നാല് ദിവസത്തെ യു എ ഇ സന്ദര്‍ശനം; മുഖ്യമന്ത്രി 17ന് അബുദാബിയിലെത്തും

Posted on: October 14, 2018 7:18 pm | Last updated: October 14, 2018 at 7:18 pm

അബുദാബി: കേരള പുനഃനിര്‍മാണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17ന് അബുദാബിയിലെത്തും.
രാവിലെ അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി വ്യാപാര പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 18 ന് അബുദാബി ഇന്ത്യ സോഷ്യല്‍ കള്‍ചറല്‍ സെന്ററില്‍ രാത്രി എട്ടിന് നടക്കുന്ന പൊതു പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഈ മാസം 17 മുതല്‍ 20 വരെയാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് യു എ ഇ യിലേക്ക് മുഖ്യമന്ത്രി തന്നെ എത്തുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉള്‍പെടെയുള്ളവരും മുഖ്യമന്ത്രിയോടൊപ്പം എത്തുന്നുണ്ട്.

അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ മൂന്നുദിവസവും കാലത്ത് വ്യവസായ-വാണിജ്യ രംഗങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച നടത്തും. 19-ന് ദുബൈ അല്‍ നാസര്‍ ലഷര്‍ ലാന്‍ഡില്‍ രാത്രി ഒമ്പതിന് മലയാളികളെ അഭിസംബോധന ചെയ്യും. 20ന് വൈകിട്ട് എട്ടിന് ഷാര്‍ജ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

21-ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. യു എ ഇ യില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ നേതൃത്വത്തിലാണ് ബിസിനസ് രംഗത്തെ പ്രമുഖരുമായുള്ള ആലോചനായോഗങ്ങള്‍ നടത്തുന്നത്. കേരളത്തിനായുള്ള സഹായം സ്വരൂപിക്കുന്നതിനൊപ്പം നവകേരള നിര്‍മാണത്തിന് ആവശ്യമായ അഭിപ്രായങ്ങള്‍ തേടുന്നതും യാത്രയുടെ ലക്ഷ്യമാണ്. യു എ ഇയിലെ ലോക കേരളസഭാ അംഗങ്ങളും പരിപാടിയുടെ നടത്തിപ്പിനായി രംഗത്തുണ്ട്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഔദ്യോഗിക കൂടിക്കാഴ്ചകളുണ്ടാകില്ല. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളെ പാടുള്ളൂവെന്ന കേന്ദ്ര നിര്‍ദേശമാണ് കാരണം.