Connect with us

Editorial

മീ ടൂ ക്യാമ്പയിന്‍

Published

|

Last Updated

“മീ ടൂ” ക്യാമ്പയിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ട ലൈംഗികാരോപണങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മീ ടൂ വെളിപ്പെടുത്തലുകള്‍ സിനിമാ രംഗത്തു നിന്ന് മറ്റു മേഖലകളിലേക്കും വ്യാപിക്കുകയും കേന്ദ്ര മന്ത്രി എം ജെ അക്ബറിനെതിരെ ആരോപണം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. നാല് മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘമാണ് പരാതികള്‍ അന്വേഷിക്കുന്നത്. പതിനഞ്ച് വര്‍ഷത്തിനുള്ളിലുള്ള പരാതികളെല്ലാം ഉന്നയിക്കണമെന്നും പരാതിയുമായി മുന്നോട്ടുപോകാനുദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള എല്ലാ വഴികളും തുറന്നു കിടപ്പുണ്ടെന്നും അന്വേഷണ തീരുമാനം വെളിപ്പെടുത്തിയ കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മേനകാ ഗാന്ധി അറിയിച്ചു.
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വീന്‍സ്റ്റീനെതിരെ 2016ല്‍ നടി അലീസിയ മിലാനോ തുടങ്ങിവെച്ച ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട തുറന്നു പറച്ചില്‍ ഇപ്പോള്‍ ബോളിവുഡും മോളിവുഡും കടന്ന് മാധ്യമ, രാഷ്ട്രീയ മേഖലകളിലേക്കും പടര്‍ന്നിരിക്കുകയാണ്. സാഹിത്യ മേഖലയും മാധ്യമലോകവുമെല്ലാം ആദരവോടെ കണ്ട പല വന്‍ മരങ്ങളും മീ ടൂ കാറ്റില്‍ കടപുഴകിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ എം ജെ അക്ബറിന് പുറമേ പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജി, എഴുത്തുകാരായ ചേതന്‍ ഭഗത്, കിരണ്‍ നഗാര്‍ക്കര്‍, വരുണ്‍ ഗ്രോവര്‍, ബോളിവുഡ് നടന്‍ നാനാ പടേക്കര്‍, സിനിമാ നിര്‍മാതാവ് ഗൗരവ് രംഗ് ദോഷി, മാധ്യമ പ്രവര്‍ത്തകരായ പ്രശാന്ത് ഝാ, കെ ആര്‍ ശ്രീനിവാസന്‍, ഗൗതം അധികാരി, പ്രമുഖ മലയാള സിനിമാ നടന്‍ മുകേഷ്, ഗാനരചയിതാവ് വൈരമുത്തു തുടങ്ങി നിരവധി പ്രമുഖര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
വിദേശ വനിതയടക്കം ഒട്ടേറെ മാധ്യമപ്രവര്‍ത്തകരും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകളും രംഗത്തു വന്നതോടെ എം ജെ അക്ബറിനെതിരായ ആരോപണം സര്‍ക്കാറിനും ബി ജെ പിക്കും കടുത്ത തലവേദനയായിരിക്കുകയാണ്.

പാര്‍ട്ടിക്കകത്ത് തന്നെ അദ്ദേഹത്തിന്റെ രാജിക്കു വേണ്ടിയുള്ള ആവശ്യം ശക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ മന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളും അതിന്മേലുള്ള ചര്‍ച്ചകളും പാര്‍ട്ടിക്കും സര്‍ക്കാറിനും തിരിച്ചടിയായേക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. നൈജീരിയയിലെ ലാഗോസിലാണ് മന്ത്രിയുള്ളത്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംബന്ധിക്കാന്‍ പോയ അദ്ദേഹത്തോട് യാത്ര റദ്ദാക്കി ഉടന്‍ തിരിച്ചെത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തിരിച്ചെത്തും. മന്ത്രിമാരായ സ്മൃതി ഇറാനി, മേനകാ ഗാന്ധി, ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി തുടങ്ങിയവര്‍ അക്ബറിനെതിരെ രംഗത്തു വന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. മന്ത്രി തിരിച്ചെത്തുന്നതോടെ രാജി ആവശ്യപ്പെടുമെന്ന അഭ്യൂഹം രാഷ്ട്രീയ മേഖലയില്‍ ശക്തമാണ്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിട്ടുമുണ്ട്.

മീ ടൂ ക്യാമ്പയിനില്‍ ആരോപണ വിധേയരായ മിക്ക പേരും ആരോപണം നിഷേധിച്ചിരിക്കെ സ്ത്രീകളുടെ വെളിപ്പെടുത്തലുകളില്‍ എത്രത്തോളം വസ്തുതയുണ്ടെന്നത് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്. പലതും വാസ്തവമായിരിക്കാം. ബ്ലാക്ക് മെയില്‍ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളുമുണ്ടാകാം. ഹണി ട്രാപ്പില്‍ കുരുക്കി ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ തേജോവധം ചെയ്യാനുള്ള ശ്രമത്തിന് ഈയിടെ കേരളം സാക്ഷ്യം വഹിച്ചതാണ്. സ്വമേധയാ വഴങ്ങിക്കൊടുത്ത ശേഷം പരസ്പരം അസ്വാരസ്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ ബലാത്സംഗമായി ആരോപിക്കുന്ന പ്രവണതയും സാധാരണമാണ്. എങ്കിലും കേന്ദ്ര മന്ത്രി മേനകാ ഗാന്ധി അഭിപ്രായപ്പെട്ടത് പോലെ സിനിമാ ലോകത്തും മാധ്യമലോകത്തും രാഷ്ട്രീയരംഗത്തും കമ്പനികളിലുമൊക്കെ സ്ത്രീ പീഡനങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. ഇരകള്‍ പരസ്യമായി പ്രതികരിച്ചു തുടങ്ങിയത് അടുത്ത കാലത്താണെന്നു മാത്രം.

ലൈംഗിക പീഡനം തൊഴിലിടങ്ങളിലെ ഒരു ഗുരുതര പ്രശ്‌നമായി മാറിയിട്ടുണ്ട്. മാന്യതയും സദാചാര നിഷ്ഠയുമുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു തൊഴില്‍ മേഖലയും ഇന്ന് അഭികാമ്യമല്ലാതായിരിക്കുകയാണ്. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ബി ബി സി റേഡിയോ നടത്തിയ സര്‍വേയനുസരിച്ച് ബ്രിട്ടനിലെ സ്ത്രീകളില്‍ അമ്പത് ശതമാനവും തൊഴിലിടങ്ങളില്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നോ വകുപ്പ് മേധാവികളില്‍ നിന്നോ മോശം അനുഭവം ഉണ്ടാകാത്ത സ്ത്രീകള്‍ വിരളമാണ്. ശല്യം സഹിക്കവയ്യാതെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ പത്ത് ശതമാനം. ആസ്‌ത്രേലിയയില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്നിലൊന്ന് പേര്‍ തൊഴില്‍ മേഖലകളില്‍ ലൈംഗിക ചൂഷണത്തിന് വിധേയരായതായി കണ്ടെത്തി. 2012ലെ സര്‍വേ അനുസരിച്ച് അഞ്ചില്‍ ഒരാള്‍ക്ക് എന്ന തോതിലായിരുന്നു ചൂഷണങ്ങള്‍ നേരിടേണ്ടി വന്നത്. ഇന്ത്യയിലും തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം വര്‍ധിച്ചിട്ടുണ്ട്. വിനോദ വ്യവസായ മേഖലയിലാണ് ഇത് കൂടുതലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറയുന്നു.

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അടുത്തിടപഴകല്‍, മോശമായ വസ്ത്രധാരണം, പാര്‍ട്ടികളിലെ പങ്കാളിത്തം തുടങ്ങി സാഹചര്യങ്ങളാണ് പലപ്പോഴും പുരുഷന്മാരില്‍ അധമ വികാരങ്ങളുണര്‍ത്തുന്നതും മോശം പെരുമാറ്റത്തിനു പ്രേരിപ്പിക്കുന്നതും. സ്ത്രീകള്‍ കുഴപ്പത്തില്‍ ചാടുന്നതിന്റെ ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്ന് നടി മംമ്ത മോഹന്‍ദാസ് പ്രതികരിക്കാനിടയാക്കിയതിന്റെ സാഹചര്യവുമിതാണ്. നിശ്ശബ്ദത വെടിഞ്ഞ് ഇരകള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞതു കൊണ്ട് ഇതിനറുതി വരുത്താനാകില്ല. ഇടപഴകലില്‍ സ്ത്രീകളുടെ ഭാഗത്ത് കടുത്ത നിയന്ത്രണവും സൂക്ഷ്മതയും ആവശ്യമാണ്.

Latest