Connect with us

Kerala

മൂന്ന് സിറ്റിംഗ് എം പിമാരെ കോണ്‍ഗ്രസ് മാറ്റും

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങും മുമ്പെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളെ കുറിച്ച് ആലോചനകള്‍ തുടങ്ങി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ പി സി സി പ്രസിഡന്റായി ചുമുതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും വേഗം കൂടിയിട്ടുണ്ട്. സിറ്റിംഗ് എം പിമാരില്‍ മൂന്ന് പേരെങ്കിലും മാറുമെന്ന് ഏതാണ്ട് ഉറപ്പാണ്. കൂടുതല്‍ പേരെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണെങ്കിലും ജയസാധ്യത പരിഗണിച്ചാകും ഇക്കാര്യത്തിലെ തീര്‍പ്പ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലം മുതല്‍ പാര്‍ട്ടി ഘടകങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി തീരുമാനമെടുത്തിരുന്നു. ഒരിക്കല്‍ കൂടി അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സിറ്റിംഗ് എം പിമാരെല്ലാം തങ്ങളുടെ മണ്ഡലങ്ങളില്‍ സജീവമാണ്. എ ഐ സി സി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി കോട്ടയത്ത് സ്ഥാനാര്‍ഥിയാകുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും പാര്‍ലിമെന്റിലേക്ക് ഇല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ശശി തരൂര്‍ (തിരുവനന്തപുരം), ആന്റോ ആന്റണി (പത്തനംതിട്ട), കെ സി വേണുഗോപാല്‍ (ആലപ്പുഴ), എം കെ രാഘവന്‍ (കോഴിക്കോട്) എന്നിവരാണ് സിറ്റിംഗ് എം പിമാരില്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പുള്ളവര്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), എം ഐ ഷാനവാസ് (വയനാട്), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര) എന്നിവര്‍ക്ക് ഇത്തവണ സീറ്റ് ഉണ്ടാകില്ല. കെ വി തോമസും (എറണാകുളം) മാറുമെന്നാണ് സൂചനയെങ്കിലും എ ഐ സി സി നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ബി ജെ പി സ്വാധീനം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരത്ത് തരൂരല്ലാതെ മറ്റൊരു പേര് കോണ്‍ഗ്രസ് പരിഗണിക്കുന്നില്ല. എ ഐ സി സി നിര്‍ദേശം അനുസരിച്ച് ശശി തരൂര്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. പ്രൊഫഷനല്‍ കോണ്‍ഗ്രസിന്റെ ചുമതലയുണ്ടെങ്കിലും പരമാവധി ദിവസം ഇനി മണ്ഡലത്തില്‍ ഉണ്ടാകണമെന്നാണ് എ ഐ സി സിയുടെ നിര്‍ദേശം. ആന്റോ ആന്റണിക്കെതിരെ പി ജെ കുര്യന്റെ നേതൃത്വത്തില്‍ കരുനീക്കമുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച പിന്തുണ അദ്ദേഹത്തെ സഹായിക്കും. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരുടെ പട്ടികയില്‍ ഇടംപിടിച്ച കെ സി വേണുഗോപാലിനെതിരെയും മറ്റൊരു പേരും ഉയര്‍ന്നുവരില്ല. കോഴിക്കോട് സീറ്റില്‍ കണ്ണുവെച്ച് നേതാക്കള്‍ കുറെയുണ്ടെങ്കിലും ജയസാധ്യത എം കെ രാഘവനെ തന്നെ തുണക്കും.

മാവേലിക്കരയുടെ കാര്യത്തില്‍ വ്യക്തതക്കുറവുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന ആഗ്രഹം കൊടിക്കുന്നില്‍ സുരേഷിനുണ്ട്. അതിനാല്‍ നിയമസഭയാണ് അദ്ദേഹത്തിന്റെ മനസ്സില്‍. വയനാട്ടില്‍ ഷാനവാസിന് പകരം ടി സിദ്ദീഖിന്റെ പേരിനാണ് മുഖ്യപരിഗണന. ഷാനിമോള്‍ ഉസ്മാന്‍ മുതല്‍ കെ സി അബു വരെയുള്ളവരും നോട്ടമിടുന്നു. വടകരയില്‍ ഇത്തവണ മത്സരം കടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ജെ ഡി യു. എല്‍ ഡി എഫിലേക്ക് മടങ്ങിയതും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ സി പി എം നടത്തിയ മുന്നേറ്റവുമാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. അതിനാല്‍, മുല്ലപ്പള്ളിക്ക് പകരം ശക്തനായൊരാളെയാണ് പാര്‍ട്ടി അന്വേഷിക്കുന്നുത്.

കണ്ണൂരില്‍ മറ്റുപേരുകളൊന്നും ഉയര്‍ന്നില്ലെങ്കില്‍ കെ സുധാകരന്‍ തന്നെയാകും സ്ഥാനാര്‍ഥി. സുധാകരന്റെ പേര് കാസര്‍കോട് സീറ്റിലേക്കും പരിഗണിക്കുന്നു. സുധാകരന്റെ നിലപാട് അനുസരിച്ചാകും ഇക്കാര്യത്തിലെ തീരുമാനം. സതീശന്‍ പാച്ചേനി, എ പി അബ്ദുല്ലക്കുട്ടി തുടങ്ങിയവരെയും വടക്കന്‍ മലബാറിലെ മൂന്ന് സീറ്റുകളിലൊന്നില്‍ പരിഗണിക്കപ്പെട്ടേക്കാം. തൃശൂരില്‍ ടി എന്‍ പ്രതാപനോ വി എം സുധീരനോ സ്ഥാനാര്‍ഥിയാകും. പത്മജ വേണുഗോപാലും രംഗത്തുണ്ടെങ്കിലും ഇത്തവണ സീറ്റ് നല്‍കാനിടയില്ല.

ചാലക്കുടിയില്‍ നിന്ന് കെ ബാബുവോ ബെന്നി ബെഹ്‌നാനോ മത്സരിക്കും. കേസുകള്‍ തീര്‍ന്നാല്‍ പാര്‍ലിമെന്റിലേക്ക് അവസരം നല്‍കാമെന്ന് കെ ബാബുവിനെ എ ഗ്രൂപ്പ് നേതൃത്വം അറിയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നിശ്ശബ്ദനായിരുന്ന ബാബു ബ്രൂവറി വിവാദത്തില്‍ സജീവമായി ഇടപെട്ടത് ഈ സന്ദേശം ലഭിച്ചതിന് ശേഷമാണ്. കഴിഞ്ഞ തവണ മത്സരിച്ച പി സി ചാക്കോക്കും സീറ്റ് ഉണ്ടാകില്ലെന്നാണ് വിവരം. എറണാകുളത്ത് കെ വി തോമസിനെ മാറ്റിയാല്‍ ടോണി ചമ്മിണിയെ പരിഗണിക്കും. ബെന്നി ബെഹ്‌നാന്‍, ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയ പേരുകളും ഈ സീറ്റിലേക്ക് ഉയരുന്നു. ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള കെ വി തോമസ് തന്നെ ഇവിടെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത കൂടുതല്‍.

ഇടുക്കിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ഡീന്‍ കുര്യാക്കോസ് ഇത്തവണ ആ സീറ്റ് വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. സഭയുടെ കൂടി താത്പര്യം പരിഗണിച്ച് ഇടുക്കിയില്‍ നിന്ന് ഒരാളെ കണ്ടെത്താനാണ് ശ്രമം. കേരളാ കോണ്‍ഗ്രസുമായി കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറുന്നതും പരിഗണിക്കുന്നു.

ആലത്തൂരില്‍ കഴിഞ്ഞ തവണ മത്സരിച്ച വി കെ തുളസി തന്നെയാകും സ്ഥാനാര്‍ഥി. പാലക്കാട് സി പി എം. എം ബി രാജേഷിനെ മാറ്റിയാല്‍ കോണ്‍ഗ്രസിന് സാധ്യത കൂടുമെന്നാണ് ഡി സി സിയുടെ വിലയിരുത്തല്‍. ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടെങ്കിലും നിയമസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെന്നത് പാര്‍ട്ടിയെ പിന്നോട്ട് വലിക്കുന്നു.

കൊല്ലത്ത് പ്രേമചന്ദ്രന്‍;
ഉറപ്പിക്കാതെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ആര്‍ എസ് പിക്ക് നല്‍കിയ കൊല്ലം സീറ്റില്‍ സിറ്റിംഗ് എം പി. എന്‍ കെ പ്രേമചന്ദ്രന്‍ തന്നെയാകും സ്ഥാനാര്‍ഥി. എന്നാല്‍, മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തതയില്ല. പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമോയെന്നതിലാണ് ആകാംക്ഷ. നിയമസഭയിലേക്ക് തിരിച്ചുവരാനാണ് കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹമെന്നാണ് ലീഗ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ ഇ ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറി പൊന്നാനിയില്‍ പുതുമുഖത്തിന് അവസരം നല്‍കും. കുഞ്ഞാലിക്കുട്ടി വീണ്ടും മത്സരിക്കുകയാണെങ്കില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ഇത്തവണ ഉണ്ടാകില്ല. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ഇ ടിക്ക് ആഗ്രഹമുണ്ട്.

Latest