പള്ളിയില്‍ ഖുര്‍ആന്‍ പാരായണത്തിനിടെ നിര്യാതനായി

Posted on: October 17, 2018 10:15 am | Last updated: October 17, 2018 at 5:16 pm

ഷാര്‍ജ: പള്ളിയില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ മലയാളി മരണപ്പെട്ടു. ബേക്കല്‍ പള്ളിപ്പുഴയിലെ മഹ്മൂദ് (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ കിംഗ് ഫൈസല്‍ മസ്ജിദില്‍ (സഊദി പള്ളി) ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെയായിരുന്നു മരണം. മഗ്‌രിബ് നിസ്‌കാരത്തിന് മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ ഉടന്‍ അല്‍ ഖാസിമിയ്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വ്യക്തിജീവിതത്തിലും മറ്റും കൃത്യനിഷ്ഠയുണ്ടായിരുന്ന മഹ്മൂദ്, സൗദി മസ്ജിദിലെ ഖുര്‍ആന്‍ ക്ലാസിലെ പഠിതാവായിരുന്നു. സദാസമയവും പുഞ്ചിരിയോടെ കാണപ്പെടുന്ന മഹ്മൂദ് റോളയിലെയും മറ്റും മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്.
അജ്മാനില്‍ ലേബര്‍ സപ്ലൈ കമ്പനി നടത്തിവരുന്ന ഇദ്ദേഹം നാല് പതിറ്റാണ്ടോളമായി പ്രവാസലോകത്തുണ്ട്. മൂന്നു മാസം മുമ്പാണ് നാട്ടില്‍ പോയി തിരികെവന്നത്.

പരേതരായ പോക്കര്‍ അലി പള്ളിപ്പുഴ-ആമിന ദമ്പതികളുടെ മകനാണ്. ആത്തിഖ കല്ലിങ്കലാണ് ഭാര്യ. മക്കള്‍: അസീമ, മൈമൂന, മുഹ്‌സിന, റഹ്മത്ത്, മുഹിന, ഉനൈസ്. മരുമക്കള്‍: ഇസ്മാഈല്‍ ചിത്താരി, റിയാസ് കുണിയ, മനാഫ് കളനാട്. സഹോദരങ്ങള്‍: മൊയ്തു (അബുദാബി), അബ്ദുര്‍റഹ്മാന്‍, അബ്ബാസ് ഫൈസി, നൗശാദ്.