍ മറ്റു നാല് സ്ഥാനാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. പാര്‍ലിമെന്റിലെ 249 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് നടക്കേണ്ട തിരഞ്ഞെടുപ്പ് വിവിധ കാരണങ്ങളുടെ പേരില്‍ ഇപ്പോള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.