ഗുജറാത്ത് വംശഹത്യ കാലത്ത് എന്ത്‌കൊണ്ട് 355 പ്രയോഗിച്ചില്ല?; സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് ഹാമിദ് അന്‍സാരി

Posted on: October 14, 2018 11:26 pm | Last updated: October 14, 2018 at 11:26 pm

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാ വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് മുന്‍ വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരി. 2002ല്‍ വംശഹത്യ നടക്കുമ്പോള്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 355 പ്രയോഗിക്കാതിരുന്നതെന്ന് ഹാമിദ് അന്‍സാരി ചോദിച്ചു.
ക്രമസമാധാന പ്രശ്‌നം നേരിടുന്നതില്‍ സര്‍ക്കാറും പോലീസും പരാജയപ്പെടുമ്പോള്‍ എവിടെയായിരുന്നു ജനാധിപത്യ ഉത്തരവാദിത്വം. അന്നത്തെ പ്രതിരോധ മന്ത്രി സ്ഥലത്തുണ്ടായിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2002ല്‍ സൈനിക ഓപറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ ലെഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷായുടെ ‘ദ സര്‍ക്കാറി മുസല്‍മാന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൂരമായ ആക്രമണം പ്രതിരോധിക്കാന്‍ സുരക്ഷാ സേനക്ക് സൗകര്യങ്ങള്‍ പതുക്കെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഒരുക്കി നല്‍കിയതെന്നാണ് സമീര്‍ ഷാ പുസ്തകത്തില്‍ ആരോപിക്കുന്നത്. കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. അക്രമികള്‍ നിര്‍ബാധം സംഘടിച്ചു. സമാധാന സമിതികള്‍ വിളിച്ചു ചേര്‍ത്തില്ല. പോലീസ് പക്ഷപാതപരമായാണ് പെരുമാറിയതെന്നും പുസ്തകത്തില്‍ പറയുന്നു. പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസുമായി അഹമ്മദാബാദില്‍വെച്ച് സൈനിക നേതൃത്വം കൂടിക്കാഴ്ച നടത്തിയിട്ടും ആവശ്യമായ സൗകര്യങ്ങള്‍ സൈന്യത്തിന് ലഭിച്ചില്ല.

ആ സമയത്തിനിടെ ജനക്കൂട്ടം കൊന്നൊടുക്കിയത് നൂറുകണക്കിന് ആളുകളെയാണെന്നും സമീറുദ്ദീന്‍ ഷാ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈ പുസ്തകവും രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് മൗനം പുലര്‍ത്തുന്നുവെന്ന് അന്‍സാരി വിമര്‍ശിച്ചു.