ബ്രസീല്‍ അര്‍ജന്റീനാ പോര് ഇന്ന്; വാനോളം ആവേശത്തില്‍ ആരാധകര്‍

Posted on: October 16, 2018 10:39 am | Last updated: October 16, 2018 at 10:39 am

ജിദ്ദ: റഷ്യന്‍ലോക കപ്പില്‍ കാണാന്‍ കൊതിച്ചിരുന്ന ആവേശപ്പോരാട്ടമാാണ് ഇന്ന് ജിദ്ദയിലെ കിംഗ് അബ്ദുല്ലാ് സ്‌പോര്‍ട്‌സ് സിറ്റിയിലെ പ്രധാന സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്നത്. ഫുട്‌ബോള്‍ പ്രേമികളുടെ എക്കാലത്തെയും ഇഷ്ട ടീമുകളായ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ പോരാടുന്നതു കാണാന്‍ കിട്ടിയ അപൂര്‍വ്വ അവസരമായാാണ് ആരാധകര്‍ ഇന്നത്തെ മല്‍സരത്തെ കാണുന്നത്.സഊദിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശക്കൊടുമുടിയിലാണ്. 60,000 കാണികളെ സാക്ഷി നിര്‍ത്തി ഇന്ന് രാത്രി സഊദി സമയം 9 ന് വിസില്‍ മുഴങ്ങും. ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മറടക്കം താര നിര തന്നെ എത്തിയിട്ടുണ്ട്.

ഗബ്രിയേല്‍ ജീസസ്, മെര്‍സലോ, കുട്ടീഞ്ഞോ, അലിസണ്‍ തുടങ്ങിയ മിക്കവരും ജിദ്ദയില്‍ പന്തു തട്ടും. അര്‍ജന്റീനയുടെ മിശിഹ മെസ്സി ഇല്ലാതെയാണ് ടീം കളിക്കുന്നതെങ്കിലും ഡിബാല, ഐകാര്‍ഡി, റോമിറോ, പെരഡസ്, ഒട്ടാമണ്ഡി തുടങ്ങിയ യുവ നിരയാണ് ബ്രസീലിനെ എതിരിടുന്നത്.കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ ഇറാക്കിനെ നാലു ഗോള്‍ മാര്‍ജിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ജിദ്ദക്കു തിരിച്ചത്. ആതിഥേയരായ സഊദി അറേബ്യയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബ്രസീലും മികച്ച ഫോമിലാണ്.ബുധനാഴ്ച തുടങ്ങിയതാണ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റു വില്‍പന. മണിക്കൂറുകള്‍ക്കകം ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. 30 സഊദി റിയാലാണ് ഏറ്റവും കുറഞ്ഞ ഗ്യാലറി ടിക്കറ്റ് നിരക്ക്. ഫാമിലികള്‍ക്ക് പ്രത്യേക സെക്ഷന്‍ ഒരുക്കിയിട്ടുണ്ട്.