ഈജിപ്തില്‍ 50 കോടി ഡോളര്‍ മുതല്‍മുടക്കാന്‍ ലുലു ഗ്രൂപ്പ്; എം എ യൂസുഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: October 17, 2018 5:11 pm | Last updated: October 17, 2018 at 5:11 pm

ദുബൈ: മധ്യപൗരസ്ത്യ ഉത്തരാഫ്രിക്ക മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈജിപ്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. പ്രധാനമന്ത്രി ഡോ. മുസ്തഫ മത്ബൂലിയുമായി ലുലു ചെയര്‍മാന്‍ എം എ യൂസുഫലി കെയ്‌റോവില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകര്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുന്നതിനുമുള്ള ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ നയം രാജ്യത്ത് നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് പ്രചോദനമാവുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് ഹൈപ്പര്‍മാര്‍ക്കറ്റുകളും രണ്ട് ലോജിസ്റ്റിക് സെന്ററുകളും ആരംഭിക്കുവാനാണ് പദ്ധതിയെന്ന് യോഗത്തില്‍ യൂസുഫലി പറഞ്ഞു.
നിക്ഷേപകര്‍ നേരിടുന്ന ഏത് പ്രതിബന്ധങ്ങളൂം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മുസ്തഫ മത്ബൂലി കൂടിക്കാഴ്ചക്കിടെ അറിയിച്ചു. ഈജിപ്തില്‍ വിദേശ നിക്ഷേപകര്‍ക്ക് അനുയോജ്യമായ പ്രദേശങ്ങളുടെ വിശദമായ മാപ്പ് സര്‍ക്കാര്‍ തയ്യാറാക്കും. പോര്‍ട്ട് സയിദില്‍ മത്സ്യസംസ്‌കരണ കേന്ദ്രം ആരംഭിക്കുവാന്‍ പ്രധാനമന്ത്രി ലുലുഗ്രൂപ്പിനെ ക്ഷണിച്ചു. ഈജിപ്തില്‍ ഏറ്റവും വലിയ മത്സ്യഫാമുകളുള്ളത് പോര്‍ട്ട് സയിദിലാണ്. ന്യൂ സോഹാജ് സിറ്റിയില്‍ 32 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് പാര്‍പ്പിടകാര്യ മന്ത്രാലയം നിര്‍മിച്ച വാണിജ്യ കേന്ദ്രം 20 ഏക്കര്‍ സ്ഥലം കൂടി കൂട്ടിച്ചേര്‍ത്ത് വിപുലീകരിക്കാന്‍ സാധിക്കും.

ഭക്ഷ്യ വസ്തുക്കളും കാര്‍ഷികോത്പന്നങ്ങളും കയറ്റി അയക്കുന്നതിനുള്ള ലോജിസ്റ്റിക്‌സ് സെന്ററുകള്‍ ഒന്ന് സ്ഥാപിക്കുന്നതിന് ന്യൂ സോഹാജ് സിറ്റിയിലെ വാണിജ്യ കേന്ദ്രം ലുലു ഗ്രൂപ്പിന് പ്രയോജയനപ്പെടുത്താന്‍ കഴിയുമെന്നും പ്രധാനമന്ത്രി യൂസുഫലിയെ അറിയിച്ചു.
6 ഒക്ടോബര്‍ സിറ്റി, ന്യു കെയ്‌റോ, അല്‍ അബൂര്‍ എന്നിവിടങ്ങളില്‍ നാല് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, രണ്ട് ലോജിസ്റ്റിക്‌സ് സെന്ററുകള്‍ തുടങ്ങിയ ആരംഭിക്കുന്നതിനുമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 50 കോടി ഡോളര്‍ ലുലു നിക്ഷേപിക്കുകയെന്ന് യോഗത്തിനുശേഷം മന്ത്രിസഭാ വക്താവ് നാദിര്‍ സാദ് അറിയിച്ചു.

ലോജിസ്റ്റിക് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ നിര്‍ണയിക്കുന്നതിന് സോഹാജ്, അലക്‌സാണ്ട്രിയ, അല്‍ സുഖ്‌ന, ഈസ്റ്റ് പോര്‍ട്ട് സഈദ് തുടങ്ങിയ സ്ഥലങ്ങളില്‍ ലുലു പ്രതിനിധി സംഘം അടുത്തുതന്നെ സന്ദര്‍ക്കാനും യോഗത്തില്‍ ധാരണയായി. അനുയോജ്യമായ സ്ഥലങ്ങള്‍ നിര്‍ണയിച്ചു കഴിഞ്ഞാലുടന്‍ ലോജിസ്റ്റിക് സെന്ററുകളുടെ നിര്‍മാണം ലുലു ഏറ്റെടുത്ത് നടത്തും.
പൊതുവിതരണ – വ്യാപാര മന്ത്രി ഡോ: അലി മെസ്സല്‍ഹി, ഉന്നത മന്ത്രാലയ പ്രതിനിധികള്‍, ലുലു ഈജിപ്ത് ഡയറക്ടര്‍ ജൂസര്‍ രൂപാവാല എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.