മീ ടു ക്യാമ്പയിനില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി എംജെ അക്ബര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി; മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്ന് സൂചന

Posted on: October 14, 2018 9:37 am | Last updated: October 14, 2018 at 7:56 pm

ന്യൂഡല്‍ഹി: മീ ടു ക്യാമ്പയിനിലൂടെ ലൈംഗിക പീഡനാരോപണ വിധേയനായ വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ വിദേശത്തുനിന്നും ഇന്ന് രാവിലെയോടെ ഡല്‍ഹിയില്‍ തിരിച്ചെത്തി. തനിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് പിന്നീട് പ്രതികരിക്കാമെന്ന് തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു. ലൈംഗിക പീഡന ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിയോട് വിദേശപര്യടനം വെട്ടിക്കുറച്ച് നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഒരു മാധ്യമപ്രവര്‍ത്തകയാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ മന്ത്രിക്കെതിരെ ലൈംഗിക ആരോപണവുായി ആദ്യം രംഗത്തുവന്നത്. തുടര്‍ന്ന് നിരവധി പേര്‍ മന്ത്രിയില്‍നിന്നും സമാനമായ അനുഭവമുണ്ടായതായി ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഇതില്‍ ഭൂരിഭാഗവും മാധ്യമരംഗത്തുപ്രവര്‍ത്തിക്കുന്നവരായിരുന്നു. ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തല്ത്തില്‍ മന്ത്രിയോട് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രധാമന്ത്രിയുടേതാകും. അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍്ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്.