Connect with us

Gulf

സഊദിയില്‍ ട്രാഫിക് നിയമം പരിഷ്‌കരിച്ചു; വാഹനങ്ങളില്‍ നിന്നും സാധനങ്ങള്‍ പുറത്തേക്ക് എറിഞ്ഞാല്‍ 500 റിയാല്‍ പിഴ

Published

|

Last Updated

ദമ്മാം: വാഹനങ്ങളില്‍ നിന്നും സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്നവര്‍ക്ക് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് സഊദി ട്രാഫിക് അതോറിറ്റി പരിഷ്‌കരിച്ച് ഇന്നു പുറത്തിറക്കിയ നിയമത്തില്‍ പറയുന്നു. മറ്റു വാഹനങ്ങളുടെ സഞ്ചാരത്തിനു പ്രായാസമുണ്ടാക്കുന്ന തരത്തില്‍ വാഹനം പതുക്കെ ഓടിക്കല്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളെ കൂടെ ആരുമില്ലാതെ മുന്‍സീറ്റിലിരുത്തി വാഹനം ഓടിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കും 300 റിയാല്‍ മുതല്‍ 500 റിയാല്‍ പിഴ ഒടുക്കേണ്ടി വരും.

മൊബൈല്‍ ഫോണോ മറ്റെന്തിങ്കിലും ഉപകരങ്ങളോ കയ്യില്‍ പിടിച്ച നിലക്ക് വാഹനം ഓടിച്ചാല്‍ 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ഒടുക്കണം. വ്യക്തമല്ലാത്തതോ,കേടുവന്നതോ ആയ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ 1000 റിയാല്‍ മുതല്‍ 2000 റിയാല്‍ വരെ പിഴ ഈടാക്കും.

ചുവന്ന സിഗ്‌നല്‍ മറികടന്നാല്‍ 3000 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ പിഴ ഒടുക്കണം. സ്‌കൂള്‍ വാഹനങ്ങള്‍ കുട്ടികളെ ഇറക്കുന്നതും കയറ്റുന്നതും ശ്രദ്ധിക്കാതെ വാഹനങ്ങള്‍ മറി കടന്നു പോവുന്നവര്‍ക്കും ഇതേ സംഖ്യ പിഴ നിശ്ചയിച്ചിട്ടുണ്ട്. എതിര്‍ ദിശയിലേക്ക് വാഹനം ഓടിച്ചാലും 3000 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ പിഴ ഒടുക്കണം. വരുത്തി വെച്ച റോഡപകടം മൂലം മരണം സംഭവിക്കുകയോ ഏതെങ്കിലും അവയവം നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ട് ലക്ഷം റിയാല്‍ വരെ പിഴയോ നാല് വര്‍ഷം തടവ് ശിക്ഷയോ ഇവ രണ്ടുമോ ലഭിക്കുമെന്ന്് പുതിയ നിയമം മുന്നറിയിപ്പ് നല്‍കുന്നു.

Latest